പ്രേമത്തിലെ ജോർജ് ആവേണ്ടിയിരുന്നത് ദുൽഖർ; വെളിപ്പെടുത്തലുമായി അൽഫോൻസ് പുത്രൻ
text_fieldsകൊച്ചി: മലയാള സിനിമയിലെ ബോക്സ്ഓഫീസ് റെക്കോർഡുകൾ പഴങ്കഥയാക്കി ചരിത്രം സൃഷ്ടിച്ച സിനിമയായിരുന്നു പ്രേമം. നിവിൻ പോളിയെ നായകനാക്കി അൻവർ റഷീദിൻെറ നിർമാണത്തിൽ അല്‍ഫോൻസ് പുത്രന് ഒരുക്കിയ ചിത്രം ആന്ധ്രയിലും തമിഴ്നാട്ടിലുമടക്കം തരംഗമായിരുന്നു. നിവിൻ പോളിക്ക് കരിയർ ബ്രേക്ക് നൽകിയ പ്രേമത്തിനെ കുറിച്ച് ആർക്കുമറിയാത്ത ഒരു രഹസ്യം പുറത്തുവിട്ടിരിക്കുകയാണ് സംവിധായകൻ അൽഫോൻസ് പുത്രൻ.
യുവ സൂപ്പർതാരം ദുല്‍ഖര്‍ സല്മാന് ആയിരുന്നു യഥാര്‍ത്ഥത്തില്‍ സിനിമയില്‍ അഭിനയിക്കേണ്ടിയിരുന്നുതെന്ന് അൽഫോൻസ് പറഞ്ഞു. ഫിലിം കമ്പാനിയന് വേണ്ടി ഭരദ്വാജ് രംഗന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം അത് വെളിപ്പെടുത്തിയത്. താനും നിര്‍മ്മാതാവ് അന്‍വര്‍ റഷീദും ദുല്‍ഖറിനെ കാസ്റ്റ് ചെയ്യാന്‍ ആയിരുന്നു തുടക്കത്തിൽ തീരുമാനിച്ചത്. എന്നാല്‍ പിന്നീട് നിവിനുമായുള്ള എൻെറ അടുപ്പം വെച്ച് അവനെ തന്നെ നായകനാക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
കാളിദാസ് ജയറാമുമൊത്ത് പുതിയ ചിത്രം മുമ്പ് പ്രഖ്യാപിച്ചിരുന്നെങ്കിലും അത് നടൻെറ തിരക്കുകൾ കാരണം ഉപേക്ഷിച്ചതായി അൽഫോൻസ് പറഞ്ഞു. മമ്മൂട്ടിയെയും തമിഴ് നടൻ അരുൺ വിജയ്യേും പ്രധാന കഥാപാത്രങ്ങളാക്കി തമിഴിൽ ഒരുക്കാൻ ഉദ്ദേശിച്ച മറ്റൊരു ചിത്രവും ബജറ്റുമായി ബന്ധപ്പെട്ട പ്രതിസന്ധി കാരണം ഉപേക്ഷിച്ചതായി അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു. തൻെറ അടുത്ത ചിത്രവും പ്രേമം പോലെ സംഗീതത്തിന് പ്രധാന്യം നൽകിയുള്ളതായിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
