ചൊവ്വാഴ്ച അവാര്‍ഡ് ആഘോഷം; ബാലതാരത്തിന് ബുധനാഴ്ച പരീക്ഷച്ചൂട്
text_fields
വൈപ്പിന്‍: തിങ്കളാഴ്ച മികച്ച ബാലതാരത്തിനുളള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ എടവനക്കാട് സ്വദേശി ചേതന്‍ ജയലാല്‍ ബുധനാഴ്ച പരീക്ഷാ ചൂടിലായിരുന്നു. എടവനക്കാട് എസ്.ഡി.പി.വൈ കെ.പി.എം ഹൈസ്കൂള്‍ 10ാം തരം വിദ്യാര്‍ഥിയായ ചേതന് ശരിക്കും അവാര്‍ഡ് ആസ്വദിക്കാനുള്ള സമയം കിട്ടിയില്ല. അതിനിടയിലാണ് എസ്.എസ്.എല്‍.സി പരീക്ഷാരംഭം. ബുധനാഴ്ച ഉച്ചക്ക് ആദ്യദിനത്തില്‍ സംസ്കൃതമായിരുന്നു പരീക്ഷ. നന്നായി എഴുതിയതായി ഈ ബാലതാരം പ്രതികരിച്ചു. കലക്കൊപ്പം പഠനത്തിലും മികവ് പുലര്‍ത്തുന്ന ചേതന്‍ മികച്ച വിജയപ്രതീക്ഷയിലാണ്. വരുംദിനങ്ങളിലെ പരീക്ഷകളെ കുറിച്ച് അല്‍പം ആശങ്ക ഇല്ലാതില്ല.
2013ല്‍ പുറത്തിറങ്ങിയ ബാച്ലര്‍ പാര്‍ട്ടിയാണ് ചേതന്‍െറ ആദ്യ ചിത്രം. ബ്ളാക്ക് ഫോറസ്റ്റ്, എ.ബി.സി.ഡി, ഒഴിമുറി, വിക്രമാദിത്യന്‍, ചാര്‍ളി, ഒപ്പം തുടങ്ങിയ 23 സിനിമകളില്‍ അഭിനയിച്ചു. നാട്ടിലെ കലാപരിപാടികളില്‍ ചേതന്‍െറ മികവ് കണ്ടാണ് നാട്ടുകാരനും അസിസ്റ്റന്‍റ് ഡയറക്ടറുമായ ജോമോന്‍ അവസരമൊരുക്കുന്നത്. അഞ്ചു സുന്ദരികള്‍ എന്ന ചിത്രത്തിലെ അഭിനയം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. ഈ ചിത്രത്തിലെ അഭിനയത്തിന് പുരസ്കാരം പ്രതീക്ഷിച്ചിരുന്നതുമാണ്.
നിരവധി ഹ്രസ്വചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. ലാസ്റ്റ് ബ്ളൂ ഡ്രോപ്പ് എന്ന ഹ്രസ്വചിത്രത്തിലെ അഭിനയത്തിന് 2013ല്‍ ലോഹിതദാസ് ഫൗണ്ടേഷന്‍െറ മികച്ച നടനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കി. ഇതേ ചിത്രത്തിലൂടെ ചേംബര്‍ ഓഫ് കോമേഴ്സിന്‍െറ പുരസ്കാരവും ചേതന് ലഭിച്ചു. സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായ മുള്ളുവാതുക്കല്‍ ജയലാലിന്‍െറയും ത്രിവേണി സ്റ്റോര്‍ ജീവനക്കാരിയായ മനുജയുടെയും മകനാണ് ചേതന്‍. മുന്‍മന്ത്രി എം.കെ. കൃഷ്ണന്‍െറ സഹോദരനും മുന്‍ എടവനക്കാട് പഞ്ചായത്ത് പ്രസിഡന്‍റ് എം.കെ. ശിവരാജന്‍െറ ചെറുമകനുമാണ്. ചലച്ചിത്ര രംഗത്തെ എടവനക്കാട് സ്വദേശികളായ വിന്‍സന്‍റ്, സിദ്ദീഖ്, മജീദ്, മേക്കപ്പ്മാന്‍ പി.എന്‍ മണി, സംവിധായകന്‍ വ്യാസന്‍ എടവനക്കാട് എന്നിവരുടെ ശ്രേണിയിലേക്ക് പുത്തന്‍ തലമുറ കൂടി എത്തിയതിന്‍െറ സന്തോഷത്തിലാണ് നാട്ടുകാര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
