അപേക്ഷിക്കുന്നു; സോളോയെ കൊല്ലരുത് -ദുൽഖർ
text_fieldsദുൽഖറിന്‍റെ പുതിയ ചിത്രം സോളോക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. എന്നാൽ തിയറ്ററുകളിൽ ചിത്രം ഇപ്പോഴും ഹൗസ് ഫുൾ ആയി തന്നെയാണ് ഒാടിക്കൊണ്ടിരിക്കുന്നത്. അതിനിടെ സംവിധായകൻ ബിജോയ് നമ്പ്യാർ അറിയാതെ അണിയറപ്രവർത്തകർ ചിത്രത്തിന്‍റെ ക്ലൈമാക്സ് മാറ്റുകയും ചെയ്തു. ഇത് വിവാദമായി.
ചിത്രത്തെ ക്രൂശിക്കുന്നതിനെയും ഇത്തരം ചിത്രങ്ങളിൽ ദുൽഖർ അഭിനയിക്കരുതെന്നും പറഞ്ഞ് ആരാധകർ സാമൂഹ്യ മാധ്യമങ്ങളിൽ പ്രതികരിച്ചപ്പോൾ മറുപടിയുമായി ഡിക്യു തന്നെ രംഗത്തെത്തി. അപേക്ഷയാണ് സോളോയെ കൊല്ലരുതെന്ന തലക്കെട്ടിൽ അദ്ദേഹം ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് ചിത്രത്തെ കുറിച്ചും തന്‍റെ സിനിമകളുടെ തെരഞ്ഞെടുപ്പിനെ കുറിച്ചും വാചാലനാകുന്നത്.
സിനിമ കണ്ടതിന് ശേഷം പ്രതികരിക്കാമെന്നാണ് കരുതിയത്. ഇന്നാണ് ചിത്രം കാണാനായത്. വിചാരിച്ചതിനേക്കാൾ മികച്ച രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ ഒരോ സീനും ഇഷ്ടപ്പെട്ടു. വ്യത്യസ്ത ചിത്രങ്ങൾ ചെയ്യണമെന്നതിനാലാണ് സോളോ പോലുള്ള സിനിമകളിൽ താനഭിനയിക്കുന്നത്. സോളോ ഒരിക്കലും ചാർളി, ബാംഗ്ലൂർ ഡെയ്സ് പോലെയുള്ള ചിത്രമല്ല. അതിനാൽ കൂടിയാണ് താൻ ഈ ചിത്രത്തിൽ അഭിനയിച്ചതെന്നും ദുൽഖർ പറഞ്ഞു.
കറുത്ത ഹാസ്യം(Black Humor) പലപ്പോഴും മനസിലാക്കാൻ ബുദ്ധിമുട്ടാണ്. എന്ന് കരുതി നിരന്തരം ചിത്രത്തെ കുറിച്ച് മോശം പ്രചാരണങ്ങൾ നടത്തുന്നത് ഞങ്ങളുടെ ഹൃദയം തകർക്കുന്നു. അത് കൊണ്ട് തന്നെ സോളോയെ കൊല്ലരുതെന്ന് അപേക്ഷിക്കുകയാണ്. തുറന്ന മനസോടെ കണ്ടാൽ ചിത്രം നിങ്ങൾക്കിഷ്ടമാകും. താൻ ബിജോയ് നമ്പ്യാരോടൊപ്പം നിൽക്കുന്നു. അദ്ദേഹത്തിന്‍റെ ആവിഷ്കാരത്തിൽ കൈകടത്തലുകൾ നടത്തുന്നതും ആ ചിത്രത്തെ കൊല്ലുന്നതിന് തുല്യമാണെന്നും പറഞ്ഞ് ദുൽഖർ കുറിപ്പ് അവസാനിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
