ദിലീപിന്​ ജയിൽ ചെലവുകൾക്കായി​ 200 രൂപ അയച്ചു

20:22 PM
17/07/2017
dileep-actress-attack

ആലുവ: നടി ആക്രമിക്കപ്പെട്ട കേസിൽ ആലുവ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന് ജയിലിലെ ചെലവുകള്‍ക്കായി 200 രൂപ മണിയോഡര്‍ അയച്ചു. സഹോദരന്‍ അനൂപാണ് ജയിൽ വിലവസത്തിൽ പണം മണിയോഡറായി അയച്ചത്. 

ബന്ധുക്കളേയും വക്കീലിനേയും മറ്റും ജയിലില്‍ നിന്ന് ഫോണ്‍ ചെയ്യാന്‍ വേണ്ടിയാണ് ഈ തുക ഉപയോഗിക്കാന്‍ കഴിയുക. ആഴ്ചയില്‍ മൂന്ന് തവണ വരെ ഫോണ്‍ ചെയ്യാന്‍ അനുവദിക്കുന്നുണ്ട്. മൂന്ന് നമ്പറുകളിലേക്ക്​ മാത്രമാണ് വിളിക്കാന്‍ സാധിക്കുക. ഈ നമ്പറുകള്‍ ജയില്‍ സൂപ്രണ്ടിന് നേരത്തെ തന്നെ നല്‍കണം.
 തടവുകാര്‍ക്ക് ജയിലില്‍ 800 രൂപ സര്‍ക്കാര്‍ കാൻറീന്‍ അലവന്‍സ് അനുവദിക്കുന്നുണ്ട്. എന്നാല്‍ ദിലീപിന്​ ഇൗ തുക ലഭിക്കില്ല. അതിനാലാണ്​ ദിലീപി​​​െൻറ ചെലവുകള്‍ക്കായി 200 രൂപ മണിയോഡറായി നല്‍കിയത്. 

ദിലീപിനെ സന്ദര്‍ശിക്കാന്‍ ജയിലിലെത്തിയ സഹോദരനോട് തുക മണിയോഡറായി അയക്കാന്‍ അധികൃതർ നിര്‍ദേശിക്കുകയായിരുന്നു. രാവിലെ പത്ത് മണിയോടെയാണ് ദിലീപിനെ ബന്ധുക്കള്‍ ജയിലിലെത്തി സന്ദര്‍ശിച്ചത്. സഹോദരന്‍ അനൂപ്, ബന്ധുക്കളായ വെട്ടിങ്ക സുനില്‍, സുരാജ് എന്നിവരാണ് ദിലീപിനെ കണ്ടത്. 
ദിലീപുമായി സംസാരിക്കാന്‍ ജയില്‍ അധികൃതര്‍ പത്ത് മിനിറ്റ് അനുവദിച്ചു. കുടുംബ കാര്യങ്ങളും കേസ് സംബന്ധിച്ച വിവരങ്ങളും സംസാരിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. റിമാൻറിലായ ദിലീപിന് ഒരാഴ്ചക്ക് ശേഷമാണ് ബന്ധുക്കളുമായി കൂടിക്കാഴ്ചക്ക് അവസരം ലഭിച്ചത്.

COMMENTS