മലയാളത്തിലെ രണ്ടാം ഒ.ടി.ടി റിലീസ്; മികച്ച അഭിപ്രായം നേടി വിപിൻ ആറ്റ്ലിയുടെ മ്യൂസിക്കൻ ചെയർ
text_fieldsസൂഫിയും സുജാതയും എന്ന ചിത്രത്തിന് ശേഷം ഒ.ടി.ടി റിലീസായി എത്തിയ മലയാള ചിത്രമാണ് മ്യൂസിക്കൽ ചെയർ. ഹോംലി മീൽസ്, ബെൻ, വട്ടമേശ സമ്മേളനം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിപിൻ ആറ്റ്ലിയാണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ഉറക്കത്തിൽ ഹൃദയാഘാതം വന്ന് മരിച്ചു പോകുമെന്ന, മാര്ട്ടിന് എന്ന എഴുത്തുകാരെൻറ പേടിയിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. മരണം സംഭവിച്ചേക്കാവുന്ന ആരോഗ്യ പ്രശ്നങ്ങളുള്ള ആളാണ് മാർട്ടിൻ. മരണഭയത്താൽ അവൻ അനുഭവിക്കുന്ന ആത്മസംഘർഷങ്ങളിലൂടെയാണ് മ്യൂസിക്കൽ ചെയർ മുന്നോട്ട് നീങ്ങുന്നത്.
സ്പൈറോഗിറയുടെ ബാനറിൽ അലൻ രാജൻ മാത്യു ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. മെയിൻ സ്ട്രീം ടിവി എന്ന ആപ്പിലൂടെയാണ് സിനിമ റിലീസ് ചെയ്തിരിക്കുന്നത്. 40 രൂപ നൽകിയാൽ ആപ്പിലൂടെ സിനിമ കാണാൻ സാധിക്കും.
ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. എന്നാൽ ജൂലൈ അഞ്ചിന് ഒ.ടി.ടി റിലീസായതിന് പിന്നാലെ ചിത്രത്തിെൻറ വ്യാജപതിപ്പ് നവമാധ്യമങ്ങളിലൂടെ പ്രചരിച്ചു. ടെലഗ്രാം, വാട്സ്ആപ്പ്, യൂട്യൂബ് എന്നിവ വഴിയാണ് പ്രചരിച്ചത്. വ്യാജപതിപ്പ് അപ്ലോഡ് ചെയ്തവർക്കെതിരെയും ഷെയര്‍ ചെയ്തവര്‍ക്കെതിരെയും ക്രിമിനല്‍ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. ഐടി ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണവും തുടങ്ങിയിട്ടുണ്ട്. നിർമാതാവായ അലന് രാജന് മാത്യു സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റക്ക് നല്കിയ പരാതിയെത്തുടര്‍ന്നാണ് നടപടി.
