നടിയെ ആക്രമിച്ച കേസ്​: ദൃശ്യങ്ങൾ ദിലീപിന്​ നൽകരുതെന്ന്​ പ്രോസിക്യൂഷൻ

  • നടിയെ വീണ്ടും അപമാനിക്കാനാണ്​ ദിലീപി​​െൻറ ശ്രമമെന്ന്​ പ്രോസിക്യൂഷൻ

16:03 PM
22/01/2018
dileep

അങ്കമാലി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ ദൃശ്യങ്ങളുടെ പകര്‍പ്പുകള്‍ ആവശ്യപ്പെട്ട് നടന്‍ ദിലീപ് സമര്‍പ്പിച്ച ഹരജിയില്‍ ഈ മാസം 25ന് അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ വാദം തുടരും. കുറ്റപത്രത്തോടൊപ്പം അന്വേഷണ ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച രേഖകളും നടി ആക്രമിക്കപ്പെട്ടതി​​െൻറ ദൃശ്യങ്ങളുടെ പകർപ്പും ആവശ്യപ്പെട്ടാണ്​ എട്ടാം പ്രതി നടന്‍ ദിലീപ് അങ്കമാലി കോടതിയെ സമീപിച്ചത്. 

ദൃശ്യങ്ങളുടെ പകർപ്പ്​ നൽകുന്നതിൽ കടുത്ത എതിര്‍പ്പാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചത്. രാവിലെ മറ്റ് കേസുകള്‍ ഉള്ളതിനാല്‍ ഉച്ചക്ക് ശേഷം പരിഗണിക്കാന്‍ മാറ്റുകയായിരുന്നു. സുപ്രധാന തെളിവായ ദൃശ്യങ്ങളിലെ ചില സംഭാഷണ ശകലങ്ങള്‍ അടര്‍ത്തിമാറ്റി കേസ് വഴിത്തിരിച്ച് വിടാനുള്ള ദിലീപി​​െൻറ ആസൂത്രിത നീക്കത്തി​​െൻറ ഭാഗമായാണ്​ പകർപ്പ്​ ആവശ്യപ്പെടുന്നതെന്ന് പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു. നടിയെ വീണ്ടും അപമാനിക്കാനാണ്​ ദിലീപി​​െൻറ ശ്രമം. മുഖ്യപ്രതി പള്‍സര്‍ സുനിയെന്ന സുനില്‍കുമാറാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. കേസിലെ നിര്‍ണായക തെളിവാണിതെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. 

ചട്ടപ്രകാരം ദൃശ്യങ്ങള്‍ അടക്കം മുഴുവന്‍ തെളിവുകളുടെയും പകര്‍പ്പുകള്‍ തനിക്ക് ലഭിക്കണമെന്നായിരുന്നു ദിലീപി​​െൻറ വാദം. മജിസ്ട്രേറ്റി​​െൻറ സാന്നിധ്യത്തില്‍ ദൃശ്യങ്ങൾ പരിശോധിച്ച ത​​െൻറ അഭിഭാഷകന്‍ ചില പൊരുത്തക്കേടുകൾ കണ്ടെത്തിയിരുന്നു.  

സഞ്ചരിക്കുന്ന വാഹനത്തില്‍ നിന്നല്ല ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ദൃശ്യങ്ങളുടെ പകര്‍പ്പ് തനിക്ക് ലഭിച്ചാലേ നിജസ്ഥിതി ബോധ്യമാകൂ എന്നും ദിലീപി​​െൻറ ഹരജിയിൽ പറഞ്ഞിരുന്നു. എന്നാല്‍, സാമാന്യബുദ്ധിക്ക് നിരക്കാത്ത കാര്യങ്ങളാണ് ഹരജിയില്‍ ഉള്ളതെന്നും ദൃശ്യത്തിലെ ചില സംഭാഷണങ്ങള്‍ മാത്രമെടുത്ത് തെറ്റിദ്ധാരണ പരത്താനാണ് ദിലീപി​​െൻറ ശ്രമമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. തുടര്‍ന്നാണ് വാദം കേള്‍ക്കല്‍ വീണ്ടും മാറ്റിയത്. ഇതിനിടെ, കേസ് നടപടികള്‍ സംബന്ധിച്ചും അന്വേഷണ ഉദ്യോഗസ്ഥരെക്കുറിച്ചും അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ വരുന്നതില്‍ കോടതി അതൃപ്തി രേഖപ്പെടുത്തുകയും മാധ്യമങ്ങളെ വിമര്‍ശിക്കുകയും ചെയ്തു.

COMMENTS