വ്രതാനുഷ്ഠാനത്തിെൻറ പുണ്യം നിറഞ്ഞ നാളുകൾ. പക്ഷേ, ലോകം ഭീതിയുടെ നിഴലിൽ നിശ്ചലമാണ്. പ്രാർഥനയോടെ നോമ്പുകാലം ആചരിക്കുകയാണ്. എെൻറ മനസ്സിൽ പഴയകാല നോമ്പനുഭവങ്ങൾ നിറയുന്നു. വൈകീട്ടുള്ള പള്ളിയിൽ പോവൽ, നാട്ടുകാരും സുഹൃത്തുക്കളുമൊക്കെ പങ്കെടുക്കുന്ന ഇഫ്താർ വിരുന്നുകൾ... ഓർമകളിൽ എങ്ങും നോമ്പുകാലത്തിെൻറ ത്രില്ലാണ്. ഇത്തവണ എല്ലാം വീട്ടിൽതന്നെ.
ലോക് ഇല്ലാതെ ചിത്രരചന
ഈ ലോക്ഡൗൺ കാലം പെയിൻറിങ്ങുകൾക്കുവേണ്ടി മാറ്റിെവച്ചതാണ്. 21 ലോക്ഡൗൺ ദിനങ്ങൾ, 21 പെയിൻറിങ്ങുകൾ. ലോക് ഡൗൺ ദിനങ്ങൾ വർധിച്ചതോടെ ചിത്രങ്ങളും കൂടി. പെയിൻറും മറ്റും നേരത്തേ വാങ്ങിവെക്കാൻ തോന്നിയത് ഭാഗ്യം. 50 ദിവസം വരക്കാനുള്ള സാമഗ്രികൾ കൈവശമുണ്ട്.

റിയലിസ്റ്റിക് ചിത്രങ്ങൾ വരക്കാനാണ് എനിക്കിഷ്ടം. രാവിലെ ആരംഭിക്കുന്ന പെയിൻറിങ് തീരുമ്പോൾ രാത്രിയാകും. വാട്ടർ കളർ, അക്രിലിക്, ഓയിൽ പെയിൻറ് എന്നിവയിലാണ് വര. തൽക്കാലം സോഷ്യൽ മീഡിയകളിലൂടെ മാർക്കറ്റ് ചെയ്യാനാണ് ഉദ്ദേശ്യം. ദുബൈ പോലുള്ള സ്ഥലത്ത് എക്സിബിഷൻ ചെയ്താൽ മാത്രമേ ഗുണമുള്ളൂ. ഇവിടെ പൈസ മുടക്കി ആൾക്കാരെ പെയിൻറിങ് കാണിക്കാം എന്നേയുള്ളൂ.
വീട്ടിൽ ഭിത്തികളിൽ പെയിൻറിങ് വെക്കുന്ന ശീലം ഇവിടെ അധികമില്ല. പെയിൻറിങ്ങുകൾ സോഷ്യൽ മീഡിയ വഴി സുഹൃത്തുക്കൾക്ക് അയച്ചുകൊടുക്കാറുണ്ട്. അവരത് ഷെയർ ചെയ്യുന്നു, അഭിപ്രായംപറയുന്നു. അതാണ് ചിത്രരചനക്ക് ഊർജം. മോഹൻലാൽ, കെ.എസ്. ചിത്ര, ജയറാം, ജയസൂര്യ തുടങ്ങിയവരെല്ലാം വിളിച്ച് അഭിനന്ദനം അറിയിക്കുന്നുണ്ട്.
ലോക്ഡൗൺ കഴിഞ്ഞ് കോട്ടയം നസീർ പെയിൻറിങ് എന്നപേരിൽ അമ്പതോളം ചിത്രങ്ങൾ െവച്ച് ബുക്ക് ഇറക്കണം എന്നുണ്ട്. കറുകച്ചാൽ എ.പി ആർട്സിൽനിന്നാണ് ഞാൻ ചിത്രകല പഠിച്ചത്, 30 വർഷം മുമ്പ്.

കുടുംബത്തിെൻറ പ്രോത്സാഹനം
അമ്മ ഫാത്തിമ, ഭാര്യ ഹസീന നസീർ, മക്കൾ മുഹമ്മദ് നിഹാൽ, മുഹമ്മദ് നൗഫൽ എന്നിവരോടൊപ്പമാണ് കോട്ടയം കറുകച്ചാലിൽ താമസം. നിഹാൽ കാനഡയിൽ റോബോട്ടിക് എൻജിനീയറിങ്ങിന് പഠിക്കുന്നു. നൗഫൽ 10ാം ക്ലാസ് കഴിഞ്ഞ് നിൽക്കുന്നു. മകൻ കാനഡയിൽ കൂട്ടുകാരുമൊത്ത് ക്വാറൻറീനിൽ ആയതിെൻറ ആശങ്കയും ഒരു ഭാഗത്തുണ്ട്.
എല്ലാവരും ലോക്ഡൗണിൽ കഴിയുമ്പോൾ കോട്ടയം നസീറിെൻറ പെയിൻറിങ്ങുകൾക്ക് ലോക്കില്ല. നാദിർഷാ പറഞ്ഞതുപോലെ, ‘ലോക്ഡൗൺ വന്നതുതന്നെ നിനക്കുവേണ്ടിയാണ്. നിനക്ക് ചിത്രങ്ങൾ വരക്കാൻ വേണ്ടി.’’
കോട്ടയം നസീർ വരച്ച ചിത്രങ്ങൾ കാണാം








