വംശീയ വിവേചനം നേരിട്ടു; നിർമാതാക്കൾ വഞ്ചിച്ചു -സാമുവൽ
text_fieldsസുഡാനി ഫ്രം നൈജീരിയ ചിത്രത്തിന്‍റെ നിർമാതാക്കൾക്കെതിരെ നൈജീരിയൻ നടൻ സാമുവൽ റോബിൻസൺ. മലയാളത്തിലെ പുതുമുഖ നടൻമാർക്ക് നൽകുന്നതിനേക്കാൾ തുച്ഛമായ പ്രതിഫലമാണ് നിർമാതാക്കൾ തനിക്ക് നൽകിയതെന്നും ഇത് വംശീയ വിവേചനമാണെന്നും സാമുവൽ ഫേസ്ബുക്കിലൂടെ ആരോപിച്ചു.
സിനിമ വിജയിച്ചാൽ കൂടുതൽ പണം നൽകാമെന്നായിരുന്നു നിർമാതാക്കളുടെ വാഗ്ദാനം. ഇത് അവർ പാലിച്ചില്ല. കറുത്ത വർഗക്കാരനായ മറ്റൊരു നടന് ഇത് പോലുള്ള അനുഭവം ഉണ്ടാകരുത്. ഇന്ത്യയിലെ മറ്റു നടന്മാരെ അപേക്ഷിച്ച് തുച്ഛമായ പ്രതിഫലമാണ് സുഡാനി ഫ്രം നൈജീരിയയിലെ അഭിനയത്തിന് ലഭിച്ചത്. മറ്റ് യുവനടന്മാരെ കണ്ട് പ്രതിഫലത്തുകയെ കുറിച്ച് സംസാരിച്ചപ്പോഴാണ് വിവേചനം മനസ്സിലായതെന്നും സാമുവൽ പറയുന്നു.
കറുത്ത വർഗക്കാരനായത് കൊണ്ടും ആഫ്രിക്കൻ വംശജന് പണത്തിന്‍റെ മൂല്യം അറിയില്ല എന്ന തെറ്റിദ്ധാരണ കൊണ്ടുമാണ് ഈ വിവേചനം എന്നാണ് മനസ്സിലാക്കുന്നത്. സംവിധായകൻ സക്കരിയ്യ തന്നെ സഹായിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും നടന്നില്ല. നൈജീരിയയിൽ തിരിച്ചെത്തിയിട്ടും വാഗ്ദാനം പാലിച്ചില്ല. സിനിമ പൂർത്തിയാക്കാനും പ്രചാരണത്തിനും തന്നെ ഉപയോഗിക്കാനുള്ള തന്ത്രം ആയിരുന്നു ഇതെന്നാണ് മനസ്സിലാക്കുന്നതെന്നും അദ്ദേഹം കുറിച്ചു.
ആദ്യ ഫേസ്ബുക്ക് കുറിപ്പിന് പ്രതികരണവുമായി മലയാളികൾ രംഗത്തെത്തിയതോടെ സാമുവൽ വീണ്ടും വിശദീകരണ കുറിപ്പ് പോസ്റ്റ് ചെയ്തു. കേരളത്തിലെ ജനങ്ങള്‍ തന്നോട് വംശീയ വിവേചനം കാണിച്ചു എന്നല്ല താന്‍ ഉദ്ദേശിച്ചത്. പ്രതിഫലക്കാര്യത്തില്‍ വംശീയ വിവേചനം നേരിടേണ്ടിവന്നു. കേരള സംസ്കാരവും ബിരിയാണിയും ഏറെ ഇഷ്ടപ്പെട്ടെന്നും സാമുവല്‍ രണ്ടാം കുറിപ്പിൽ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
