മന്ദാകിനിയല്ല; ഇനി മറിയം വന്ന് വിളക്കൂതി VIDEO
text_fieldsജെനിത് കാച്ചപ്പിള്ളി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം മന്ദാകിനിയുടെ പേര് മാറ്റി. ആസിഫ് അലി നായകനായ മന്ദാരം, സുഡാനിയിലെ ഉമ്മമാർ പ്രധാന വേഷത്തിലെത്തിയ ഡാകിനി, എന്നീ സിനിമകളുടെ പേരുമായി പ്രേക്ഷകർക്കുണ്ടായ കൺഫ്യൂഷൻ പരിഹരിക്കാനാണ് പുതിയ പേരുമായി എത്തുന്നത്. ‘മറിയം വന്ന് വിളക്കൂതി’ എന്ന വ്യത്യസ്ത പേര് സിനിമക്ക് ഇട്ടതായി അണിയറ പ്രവർത്തകർ വ്യത്യസ്തമായി തന്നെയാണ് പ്രേക്ഷകരെ അറിയിച്ചിരിക്കുന്നത്.
ഒരു വീഡിയോയിലൂടെ മാറ്റത്തിനുള്ള കാരണം രസകരമായി അവതരിപ്പിച്ചിരിക്കുകയാണ് ജെനിതും സംഘവും. ഫഹദ് ഫാസിലാണ് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. പ്രേമം എന്ന ചിത്രത്തിന് ശേഷം സിജു വിൽസൺ, കൃഷ്ണ ശങ്കർ, ശബരീഷ് വർമ, അൽത്താഫ് സലിം എന്നിവർ ഒരുമിക്കുന്ന ചിത്രത്തിൽ ബൈജു, ബേസിൽ ജോസഫ്, സേതു ലക്ഷ്മി എന്നിവരും പ്രധാന വേഷത്തിലുണ്ട്.
രാജേഷ് അഗസ്റ്റിനാണ് ചിത്രം നിർമിക്കുന്നത്. ഇതിഹാസയുടെ ക്യാമറാമാനായിരുന്ന സിനോജ് പി അയ്യപ്പൻ ആണ് ഛായാഗ്രഹണം. ആർട് ഡയറക്ടർ മനു ജഗത്. ആമേൻ, അങ്കമാലി ഡയറീസ് എന്നിവയുടെ മ്യൂസിക് ഡയറക്ടർ പ്രശാന്ത് പിള്ള സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നു.
