കുഞ്ഞാലിമരക്കാരെ വികലമായി ചിത്രീകരിക്കുന്നു; സിനിമക്കെതിരെ മരക്കാർ കുടുംബം
text_fieldsപയ്യോളി: ധീരദേശാഭിമാനിയും സാമൂതിരി രാജാവിന്‍റെ പടത്തലവനുമായിരുന്ന കുഞ്ഞാലിമരക്കാരുടെ ജീവിതകഥ ആസ്പദമാക്കി പ്രിയദർശൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമായ 'മരക്കാർ അറബിക്കടലിന്‍റെ സിംഹ'ത്തിനെതിരെ മരക്കാർ കുടുംബാംഗങ്ങൾ. സിനിമയുടെ പ്രദർശനം വിലക്കണമെന്നാവശ്യപ്പെട്ട് കുടുംബാംഗങ്ങൾ ഹൈകോടതിയിൽ ഹരജി നൽകി.
കുഞ്ഞാലിമരക്കാരായി നടൻ മോഹൻലാൽ വേഷമിടുന്ന ചിത്രത്തിൽ മരക്കാരുടെ തലപ്പാവിന് താഴെ നെറ്റിയിൽ ഗണപതിയുടെ ചിഹ്നം പതിച്ചത് ചരിത്ര യാഥാർഥ്യങ്ങളെ വളച്ചൊടിച്ചതാണെന്നും, തികഞ്ഞ സൂഫിവര്യനും ഇസ്ലാമിക വിശ്വാസിയുമായ മരക്കാർ ഒരിക്കലും ഹൈന്ദവ വിശ്വാസവുമായി ബന്ധപ്പെട്ട ആഭരണങ്ങൾ ധരിച്ചിട്ടില്ലെന്നും ഹരജിയിൽ പറയുന്നു.
സിനിമയുടെ പരസ്യങ്ങളും മറ്റും ഇതിനകം കണ്ടതിലൂടെ കെട്ടിച്ചമച്ച കഥയാണ് സിനിമയാക്കിയതെന്ന് സംശയിക്കുന്നു. വിവാഹം പോലും കഴിക്കാത്ത മരക്കാറിനെ പ്രണയ നായകനാക്കി ചരിത്രത്തെ വികലമാക്കുകയാണ് ചിത്രത്തിൽ ചെയ്യുന്നത്. ചരിത്ര യാഥാർഥ്യങ്ങൾക്ക് നിരക്കാത്ത രീതിയിൽ സിനിമ പുറത്തിറങ്ങുന്നത് തെറ്റിദ്ധാരണയും മരക്കാർ വംശത്തിൽപ്പെട്ട ആയിരത്തിലധികം കുടുംബങ്ങൾക്ക് മനോവേദനയും ഉണ്ടാക്കുന്നതാണെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.
മരക്കാർ വംശപരമ്പരയിൽപെട്ട കൊയിലാണ്ടി നടുവത്തൂർ ഫലസ്തീൻഹൗസിൽ മുഫീദ അറഫാത്ത് മരക്കാർ ആണ് ഹരജി നൽകിയത്. നേരത്തെ, സെൻസർ ബോർഡിന് പരാതി നൽകിയെങ്കിലും തള്ളിയിരുന്നു.
ഹൈകോടതി മാർച്ച് നാലിന് ഹരജി വീണ്ടും പരിഗണിക്കും. ചൈനീസ് ഉൾപ്പടെ നാല് ഭാഷകളിൽ നിർമിക്കുന്ന 'മരക്കാർ അറബിക്കടലിന്‍റെ സിംഹം' മാർച്ച് 26ന് റിലീസ് ചെയ്യുമെന്നാണ് അണിയറക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
