പ്രാർഥനകളോടെ ആമിയാകുന്നു -മഞ്ജു
text_fieldsകമല സുരയ്യയുടെ ജീവിതത്തെ ആസ്പദമാക്കി നിർമിക്കുന്ന ‘ആമി’ സിനിമയുടെ ഷൂട്ടിങ് തുടങ്ങി. കമൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മഞ്ജുവാണ് ആമിയാകുന്നത്. ആമിയുടെ ഫസ്റ്റ് ലുക് പോസ്റ്റർ മഞ്ജു ഫേസ്ബുക്കിലൂടെ ഷെയർ ചെയ്തു.
ആമിയാകുന്നു...ഹൃദയത്തിൽ, സ്വപ്നങ്ങളിൽ ഇന്നും ഭ്രമിപ്പിക്കുന്ന മയൂരത്തിനു മുന്നിൽ.. ഒരു നീർമാതളം നടുന്നു. ഭാവനക്കും യാഥാർഥ്യത്തിനുമിടയിലെവിടെയോ ആണ് മാധവിക്കുട്ടി പൂത്തു നിന്നത്. എളുപ്പമല്ല ആ പരകായപ്രവേശം. അതുല്യപ്രതിഭയായ കമൽ സാർ എന്ന ഗുരുസ്ഥാനീയൻ വഴികാട്ടട്ടെ. ഈ നിമിഷം അറിയാനാകുന്നുണ്ട്, മാധവിക്കുട്ടിയുടെ മാന്ത്രിക ഗന്ധം. അക്ഷരങ്ങളെ നൃത്തം ചെയ്യിച്ച വിരലുകൾ വാത്സല്യത്തിന്റെ തണുപ്പോടെ മൂർദ്ധാവിൽ തൊടുന്നു. ഞാൻ ശിരസ്സു നമിക്കുന്നു, പ്രണമിക്കുന്നു... പ്രാർഥനകളോടെ ആമിയാകുന്നു എന്നും മഞ്ജു ഫേസ്ബുക്കിൽ കുറിച്ചു.
പുന്നയൂർക്കുളത്തെ നീർമാതളച്ചുവട്ടിൽ നിന്നാണ് ഷൂട്ടിങ് ആരംഭിച്ചത്. വിദ്യാബാലൻ പിന്മാറിയശേഷം മാധവിക്കുട്ടിയായി അഭിനയിക്കാൻ എഴുത്തുകാരികളും സിനിമാനടിമാരുമടക്കം നിരവധി പേർ സന്നദ്ധത അറിയിച്ചെങ്കിലും നറുക്ക് വീണത് മഞ്ജുവിനാണ്.