You are here
മൂത്തോൻ ഒരുക്കിയത് 20 വർഷം മുമ്പ് ആത്മഹത്യ ചെയ്ത ഗേ സുഹൃത്തിനുവേണ്ടി -ഗീതു മോഹൻദാസ്
കൊച്ചി: സ്വവർഗ പ്രണയം വിഷയമാക്കിയ മൂത്തോൻ എന്ന സിനിമ ചെയ്തത് 20 വർഷം മുമ്പ് ആത്മഹത്യ ചെയ്ത ഉറ്റ സുഹൃത്തും ഗേയുമായ മൈക്കിളിനുവേണ്ടിയാണെന്ന് സംവിധായിക ഗീതു മോഹൻദാസ്. ‘‘മൈക്കിൾ ഭയപ്പെടുകയും നിശ്ശബ്ദനാക്കപ്പെടുകയുമായിരുന്നു. അവനുവേണ്ടി ഒന്നും ചെയ്യാനായില്ലെന്ന കുറ്റബോധം തന്നെ വേട്ടയാടിയിരുന്നു. അവനുവേണ്ടിയുള്ള ശബ്ദമാണ് മൂത്തോൻ. നിങ്ങൾക്ക് ഓരോരുത്തർക്കും വേണ്ടിയുള്ള ചിത്രമാണിത്’’ മുന്നിലിരിക്കുന്ന എൽ.ജി.ബി.ടി.ക്യു വിഭാഗത്തെ അഭിസംബോധന ചെയ്യവെ ഗീതുവിെൻറ വാക്കുകളിടറുകയും കണ്ണുനിറയുകയും ചെയ്തു.
ക്വീർ പ്രൈഡ് മാർച്ചിന് ശേഷമുള്ള സമ്മേളനത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അവർ. ‘ഇത് മാറ്റത്തിനുള്ള സമയമാണ്. ക്വീർ പ്രൈഡ് മാർച്ച് ഇനി അടുത്തവർഷം നടത്താനായി കാത്തിരിക്കേണ്ട, ഈ വർഷം തന്നെ നമുക്ക് കഴിയുന്നത് ചെയ്യണം. സിനിമയെന്ന മാധ്യമത്തിലൂടെ ഈ സമൂഹത്തിനുവേണ്ടി ചെയ്യാനാവുന്നത് താനും ചെയ്യും- ഗീതു മോഹൻദാസ് കൂട്ടിച്ചേർത്തു. ക്വീർ ആക്ടിവിസ്റ്റ് ഫൈസൽ ഫൈസു ഉദ്ഘാടനം ചെയ്തു. ട്രാൻസ്ജെൻഡർ ബോർഡ് അംഗം ശീതൾ ശ്യാം മുഖ്യപ്രഭാഷണം നടത്തി. നസീമ അധ്യക്ഷതവഹിച്ചു. രഞ്ജിനി ഹരിദാസ്, വിജയ രാജമല്ലിക, ഗാർഗി ഹരിതകം, ചിഞ്ചു അശ്വതി, രേഷ്മ ഭരദ്വാജ് എന്നിവർ സംസാരിച്ചു.