അതുൽ ശ്രീവക്കെതിരെ ഗൂഢാലോചനയെന്ന് നാട്ടുകാരും ബന്ധുക്കളും
text_fieldsപേരാമ്പ്ര: സീരിയൽ നടനും പേരാമ്പ്ര സ്വദേശിയുമായ അതുൽ ശ്രീവയെ അറസ്റ്റു ചെയ്തു ജയിലിലടച്ച സംഭവത്തിൽ ഗൂഢാലോചന നടന്നതായി നാട്ടുകാരും ബന്ധുക്കളും ആരോപിക്കുന്നു. പിതാവ് മരുതോറ ചാലിൽ ശ്രീധരൻ, പേരാമ്പ്ര സമൃദ്ധി സാംസ്കാരിക കൂട്ടായ്മ പ്രസിഡൻറ് എം.സി. സനിൽകുമാർ എന്നിവരാണ് ആരോപണവുമായി രംഗത്ത് വന്നത്. കോഴിക്കോട് ഗുരുവായൂരപ്പൻ കോളജിലെ രണ്ടാം വർഷ വിദ്യാർഥിയുടെ പരാതിയെ തുടർന്നാണ് അവസാന വർഷ വിദ്യാർഥി അതുലിനെ അറസ്റ്റ് ചെയ്തത്. വധശ്രമമുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. കള്ളക്കേസെടുത്ത് ജയിലിലടച്ച് വളർന്നു വരുന്ന ഒരു കലാകാരെൻറ ഭാവി തകർക്കുകയാണെന്നാണ് നാട്ടുകാർ പറയുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചക്ക് ഒന്നര മണിയോടെ ഗുരുവായൂരപ്പൻ കോളജിൽ മൂന്നാം വർഷ വിദ്യാർഥികളും രണ്ടാം വർഷ വിദ്യാർഥികളും തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. ഇതിനിടയിൽപെട്ട അതുലിെൻറ ഇടത് കൈ പൊട്ടുകയും മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അതുലിൻറ പരാതി പ്രകാരം പൊലീസ് ചില വിദ്യാർഥികൾക്കെതിരെ കേസെടുത്തിരുന്നു. അതിന് ശേഷമാണ് യാതൊരു പരിക്കും പറ്റാത്ത ഒരു വിദ്യാർഥി അതുലിനെതിരെ പരാതി കൊടുത്തത്. പരാതിക്കാരൻ ഒരു പൊലീസ് ഉദ്യോഗസ്ഥെൻറ മകനാണ്. വെള്ളിയാഴ്ച രാത്രി അതുൽ നൽകിയ പരാതിയിൽ മൊഴിയെടുക്കണം എന്ന് പറഞ്ഞു കസബ സ്റ്റേഷനിൽ നിന്ന് പൊലീസ് വിളിച്ചുവരുത്തി കൗണ്ടർ കേസിൽ അറസ്റ്റുചെയ്യുകയായിരുന്നത്രെ.
ചെറിയൊരു വിദ്യാർഥി സംഘർഷത്തിൽ ഉൾപ്പെട്ടതിെൻറ പേരിൽ അതുൽ ശ്രീവയെ പിടിച്ചു പറിക്കാരനായും ഗുണ്ടാത്തലവനായും ചിത്രീകരിച്ച് സമൂഹത്തിനു മുന്നിൽ അപമാനിക്കുകയായിരുന്നെന്ന് ബന്ധുക്കൾ ചൂണ്ടിക്കാട്ടുന്നു. സീരിയലുകളിൽ നിന്നും സുഹൃദ് സംഘം നടത്തുന്ന മ്യൂസിക് ബാൻഡിലൂടെയും മാസം മോശമല്ലാത്ത വരുമാനമുള്ള അതുൽ 100 രൂപ ഗുണ്ടാ പിരിവ് ചോദിച്ചിട്ട് കൊടുക്കാത്തതിന് ആക്രമണം നടത്തിയെന്നു പറയുന്നത് ശുദ്ധ അസംബന്ധമാണെന്നും ചൂണ്ടിക്കാണിക്കുന്നു. സീരിയൽ തിരക്ക് കാരണം കോളജിൽ ഹാജർ കുറവാണെന്നത് സത്യമാണ്. അല്ലാതെ പൊലീസ് പറഞ്ഞത് പോലെ അതുലിനെതിരെ മറ്റ് അടിപിടി കേസുകളൊന്നുമില്ല. കോളജിൽ നിന്നും സസ്‌പെൻഡ് ചെയ്യപ്പെട്ടിട്ടില്ല.
സ്‌കൂൾ തലങ്ങളിൽ സംസ്ഥാനത്തെ ഏറ്റവും നല്ല നാടകനടനായി നിരവധി തവണ തെരഞ്ഞെടുക്കപ്പെട്ട, അതുൽ "ഇമ്മിണി ബല്ല്യോരാൾ " എന്ന ഹ്രസ്വചിത്രത്തിലെ ആദ്യാഭിനയത്തിൽ തന്നെ ദേശീയ, സംസ്ഥാന അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടി. മീഡിയ വൺ ചാനലിലെ ജനപ്രിയ സീരിയൽ എം 80 മൂസയിൽ റിസ്വാനായി തിളങ്ങിയ അതുലിനെ അറിയാത്തവരായിട്ട് ആരുമില്ല. മോഹൻലാലിെൻറ "മുന്തിരിവള്ളികൾ തളിർക്കുമ്പോൾ " എന്ന ചിത്രത്തിലും അതുൽ ശ്രീവ വേഷമിട്ടിരുന്നു. കേസിൽ ഉൾപ്പെട്ടതോടെ അതുലിെൻറ കലാജീവിതത്തിൽ കരിനിഴൽ വീഴുമോ എന്ന് നാട്ടുകാർക്കും ബന്ധുക്കൾക്കും ഏറെ ആശങ്കയുണ്ട്. ഇടത്തരം കുടുംബത്തിൽ പിറന്ന അതുൽ സ്വപ്രയത്നത്തിൽ കൂടിയാണ് കലാരംഗത്ത് ചുവടുറപ്പിക്കാൻ ശ്രമിക്കുന്നത്. ഈ കലാകാരനു വേണ്ടി സമൂഹ മാധ്യമങ്ങളിലൂടെ നിരവധി പോസ്റ്റുകൾ വരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
