Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightകണ്ടത് മാത്രമല്ല;...

കണ്ടത് മാത്രമല്ല; പാപ്പന്‍റെ രണ്ടാം വരവിലെ കഥയുടെ ബാക്കി, ആട് 2.5

text_fields
bookmark_border
കണ്ടത് മാത്രമല്ല; പാപ്പന്‍റെ രണ്ടാം വരവിലെ കഥയുടെ ബാക്കി, ആട് 2.5
cancel

ജയസൂര്യ ചിത്രം ആട് 2 തിയേറ്ററുകളിൽ ഹിറ്റായി മുന്നേറുമ്പോൾ രണ്ടാം ഭാഗത്തിന് ബാക്കി കഥയുമായി 'അലമാര' ചിത്രത്തിന്‍റെ കഥാകൃത് മഹേഷ് ഗോപാൽ. ഫേസ്ബുക്കിലെ സിനിമാ പാരഡീസോ ഗ്രൂപ്പിലാണ് 'ആട് 2.5' എന്ന പേരിൽ കഥ എഴുതിയിരിക്കുന്നത്. നമ്മള് കണ്ടതു മാത്രമല്ല.. ലേശം കൂടിയുണ്ട് പാപ്പന്റെ രണ്ടാം വരവിലെന്നും ആട് സംവിധായകൻ മിഥുൻ ഭായി പൊറുക്കണേയെന്നും പറഞ്ഞാണ് ഫേസ്ബുക്ക് കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം 

ഇന്റർനാഷണൽ നോട്ടടി സംഘത്തെയും ലോക്കൽ റൗഡികളേയുമൊക്കെ പിടിച്ച് നാട്ടിൽ തിരികെയെത്തിയ പാപ്പനേയും കൂട്ടരേയും കാത്തിരുന്നത് നാട്ടുകാരുടെ വക വമ്പൻ സ്വീകരണമാണ്.നാടിളകി മറിഞ്ഞ സ്വീകരണത്തിനും ആവേശത്തിനുമൊക്കെ ശേഷം വീട്ടിൽ തിരിച്ചെത്തിയ പാപ്പനെ സ്വീകരിച്ചത് ശക്തമായൊരു ആട്ടോടു കൂടി അമ്മച്ചിയാണ്.കൈയ്യിലുള്ള പണ്ടം പണയം വെച്ചും, കടം വാങ്ങിയുമൊക്കെ ഹോസ്പിറ്റലിൽ നിന്നു തിരികെ എത്തിയിരിക്കയാണ് അമ്മച്ചി.

സ്വീകരണവും പേരും മാത്രമേ ഉള്ളുവെന്നും കൈയ്യിൽ അഞ്ചിന്റ പൈസ ഇല്ലാത്ത നിന്നെയൊക്കെ എന്തിനു കൊള്ളാമെടാ എന്നും ആധാരം കൊണ്ടു വന്നിട്ടു മതി വീട്ടിനുള്ളിലെ വാസം എന്നും അമ്മച്ചി പറയുന്നതോടെ പാപ്പൻ പ്രതിസന്ധിയിലാകുന്നു .ഡോളറൊക്കെ കാണിച്ചു നോക്കിയെങ്കിലും പിന്നേം പറ്റിക്കാൻ നോക്കുന്നോടാ എന്നും പറഞ്ഞ് ഒര് ആട്ടും കൂടി ആട്ടുന്നുണ്ട് അമ്മച്ചി...

വല്ല വിധേനയും തപ്പിത്തടഞ്ഞ് വീട്ടിൽ തിരിച്ചെത്തുന്ന പലിശക്കാരൻ അബ്ദുള്ളയെ തേടി പാപ്പനും പിള്ളേരും കൂടി ഒറ്റ പോക്കാണ്. അതിനിടയിൽ ഇവന്മാര് ഇന്റർനാഷണൽ സി ഐ ഡികളാണെന്നും... അതല്ല യെവന്മാരെ, നാട്ടിലുള്ള ക്രിമിനൽ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ പോലീസ് ഏർപ്പെടുത്തിയ ചാരന്മാരാണെന്നുമൊക്കെയുള്ള കരക്കമ്പികൾ അബ്ദുള്ളയുടെ ചെവിയിലും എത്തിയിരുന്നു.

അങ്ങനെ ഇയാള് ഭയന്നിരിക്കുന്ന നിമിഷത്തിലാണ് പാപ്പന്റെയും പിള്ളേരുടെയും വരവ്. മര്യാദയ്ക്ക് ആധാരം താടോ.. കാശൊക്കെ ഞങ്ങള് സൗകര്യമുള്ളപ്പൊ തരും, ഇല്ലെങ്കിൽ താൻ അകത്തു പോയി കിടക്കും എന്ന രണ്ടും കൽപ്പിച്ചുള്ള വിരട്ടിനു മുന്നിൽ അബ്ദുള്ള ഒന്നും മിണ്ടാതെ ആധാരമെടുത്ത് തിരികെയേൽപ്പിക്കുന്നു.

കാശൊന്നും തന്നില്ലേലും കുഴപ്പമില്ലെന്നും, ഇനി എപ്പൊഴേലും കാശിനാവശ്യം വന്നാൽ ചോദിക്കാൻ മടിക്കരുതെന്നും, നിങ്ങളൊക്കെ ഞമ്മടെ സ്വന്തം ആളുകളാണെന്നു കൂടി അബ്ദുള്ള ഓർമ്മിപ്പിക്കുന്നതോടെ പാപ്പനും പിള്ളേരും ശരിക്കും ഞെട്ടുന്നു.

ഇതെന്തു മറിമായം എന്ന് പാപ്പനും പിള്ളേരും ഒന്ന് അമ്പരക്കുന്നുണ്ടെങ്കിലും ഗൗരവം വിടാതെ ആധാരവും വാങ്ങി തിരികെ പോകുന്നു. നിമിഷ നേരം കൊണ്ട് ആധാരം തിരിച്ചെടുക്കുന്നതോടെ യെവൻ ഇനി ശരിക്കും സി ഐ ഡിയാണോ എന്ന സംശയം അമ്മച്ചിയിലും ഉടലെടുക്കുന്നു. പാപ്പനല്ലാതെ മറ്റൊരാളെ കല്യാണം കഴിക്കില്ലെന്ന് അയൽവക്കത്തെ പെങ്കൊച്ച് സ്റ്റെല്ല ഉറക്കെ പ്രഖ്യാപിക്കുന്നതു കേട്ട് പാപ്പൻ മാത്രമല്ല അബുവും ക്ലീറ്റസും എല്ലാം ഞെട്ടുന്നു..

വെറുതേയെങ്കിലും പാപ്പനൊരു പ്രണയഗാനത്തിലെ നായകനാകുന്നത് ക്ലീറ്റസ് ഒന്നു സങ്കൽപ്പിച്ചു നോക്കുന്നു. ഗാനത്തിനൊടുവിൽ വീട്ടുമുറ്റത്ത് പ്രസിഡന്റ് ഉതുപ്പ് വന്നു നിൽക്കുന്നു. ഈ വിവരം ഇത്ര പെട്ടെന്ന് അയാളും നാട്ടുകാരും അറിഞ്ഞോ എന്ന് എല്ലാവരും ശങ്കിച്ചു നിൽക്കേ ഉതുപ്പ് വന്ന കാര്യം പറയുന്നു: മാറിയ സാഹചര്യത്തിൽ ക്ലബ്ബ് വീണ്ടെടുക്കാൻ ഒരു ആറു മാസം കൂടി അനുവദിച്ച കാര്യം പറയാൻ വന്നതായിരുന്നു ഉതുപ്പ്. സ്റ്റെല്ലയ്ക്കു മുന്നിൽ ഒന്നു ഷൈൻ ചെയ്യാം എന്നു കൂടി ഉതുപ്പ് കരുതുന്നുവെങ്കിലും അതു ചീറ്റിയ കാര്യം ഉതുപ്പറിയുന്നില്ല. പതിവു പോലെ തന്നെ തന്റെ വീരവാദ കഥകൾ കൊണ്ട് സഹപോലീസുകാരെ ഷമീർ ബോറടിപ്പിച്ചു കൊണ്ടിരിക്കുന്ന വേളയിലാണ്
സ്റ്റേഷനിൽ പാപ്പൻ ഒപ്പിടാൻ ചെല്ലുന്നത്. സകല പോലീസുകാർക്കും ഇപ്പോൾ പാപ്പനോട് വൻ മതിപ്പാണ്.. എനിക്കിവിടെ മാത്രമല്ലെടാ.. അങ്ങ് ഡെൽഹീലുമുണ്ടെടാ പിടി എന്ന തരത്തിലുള്ള പാപ്പന്റെ വീരവാദം അവരെല്ലാം ഏകദേശം വിശ്വസിച്ച മട്ടാണ്..
ഷമീറിന് ലേശം അസൂയയും ഉണ്ട്. എങ്കിലും, നാളെ മുതല് നീ ഒപ്പിടണ്ട.. അതെന്റെയൊരു സൗജന്യമായി എടുത്തോ എന്ന് പറയുന്നുണ്ട് ഷമീർ.

ഈ സ്കീം കൊള്ളാല്ലോ എന്ന സന്തോഷത്തിൽ പുറത്തിറങ്ങുന്ന പാപ്പൻ പിള്ളേരോടൊക്കെ കിട്ടിയ അവസരം പരമാവധി മുതലാക്കാൻ തീരുമാനിക്കുന്നു. കവലയിലെ ചായക്കടയിൽ ചെന്നു ചായ കുടിക്കുന്ന പാപ്പന്റെയും പിള്ളേരുടെയും കൈയ്യിൽ നിന്ന് പൈസയൊന്നും വാങ്ങുന്നില്ല ചായക്കടക്കാരൻ. എന്നാൽ പിന്നെ രണ്ട് പൊറോട്ടയും ബീഫ് കറിയും കൂടി എല്ലാർക്കും പോരട്ടേ എന്ന് ക്യാപ്റ്റൻ ക്ലീറ്റസ് ഓർഡർ ചെയ്തതു കേട്ട് ചായക്കടക്കാരൻ ഞെട്ടുന്നു.

ഇതേ സമയം, തമിഴ്നാട്ടിൽ മറ്റൊരു ചായക്കടയിൽ പൊറോട്ടയടി വീണ്ടും തുടങ്ങിക്കഴിഞ്ഞിരുന്നു ഡൂഡ്. ഇത്തവണത്തേക്ക് മാപ്പാക്കണം എന്നൊക്കെ പറഞ്ഞ് കരഞ്ഞ് കാലു പിടിച്ച് വീണ്ടും ജോലിയിൽ പ്രവേശിച്ചിരിക്കുകയാണ് ഡൂഡ്.

ഡെയ്ലി അടിക്കേണ്ട പൊറോട്ടയുടെ എണ്ണം കൂട്ടിയും, കസ്റ്റമേഴ്സിന്റെ എണ്ണം കൂട്ടണം എന്നൊക്കെയുള്ള കണ്ടീഷൻസ് വച്ചും ഒക്കെയാണ് ഡൂഡിനെ ജോലിയിൽ തിരിച്ചെടുത്തിരിക്കുന്നത്. എങ്കിലും, യെവൻ പുലിയാണെന്നറിയാവുന്നതു കൊണ്ട് 'എന്റർട്ടെയിൻമെന്റ്' ഒന്നും മുതലാളി ഇപ്പോൾ നടത്താറുമില്ല.തന്നെയുമല്ല, പൊറോട്ടയടിയുടെ ശബ്ദം കേട്ട് അത് വെടിയൊച്ചയാണോ എന്നു സംശയിച്ച് അയാള് ഞെട്ടിയുണരാറുമുണ്ട്. കൈയ്യിൽ കിട്ടിയ ഡോളർ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയാണ് പാപ്പനും പിള്ളേരും. ഇതു ചിലവാക്കാൻ ഒന്ന് അമേരിക്ക വരെ പോയി വന്നാലോ എന്നു പോലും ആലോചിക്കുന്നുണ്ട് അബു.

അങ്ങനെ ചിലവാക്കിയിട്ട് എന്തു കാര്യം? അതു കൊണ്ട് നാട്ടിലെ പ്രശ്നങ്ങളൊന്നും തീരുന്നില്ലല്ലോ എന്ന് വ്യാകുലപ്പെടുകയാണ് പാപ്പൻ. തൽക്കാലം ഡോളർ വീട്ടിലെ തട്ടും പുറത്തു വയ്ക്കാം എന്ന ഐകകണ്ഠേനയുള്ള തീരുമാനത്തിലെത്തുന്നു പാപ്പനും ടീമും. രാത്രിയുടെ അന്ത്യയാമങ്ങളിൽ slow motion ൽ നടന്ന് വെട്ടത്തു വന്ന് നിലവിളിച്ചു കരയുകയാണ് സാത്താൻ സേവ്യർ. ഡോളറ് പോയതോടെ തന്റെ അടിത്തറ ഇളകിയിരിക്കുകയാണെന്ന് പരിതപിക്കുകയാണ് സാത്താൻ. സംഭവം കടത്തിയിരിക്കുന്നത് തലയിൽ തൊപ്പി വച്ച... മുസൽമാനായ ഒരു ബംഗാളിയും, കൂട്ടാളിയുമാണെന്ന് കഞ്ചാവ് സോമൻ പറയുന്നതോടെ നാട്ടിലുള്ള സകല തൊപ്പി വച്ച ബംഗാളികളേയും പൊക്കാൻ സാത്താൻ തീരുമാനിക്കുന്നു.

ഇതേ സമയം ആറു മാസത്തിനുള്ളിൽ എങ്ങനെ ക്ലബ്ബ് തിരിച്ചു പിടിക്കാം എന്ന കൂലങ്കഷമായ ചർച്ചയിലാണ് പാപ്പനും പിള്ളേരും. പലരും പല ഐഡിയാസും പറഞ്ഞെങ്കിലും നമുക്ക് തന്നെ ഒരു വടംവലി മത്സരം നടത്തിയാലെന്താ എന്ന ചിന്തയിൽ എത്തി നിൽക്കുന്നു ഒടുവിൽ പാപ്പനും പിള്ളേരും. അതിനൊക്കെ കാശെവിടേ എന്ന ചോദ്യത്തിന് വിജയികൾക്ക് ഡോളർ സമ്മാനമായി നൽകാം എന്നും അവർ തീരുമാനിക്കുന്നു. ഇതിന്റെ സന്തോഷത്തിന് രണ്ടെണ്ണം പിടിപ്പിച്ചിട്ട് പിരിഞ്ഞു പോയ വഴിയിൽ, ക്യാപ്റ്റൻ ക്ലീറ്റസ് ആ രാത്രിയിൽ അടുത്തുള്ള പൊട്ടക്കിണറ്റിൽ വീഴുന്നു. എന്തു ചെയ്യണമെന്നറിയാതെ ഒന്നു ശങ്കിച്ചെങ്കിലും ക്ലീറ്റസ് അബുവിനെ ഫോൺ ചെയ്തു വരുത്തുന്നു. കിണറ്റിൽ നിന്നും ക്ലീറ്റസ് പൊങ്ങി വരുന്നത് ഒരു കെട്ട് രണ്ടായിരത്തിന്റെ നോട്ടുമായാണ്. ഇതു കണ്ട അബു അപ്പൊ തന്നെ കിണറ്റിലേക്കെടുത്തു ചാടുന്നു. അബുവിനും കിട്ടുന്നു മറ്റൊരു കെട്ട്. അവര് പോയി പാപ്പനെ വിളിച്ചു വരുത്തുന്നു. വിശദമായ തപ്പലിനു ശേഷം കിട്ടിയ നോട്ടെല്ലാം കൂടി അവര് ക്ലബ്ബിൽ കൊണ്ടു വച്ച് രഹസ്യമായി എണ്ണിത്തുടങ്ങുന്നു.

പലവട്ടം എണ്ണിത്തെറ്റിച്ച ശേഷം അവര് കൃത്യമായൊരു സംഖ്യയിൽ എത്തിച്ചേരുന്നു: എല്ലാം കൂടി 6 കോടി രൂപ. ഈ സംഖ്യ കേട്ട് ക്ലീറ്റസിന്റെ ബോധം പോകുന്നു. ഈ കാശൊക്കെ വച്ച് എന്തൊക്കെ ചെയ്യാം എന്ന് പാപ്പനും പിള്ളേരും മനക്കോട്ട കെട്ടുന്നു. അതിനിടയിൽ മറ്റൊരു കണ്ടുപിടുത്തം കൂടി അബു നടത്തുന്നു: നോട്ടുകൾക്കെല്ലാം ഒരേ നമ്പർ. ഇത് കള്ളനോട്ടാണെന്നറിയുന്നതോടെ ഇത്തവണ ബോധം പോകുന്നത് പാപ്പന്റെതാണ്. ഇതിനിടയിൽ നിന്ന് അടിച്ചു മാറ്റിയ നോട്ടും കൊണ്ട് ക്ലീറ്റസും അബുവും കൂടി ഒരു കടയിൽ കയറി പുട്ടടിക്കുന്നു. രണ്ടായിരത്തിന് ബാക്കി ഇല്ലാത്തതു കൊണ്ട് കടയിൽ പറ്റും തുടങ്ങുന്നു. വണ്ടിക്ക് പെട്രോളടിച്ചു കഴിഞ്ഞ് പാപ്പനു വേണ്ടി ക്ലീറ്റസ് കാശ് കൊടുക്കുന്നു. ഇതു കണ്ട് പാപ്പൻ ഞെട്ടുന്നു.

വണ്ടി ആദ്യമായി ഫുൾ ടാങ്ക് കാണുന്നു. ഇതിനിടയിൽ വണ്ടിക്ക് പൊള്യൂഷൻ സർട്ടിഫിക്കറ്റില്ലെന്നും പറഞ്ഞ് ഫൈനടിച്ച ഷമീറിനും കൊടുക്കുന്നു ക്ലീറ്റസാെരു രണ്ടായിരം. ഈ കാശെല്ലാം കൊണ്ട് വൈകിട്ടൊരു ഫൈവ് സ്റ്റാർ ഹോട്ടലിൽ ഫുഡ്ഡടിക്കാൻ കയറുന്ന ഷമീറിനെ കള്ളനോട്ട് കൊടുത്തതിന് പൊക്കുന്നു. പോലീസാണെന്നും പറഞ്ഞ് ഷമീറ് അവിടുന്ന് തടിയൂരുന്നു. ആര് കൊടുത്ത നോട്ടാണ് ഇതെന്നറിയാത്ത ഷമീറ് പാപ്പനെ ഫോൺ ചെയ്യുന്നു. എത്രയും വേഗം നേരിട്ടു കാണണം എന്ന് അറിയിക്കുന്നു.

പാപ്പൻ വിറയ്ക്കുന്നു.പേടിച്ചു വിറച്ച് ഷമീറിന്റടുത്ത് എത്തുന്ന പാപ്പനോടും പിള്ളേരോടും, നാട് മൊത്തം കള്ളനോട്ടാണെന്നും ഇതിനു പിന്നിൽ മറ്റേതോ ഇന്റർനാഷണൽ റാക്കറ്റാണെന്നും.. കള്ളനോട്ട് കണ്ടെത്തുന്നതിൽ വൈധഗ്ദ്ധ്യമുള്ള പാപ്പൻ സഹായിക്കണമെന്നും ഷമീർ അഭ്യർത്ഥിക്കുന്നു. തങ്ങളാൽ കഴിയുന്ന എല്ലാ സഹായവും നൽകാം എന്ന ഉറപ്പ് പാപ്പനും സംഘവും നൽകുന്നു.

വടംവലി മത്സരം നടത്താൻ വലിയൊരു സംഖ്യ വായ്പ ചോദിക്കുന്ന പാപ്പനേയും സംഘത്തേയും പലിശക്കാരൻ അബ്ദുള്ള അപമാനിച്ചിറക്കി വിടുന്നു. ഇവന്മാര് ഒരു പുല്ലുമല്ല എന്ന് അബ്ദുള്ള ഇതോടെ തിരിച്ചറിഞ്ഞിരുന്നു. ഡോളറെവിടേ എന്നറിയാൻ ബംഗാളികളെ ഓടിച്ചിട്ടു പീഡിപ്പിക്കുന്ന സാത്താൻ സേവ്യർ ആ വാർത്തയറിയുന്നു: 

വിന്നേർസ് പോത്തുമുക്ക് നടത്തുന്ന ഒന്നര ലക്ഷം ഡോളറിന്റെ വടംവലി മത്സരം. ഇതോടെ കാശെവിടേ എന്നു മനസ്സിലാകുന്ന സാത്താൻ പാപ്പനോട് നേരിട്ട് ഏറ്റുമുട്ടാൻ തീരുമാനിക്കുന്നു. അത് വേണ്ട മുതലാളീ... അവന്മാര് ഇന്റർനാഷണൽ അധോലോകമാണന്ന് മുന്നറിയിപ്പു നൽകുന്ന കഞ്ചാവ് സോമൻ, തന്ത്രപരമായി വേണം കാര്യങ്ങൾ ഡീൽ ചെയ്യേണ്ടതെന്ന് ഓർമ്മിപ്പിക്കുന്നു. അങ്ങനെ വടംവലി മത്സരത്തിന് ടീമിറക്കാൻ സാത്താൻ സേവ്യർ തീരുമാനിക്കുന്നു. ഇതോടെ വേഷം മാറി ടീമിൽ കയറിപ്പറ്റാൻ തമിഴ്നാട്ടിൽ നിന്ന് ഡൂഡും പുറപ്പെടുന്നു. കഴിഞ്ഞ തവണത്തെ പോലെ ബോംബ് വേണ്ടാ എന്നു തീരുമാനിക്കുന്ന ഡൂഡ് ഇത്തവണ മുതലാളിയെ പലിശ സഹിതം അടിച്ചു പഞ്ചറാക്കുന്നു. സാത്താന്റെ ടീമിലേക്ക് ഡൂഡെത്തുന്നു. ഈ എല്ലും തോലും പോലിരിക്കുന്നവനെയൊക്കെയാണോ വടം വലിക്ക് വിളിച്ചോണ്ടു വരുന്നതെന്ന സാത്താന്റെ ചോദ്യത്തിനുള്ള മറുപടി സാത്താനെ പൊക്കിയെടുത്ത് വലിച്ചൊരേറായിരുന്നു. തക്കം പാർത്തിരുന്ന ചെകുത്താൻ ലാസറിന്റെ അനുയായികളും മറ്റൊരു ടീമായി കടന്നു വരുന്നുണ്ട്. ഇതിനിടെ, ആടിനു പുല്ലു പറിക്കാൻ പോയ റേച്ചലിന് പറമ്പിൽ കിടന്നൊരു പെട്ടി ലഭിക്കുന്നു. അവളതെടുത്ത് പാപ്പനെ ഏൽപ്പിക്കുന്നു. വിശദമായ പരിശോധനയ്ക്കും ഗഹനമായ ചർച്ചകൾക്കും ശേഷം തങ്ങളുടെ പക്കലുള്ള വ്യാജ രണ്ടായിരത്തിന്റെ ഒറിജിനൽ അച്ചാണ് അതെന്നും അവര് കണ്ടെത്തുന്നു.

ഡോളറിന്റെ കൂടെ അവർ അതും എടുത്ത് തട്ടും പുറത്ത് ഇടുന്നു. വടംവലി മത്സരത്തിനു വൻ വരവേൽപാണ് ലഭിക്കുന്നത്. രജിസ്ട്രേഷൻ ഇനത്തിൽ കാശ് വന്നു കുമിഞ്ഞു കൂടി. രണ്ടും മൂന്നും സ്ഥാനക്കാർക്ക് ഇന്ത്യൻ റുപ്പിയിലാണ് സമ്മാനം. വാശിയേറിയ മത്സരത്തിനൊടുവിൽ ചെകുത്താനും സാത്താനുമൊക്കെ ജയിച്ചു കയറി വരുമെങ്കിലും അന്തിമ വിജയം വിന്നേർസിനു തന്നെയാണ്. മത്സരത്തെ തുടർന്നുള്ള കൂട്ടയടിയിൽ സാത്താൻ സേവ്യർ Where is my dollers എന്ന് അലറുന്നു. പല വിധത്തിൽ ഭീഷണിപ്പെടുത്തിയെങ്കിലും ഡോളർ ലഭിക്കുന്നില്ല. സാത്താന്റെ മുന്നിൽ ഡ്യൂഡ് identity വെളിപ്പെടുത്തുന്നു. ഒന്നിച്ചു നിന്നാൽ സകലതും സ്വന്തമാക്കാം എന്ന് അറിയിക്കുന്നു. ഈ തക്കത്തിൽ കഞ്ചാവ് സോമൻ വഴി അബ്ദുള്ളയും അവരോടൊപ്പം ചേരുന്നു.

തീർത്തും അപ്രതീക്ഷിതമായി നാടിനെ ഞെട്ടിച്ചു കൊണ്ട് വൻ സന്നാഹങ്ങളുമായി പാപ്പന്റെ വീട്ടിൽ റെയ്ഡ് നടക്കുന്നു. തട്ടുംപുറം അടക്കം സകല ഇടവും അരിച്ചുപെറുക്കിയിട്ടും അവിടുന്നൊന്നും യാതൊന്നും അവർക്ക് ലഭിക്കുന്നില്ല. തിരയുന്നതു ഡോളറും കള്ളനോട്ടുമാണെന്നറിയുന്നതോടെ അതെവിടെയാണെന്നറിയാം എന്ന് പാപ്പൻ പ്രഖ്യാപിക്കുന്നു. സർവ്വ സന്നാഹങ്ങളും പാപ്പൻ തെളിക്കുന്ന വഴിയേ പോകുന്നു. ഒരു പിടിയും കിട്ടാതെ അബുവും ക്ലീറ്റസും മൂങ്ങയും, ലോലനും എല്ലാം ഒപ്പം കൂടുന്നു. അവർ നേരേ അബ്ദുള്ളയുടെ വീട്ടിലെത്തുന്നു. അവിടെ സാത്താനും, ഡൂഡും എല്ലാം ഉണ്ട്. പൊലീസിനെയും മറ്റും കണ്ട് ഡൂഡ് വെടി പൊട്ടിക്കുന്നുവെങ്കിലും ധൈര്യസമേതം ഷമീർ അവനെ പൊക്കിയെടുത്ത് വണ്ടീലിടുന്നു. ഡോളറ് ഞമ്മന്റെയല്ല സാറേ അത് സാത്താന്റെയാ എന്ന് അബ്ദുള്ള പറഞ്ഞപ്പോൾ, അപ്പൊഴീ അച്ചും കള്ള നോട്ടും നിന്റതു തന്നെ അല്ലേടാ എന്നും പറഞ്ഞ് ഷമീർ അയാളെയും പൊക്കുന്നു.

അബ്ദുള്ളയുടെ അളവറ്റ സ്വത്തും സാത്താന്റെ കൈയ്യിലെ കണക്കറ്റ പഴയ നോട്ടുകളും ഷമീറിന് ബോണസായി കിട്ടുന്നു. ഡോളറിന്റെ പത്തു ശതമാനം ഇത്തവണയെങ്കിലും തരണേ എന്ന് പാപ്പൻ അഭ്യർത്ഥിക്കുന്നു. അത് നിനക്കുള്ളതു തന്നെ എന്ന് ഷമീർ ഉറപ്പും നൽകുന്നു. വടംവലിയിൽ കുമിഞ്ഞു കൂടിയ കാശും കിട്ടാൻ പോകുന്ന ഡോളറിന്റെ പത്തു ശതമാനവും ഒക്കെ കൂട്ടിക്കിഴിച്ച് ഭ്രാന്ത് പിടിച്ചിരിക്കുവാണ് പാപ്പനും ടീമും.

അപ്പൊഴാണ് അബുവിന്റെ ആ സംശയം: എന്നാലും ഇതെല്ലാം എങ്ങനെ അബ്ദുള്ളയുടെ വീട്ടിലെത്തി?അപ്പോൾ, ജോർജ് കുട്ടിയെ പോലെ ഗൂഡമായാന്നു ചിരിച്ചിട്ട് പാപ്പൻ തുടർന്നു, ആ രഹസ്യം എന്നോടു കൂടി തന്നെ മണ്ണടിയട്ടേ. അപ്പോൾ ക്ലീറ്റസിനു മറ്റൊരു സംശയം: എന്നാലുമാ കാശ് പൊട്ടക്കിണറ്റിലും അച്ച് പറമ്പിലും ആരായിരിക്കും കൊണ്ടിട്ടത്? ഇതേ സമയം കേരളത്തിലെ മറ്റൊരു ഭാഗത്ത്:

കാറിൽ സഞ്ചരിക്കുന്ന രണ്ടു പേർ. അതിലൊരാൾ ഫോണിൽ: "ഇല്ല ബോസ്.. ഞങ്ങളെല്ലാം വിധഗ്ദമായി ഒളിപ്പിച്ട്ടുണ്ട്. ആർക്കും സംശയം തോന്നാത്ത ഒരിടത്തു തന്നെയാണ് വച്ചിരിക്കുന്നത്.ഇന്നു രാത്രി തന്നെ ഞങ്ങളതു പൊക്കിയിരിക്കും. രാത്രി മറ്റാരും കാണാതെ പൊട്ടക്കിണറ്റിൽ ചാടുന്ന രണ്ടു പേർ :

മുകളിൽ നിൽക്കുന്ന അക്ഷമനായ ആൾ. "എന്താടാ... where is the money?" കിണറ്റിൽ നിന്നുമുളള ശബ്ദം: "ബോസ്.. ഇവിടൊന്നും കാണുന്നില്ല ബോസ്..."കാണുന്നില്ലേ... ഉള്ളതെല്ലാം ആ ചട്ടിയിലോട്ടു വാരിയിടെടാ. ശേഷം ഒരു ചട്ടി കിണറ്റിൽ നിന്നും ഉയർന്നു വരുന്നു. അതിൽ രണ്ടു കൊട്ടത്തേങ്ങയും കീറിപ്പറിഞ്ഞ ഒരു അണ്ടർവെയറും. ഇതു കണ്ട് അന്തംവിട്ടു നിൽക്കുന്ന മൂന്നാമൻ. അപ്പൊഴും, യഥാർത്ഥ ബോസ് തിരശ്ശീലയ്ക്കു പിന്നിൽ തന്നെ...

അണിയറയിൽ മുഴങ്ങുന്ന ലാൽ സലാം എന്ന സംഗീതം...

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jayasuryaaadu 2malayalam newsmovie newsaadu
News Summary - Aadu 2.5, Shaji Papan-Movie News
Next Story