Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightരണ്ടാം ഭാഗമില്ലാതെ...

രണ്ടാം ഭാഗമില്ലാതെ സച്ചി മടങ്ങി

text_fields
bookmark_border
രണ്ടാം ഭാഗമില്ലാതെ സച്ചി മടങ്ങി
cancel

ണ്ടു മാസത്തിനുള്ളിൽ രണ്ട്​ ഹിറ്റുകൾ. അതിലൊന്ന്​ സൂപ്പർ ഹിറ്റ്​...  കോവിഡ്​ വന്ന്​ വാതിലുകൾ അടച്ചില്ലായിരുന്നെങ്കിൽ ഇപ്പോഴും തിയറ്ററിൽ ഉണ്ടാകുമായിരുന്ന ചിത്രത്തി​​​െൻറ സംവിധായകൻ. മലയാള സിനിമക്ക്​ ഏറെ പ്രതീക്ഷ നൽകിയ കെ.ആർ. സച്ചിദാനന്ദൻ എന്ന സച്ചിയുടെ തികച്ചും അകാലത്തിലെ വിടവാങ്ങൽ വിശ്വസിക്കാനാവാതെ തരിച്ചിരിക്കുകയാണ്​ സിനിമ ലോകം. 

പത്ത്​ സിനിമകൾക്ക്​ തിരക്കഥ എഴുതുകയും രണ്ട്​ സിനിമകൾ സംവിധാനം ചെയ്യുകയുമുണ്ടായെങ്കിലും ‘അയ്യപ്പനും കോശിയും’ എന്ന സിനിമയുടെ സംവിധായകൻ എന്ന പേരിലാണ്​ സച്ചി ആഘോഷിക്കപ്പെട്ടത്​. അയ്യപ്പനും കോശിയും ശരി​ക്കുമൊരു ആഘോഷമായിരുന്നു. മൂന്നു മണിക്കൂർ അഞ്ച്​ മിനിട്ട്​ നീണ്ടുപോയി സിനിമയെന്ന്​ തോന്നിപ്പിക്കാതെ പ്രേക്ഷകനെ സീറ്റിൽ പിരിമുറുക്കത്തോടെ പിടിച്ചിരുത്തിയ ത്രസിപ്പിക്കുന്ന സിനിമ. ബിജു മേനോ​​​െൻറയും പൃഥ്വിരാജി​​​െൻറയും അഭിനയ ജീവിതത്തിലെ അവിസ്​മരണീയ കഥാപാത്രങ്ങളാക്കി അയ്യപ്പനെയും കോശിയെയും മാറ്റിയത്​ സച്ചിയുടെ എഴുത്തി​​​െൻറയും സംവിധാനത്തി​​​െൻറയും മികവു തന്നെയായിരുന്നു. 2019 ഡിസംബറിൽ പൃഥ്വിരാജി​നെയും സുരാജ്​ വെഞ്ഞാറമൂടിനെയും നായകരാക്കി ഹിറ്റായ  ‘ഡ്രൈവിങ്​ ലൈസൻസ്​’ എന്ന സിനിമയുടെ സ്​ക്രിപ്​റ്റും സച്ചിയായിരുന്നു. 

'അയ്യപ്പനും കോശിയും' ചിത്രീകരണത്തിനിടെ രഞ്ജിത്ത്, പൃഥ്വിരാജ്, സച്ചി എന്നിവർ
 

ഇതുവരെ സിനിമയിൽ കാര്യമായി അടയാളപ്പെടുത്താത്ത അട്ടപ്പാടിയുടെയും ആനക്കട്ടിയുടെയും പശ്​ചാത്തലത്തിലായിരുന്നു സച്ചി  അയ്യപ്പ​​​െൻറയും കോശിയുടെയും ആണട്ടഹാസങ്ങളുടെ കഥ പറഞ്ഞത്​. ​ഇക്കഴിഞ്ഞ ഫെബ്രുവരി ഏഴിന്​ റിലീസ്​ ചെയ്​ത ചിത്രം തിയറ്ററുകളിൽ നിറഞ്ഞോടുന്നതിനിടെയാണ്​ കോവിഡ്​ വന്നത്​. പക്ഷേ, ആ കുറഞ്ഞ ദിവസത്തിനുള്ളിൽ ത​ന്നെ ആറ്​ കോടി മുടക്കിയെടുത്ത ചിത്രം 60 കോടി കലക്​റ്റ്​ ചെയ്​തുകഴിഞ്ഞിരുന്നു. 

മലയാളത്തിലെ കച്ചവട സിനിമയുടെ വഴിയിലൂടെയായിരുന്നു സച്ചിയുടെ സഞ്ചാരം. 2007ൽ പൃഥ്വിരാജ്​ നായകനായ ‘ചോക്ലേറ്റ്​’ എന്ന സിനിമയിലൂടെയായിരുന്നു സച്ചിയുടെ തുടക്കം. സേതുനാഥ്​ എന്ന സേതുവിനൊപ്പം ‘സച്ചി സേതു’ എന്ന ​കൂട്ടുകെട്ടിലാണ്​ ഷാഫി സംവിധാനം ചെയ്​ത ആ സിനിമയുടെ തിരക്കഥ പിറന്നത്​. പൃഥ്വിരാജും നരൈനും ജയസൂര്യയും പ്രധാന വേഷങ്ങളിട്ട്​ ​ജോഷി സംവിധാനം ചെയ്​ത ‘റോബിൻഹുഡ്​’, ഷാഫി സംവിധാനം ചെയ്​ത ജയറാം ചിത്രം ‘മേക്കപ്​ മാൻ’, വൈശാഖ്​ സംവിധാനം ചെയ്​ത ‘സീനിയേഴ്​സ്​’, മമ്മൂട്ടി നായകനായി സോഹൻ സീനുലാൽ സംവിധാനം ചെയ്​ത ‘ഡബിൾസ്​’ എന്നീ സിനിമകൾ സച്ചി - സേതു കൂട്ടുകെട്ടിൽ തിയറ്ററുകളിലെത്തി.

2012ൽ മോഹൻലാൽ നായകനായ ‘റൺ ബേബി റൺ’ എന്ന ചിത്രത്തിലൂടെയായിരുന്നു സച്ചി സ്വതന്ത്ര തിരക്കഥാകൃത്തായത്​. ഷാജൂൺ കാര്യാൽ സംവിധാനം ചെയ്​ത ‘ചേട്ടായീസ്​’, അരുൺ ഗോപി സംവിധാനം ചെയ്​ത ദിലീപ്​ ചിത്രം ‘രാമലീല’, ഷാഫിയുടെ ‘ഷെർലക്​ ടോംസ്​’, ജീൻപോൾ ലാലി​​​െൻറ ‘ഡ്രൈവിങ്​ ​ലൈസൻസ്​’ എന്നീ സിനിമകൾക്ക്​  സ്വതന്ത്രമായി തിരക്കയൊരുക്കി.

'അനാർക്കലി' ചിത്രീകരണത്തിനിടെ സച്ചിയും പൃഥ്വിരാജും
 

ലക്ഷദ്വീപി​​​െൻറ പശ്​ചാത്തലത്തിൽ പൃഥ്വിരാജിനെയും ബിജു​ മേനോനെയും മുഖ്യ കഥാപാത്രങ്ങളാക്കിയ ‘അനാർക്കലി’ എന്ന സിനിമയിലൂടെ ആദ്യമായി സച്ചി സംവിധായകനായി. ആദ്യ ചിത്രത്തിൽ തന്നെ തൻറെ മുദ്ര പതിപ്പിക്കാൻ അനാർക്കലിയിലൂടെ സച്ചിക്കായി. 

അഞ്ചു വർഷത്തിനു ശേഷം വീണ്ടും സംവിധാനത്തിനിറങ്ങുമ്പേഴേക്കും തിരശീലയുടെ മർമമറിഞ്ഞ സംവിധായകനായി അദ്ദേഹം മാറിക്കഴിഞ്ഞിരുന്നു. പ്രേക്ഷകനെ ഒരു നിമിഷം പോലും മുഷിപ്പിക്കാതെ അട്ടപ്പാടിയുടെ വനഭംഗിയും ആദിവാസി ജീവിതത്തി​​​െൻറ നെരിപ്പോടുകളും ന്യായാന്യായങ്ങളുടെ പോരാട്ടവും ആദിവാസി സംഗീതത്തിൻറെ അകമ്പടിയിൽ സച്ചി മനോഹരമായി അവതരിപ്പിച്ചു. നഞ്ചിയമ്മ എന്ന ആദിവാസി ഗോത്ര ഗായികയുടെ പാട്ട്​ ആ ചിത്രത്തി​​​െൻറ ഹൈ​ലൈറ്റാക്കിയത്​ സച്ചിയിലെ സംവിധായക​​​െൻറ സാമർഥ്യമായിരുന്നു. അതിവിദഗ്​ധമായി മെനഞ്ഞെടുത്ത തിരക്കഥ തന്നെയായിരുന്നു ആ സിനിമയുടെ വിജയം.

നിയമത്തി​​​െൻറ വഴിയിൽ നിന്നാണ്​ സിനിമയിലേക്ക്​ സച്ചി കയറിവന്നത്​. കൊടുങ്ങല്ലൂരിൽ ജനിച്ചുവളർന്ന സച്ചി മാല്യങ്കര എസ്​.എൻ.എം കോളജിൽനിന്ന്​ ബി.കോം ബിരുദം നേടി. എറണാകുളം ഗവ. ലോ കോളജിൽനിന്ന്​ എൽ.എൽ.ബി പൂർത്തിയാക്കിയ ശേഷം എട്ടു വർഷക്കാലം ക്രിമിനൽ അഭിഭാഷകനായി പ്രാക്​ടീസ്​ ചെയ്​തതുമാണ്​. അതിനു ശേഷമായിരുന്നു സിനിമയിലേക്കുള്ള ചുവടുമാറ്റം. കോളേജ് പഠനകാലത്ത് തന്നെ ഫിലിം സൊസൈറ്റിയിലും നാടകത്തിലും സജീവമായിരുന്നു, നിരവധി നാടകങ്ങളും സച്ചി സംവിധാനം ചെയ്തു.

'റൺ ബേബി റൺ' ചിത്രീകരണത്തിനിടെ
 

മെല്ലെ തുടങ്ങിയ തൻറെ കരിയറി​​​െൻറ ഉന്നതിയിലേക്ക്​ കയറിക്കൊണ്ടിരിക്കെ തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു സച്ചിയുടെ വേർപാട്​. ഏറെനാളായി അലട്ടിയിരുന്ന ഇടുപ്പെല്ല്​ മാറ്റിവെക്കലിനായി വടക്കാ​ഞ്ചേരിയിലെ ആശുപത്രിയിൽ ​ശസ്​ത്രക്രിയക്കു വിധേയനായപ്പോൾ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. അബോധാവസ്​ഥയിലായി സച്ചിയെ പിന്നീട്​ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വ​​െൻറിലേറ്ററിലേക്ക്​ മാറ്റി. അതോടെ ചലച്ചിത്ര പ്രേമികളും സുഹൃത്തുക്കളും ബന്ധുക്കളും പ്രാർത്ഥനയിലായിരുന്നു. ആശുപത്രിപ്രവേശത്തി​​​െൻറ രണ്ടാം ഭാഗത്തിൽ സച്ചി മടങ്ങിവരുമെന്നായിരുന്നു എല്ലാവരുടെയും പ്രതീക്ഷ. 

ഒരു രണ്ടാം ഭാഗത്തി​​​െൻറ സാധ്യതകളോടെയായിരുന്നു ‘അയ്യപ്പനും കോശിയും’ അവസാനിച്ചത്​. ആ പ്രതീക്ഷകൾ അവസാനിപ്പിച്ച്​ ജീവിതത്തിൽനിന്ന്​ രണ്ടാം ഭാഗമില്ലാതെ സച്ചി മടങ്ങി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:movie newsSachydirector sachy
News Summary - director sachy passed away -movie news
Next Story