ദിലീപിന് ജയിലില്‍ ലഭിച്ച അനർഹ പരിഗണനകൾ അന്വേഷിക്കണമെന്ന് വീണ്ടും ഹരജി
text_fieldsകൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ പ്രതി നടൻ ദിലീപിന് ആലുവ സബ്ജയിലില്‍ ലഭിച്ച നിയമവിരുദ്ധ പരിഗണനകളെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വീണ്ടും ഹൈകോടതിയിൽ ഹരജി. നേരേത്ത ഹരജി നൽകിയ തൃശൂര്‍ സ്വദേശി എം. മനീഷയാണ് ഇതും നൽകിയിരിക്കുന്നത്. ദിലീപിനെ എതിർകക്ഷിയാക്കാതെ നൽകിയ ഹരജിയുടെ സാധുത കോടതി ചൂണ്ടിക്കാട്ടിയപ്പോഴാണ് നേരേത്ത ഹരജി പിൻവലിച്ചത്. സംസ്ഥാന സര്‍ക്കാര്‍, ഡി.ജി.പി, എറണാകുളം ജില്ല പൊലീസ് മേധാവി, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രിസണ്‍സ്, ജയിൽ സൂപ്രണ്ട് എന്നിവർക്ക് പുറമെ ഇത്തവണ ദിലീപിനെയും എതിർകക്ഷിയാക്കിയാണ് ഹരജി നൽകിയിരിക്കുന്നത്.
നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണിനും മെമ്മറി കാര്‍ഡിനും വേണ്ടി പൊലീസ് അന്വേഷിക്കുന്ന സമയത്ത് റിമാന്‍ഡിലായിരുന്ന ദിലീപിനുവേണ്ടി ജയില്‍ സൂപ്രണ്ട് ബാബുരാജും ഉദ്യോഗസ്ഥരും ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ചെന്ന് ഹരജിയിൽ ആരോപിക്കുന്നു. ഓണം അവധി ദിനത്തില്‍പോലും ജയറാം അടക്കമുള്ള സിനിമമേഖലയിലെ പ്രമുഖര്‍ക്ക് സന്ദര്‍ശനാനുമതി നല്‍കിയത് സൂപ്രണ്ടിെൻറ ഭാഗത്തുനിന്നുള്ള ഗുരുതര കൃത്യവിലോപമാണ്.
കേസില്‍ പ്രതിയോ സാക്ഷിയോ ആകാന്‍ സാധ്യതയുണ്ടായിരുന്ന കാവ്യ മാധവന്, നാദിര്‍ഷാ എന്നിവര്‍ സന്ദർശിച്ച ദിവസം സി.സി ടി.വി കാമറ പ്രവര്‍ത്തിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കണം. ജയിലില്‍ എത്തിയ ഗണേഷ്കുമാര് എം.എൽ.എ ഒന്നര മണിക്കൂറോളം ദിലീപുമായി സംസാരിച്ചു. ദിലീപിെൻറ സെല്ലിന് സമീപം വരെ അദ്ദേഹെമത്തി. സിനിമമേഖലയിലുള്ളവര്‍ അദ്ദേഹത്തിന് പിന്തുണ നൽകണമെന്ന് ഗണേഷ് പ്രഖ്യാപിച്ചത് ഇതിനുശേഷമാണ്. ഇക്കാര്യം അന്വേഷിക്കണമെന്നും ഇതുസംബന്ധിച്ച് താൻ നൽകിയ നിവേദനം പരിഗണിച്ച് നടപടിയെടുക്കാൻ ഉത്തരവിടണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
