‘ഉറുമി’ക്ക് ശേഷം പുതിയ ചിത്രവുമായി സന്തോഷ് ശിവൻ

15:01 PM
10/09/2018
santhosh-sivan

2011ൽ റിലീസായ 'ഉറുമി' എന്ന ഹിസ്റ്റോറിക് ത്രില്ലറിനു ശേഷം പുതിയ മലയാള ചിത്രവുമായി ലോകോത്തര ഛായാഗ്രാഹകൻ സന്തോഷ് ശിവൻ എത്തുകയാണ്. സന്തോഷ് ശിവൻ തന്നെ ക്യാമറയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ മഞ്ജു വാരിയരും കാളിദാസ് ജയറാമും സൗബിൻ ഷാഹിറുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നെടുമുടി വേണു, അജു വർഗീസ്, സുരാജ് വെഞ്ഞാറമൂട്, രമേശ് പിഷാരടി തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിലുണ്ട്. ദുബൈയിലുള്ള ലെൻസ്മാൻ സ്റ്റുഡിയോസിന്‍റെ സഹകരണത്തോടെയാണ് സന്തോഷ്‌ ശിവൻ ഈ ചിത്രം ഒരുക്കുന്നത്. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രം ഒക്ടോബർ 20ന് ആലപ്പുഴ ഹരിപ്പാടിൽ ചിത്രീകരണം ആരംഭിക്കും. കേരളത്തിലെ പല ഭാഗങ്ങളെക്കൂടാതെ ലണ്ടനും ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷനാണ്. 

സന്തോഷ് ശിവനും മഞ്ജു വാരിയരും ഒന്നിക്കുന്ന ആദ്യ ചിത്രം എന്ന നിലയിൽ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷിക്കാവുന്നതാണ് പുതിയ ചിത്രം. ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന മുഴുനീള എന്‍റർടെയിനറായിരിക്കും ചിത്രമെന്നാണ് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്. ഹോളിവുഡിലെയും ബോളിവുഡിലെയും പ്രശസ്തരായ സാങ്കേതിക വിദഗ്ധർ ഉൾപ്പെടെയുള്ള വലിയൊരു ടീമാണ് ഇതിനു വേണ്ടി സന്തോഷ് ശിവന്‍റെയൊപ്പം അണിനിരക്കുന്നത്.

വിദേശ ചിത്രങ്ങളുടെ തിരക്കിലായിരുന്ന സന്തോഷ് ശിവൻ, മലയാളത്തിൽ സംവിധാനം ചെയ്യാൻ പദ്ധതിയിട്ടിട്ടുള്ള 'കുഞ്ഞാലി മരയ്ക്കാർ' എന്ന ബിഗ്ബഡ്ജറ്റ് ചിത്രത്തിനു മുൻപ് ഇത് ചെയ്തു തീർക്കാനാണ് ആലോചന. 'അനന്തഭദ്രം' (2005), 'ഉറുമി' (2011) എന്നീ സിനിമകളുടെ സാങ്കേതിക പരിപൂർണ്ണതയെക്കുറിച്ച് സമൂഹ മാധ്യമങ്ങളിലും മറ്റും ഇന്നും ചർച്ചകൾ നടക്കുകയാണ്. അവയൊക്കെ പ്രേക്ഷകരിൽ ഉണ്ടാക്കിയ ചലനം വളരെ വലുതാണ്.

ജീത്തു ജോസഫിന്‍റെ പുതിയ ചിത്രത്തിൽ നായക വേഷത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന കാളിദാസ് ജയറാമിനെ സംബന്ധിച്ച് തനിക്ക് കിട്ടാവുന്ന ഏറ്റവും മികച്ച കഥാപാത്രമാണ് സന്തോഷ് ശിവൻ ചിത്രത്തിലേത്. ആഷിക് അബുവിന്‍റെ 'വൈറസ്' ഉൾപ്പെടെ ഒരു പിടി ഗംഭീര ചിത്രങ്ങൾ തന്‍റെ കരിയർ ബാഗിലുണ്ടെങ്കിലും ഒരു സന്തോഷ് ശിവൻ ചിത്രത്തിന്‌ എത്രത്തോളം ലോകശ്രദ്ധ കിട്ടുമെന്നതും കാളിദാസിന് ഏറെ അഭിമാനിക്കാവുന്ന ഒന്നാണ്. മഞ്ജു വാരിയരോടും കാളിദാസ് ജയറാമിനോടൊമൊപ്പം ഏറെ ശ്രദ്ധേയമായ വേഷമാണ് സൗബിൻ ഷാഹിർ ചെയ്യുന്നത്. സൗബിന്‍റെ കരിയർ ബെസ്റ്റ് തന്നെയാകും സന്തോഷ് ശിവൻ ചിത്രം.

ചിത്രത്തിലെ അണിയറ പ്രവർത്തകരുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇതുവരെയും പുറത്തു വിട്ടിട്ടില്ല. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'മണിരത്നം-സന്തോഷ് ശിവൻ' കൂട്ടുകെട്ടിലെ ചിത്രമായ 'ചെക്ക ചിവന്ത വാനം' റിലീസിന് (സെപ്റ്റംബർ 28) ശേഷം പുതിയ മലയാള ചിത്രത്തെ കുറിച്ചുള്ള മറ്റ് വിശേഷങ്ങൾ വെളിപ്പെടുമെന്ന് പി.ആർ.ഒ എ.എസ് ദിനേശ് വ്യക്തമാക്കി. 

Loading...
COMMENTS