മമ്മൂട്ടിയും കര്‍ണ്ണനാകുന്നു...
text_fieldsമെഗാസ്റ്റാര്‍ മമ്മൂട്ടിയും കര്‍ണ്ണനാകുന്നു. ആര്‍.എസ് വിമലിന്റെ സംവിധാനത്തില്‍ പൃഥ്വിരാജിനെ നായകനാക്കി കര്‍ണ്ണന്‍ എന്ന ചിത്രം ഒരുങ്ങുന്നതിനിടെയാണ് മമ്മൂട്ടിയും കര്‍ണ്ണനാകുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. സംവിധായകനും നടനുമായ പി ശ്രീകുമാറിന്റെ തിരക്കഥയില്‍ മധുപാലാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
18 വര്‍ഷം മുമ്പ് ഈ പ്രൊജക്ടിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതാണെന്നും പല തവണ തിരുത്തലുകളും മിനുക്കുപണികളും നടത്തി ഇപ്പോള്‍ പൂര്‍ണരൂപത്തില്‍ എത്തിയിരിക്കുകയാണെന്നും ശ്രീകുമാര്‍ പ്രതികരിച്ചു.
താന്‍ കര്‍ണ്ണന്‍ ഒരുക്കുന്നുണ്ടെന്ന് പൃഥ്വിക്കുമറിയാം.അദ്ദേഹം തിരക്കഥ കേള്‍ക്കണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പൃഥ്വിയുടെ വിവാഹത്തിന്റെ തിരക്കുകള്‍ മൂലം തിരക്കഥ കേള്‍പ്പിക്കാനായില്ല.സിനിമ ആവശ്യപ്പെടുന്ന അതേ മികവോടെ ചെയ്യാനുള്ള നിര്‍മ്മാതാവിനെ ലഭിച്ചത് ഇപ്പോഴാണ്. ഈ ചിത്രം പൂജയോടെ അനൗണ്‍സ് ചെയ്യാനിരിക്കെയാണ് പൃഥ്വിരാജ് കര്‍ണന്‍ എന്ന പേരില്‍ സിനിമ പ്രഖ്യാപിച്ചതായി അറിയുന്നത്. ചിത്രീകരണത്തിനുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി ഉടന്‍ തന്നെ ഷൂട്ടിങ് തുടങ്ങാന്‍ ആലോചിക്കുകയാണെന്നും പി ശ്രീകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
കര്‍ണന്‍ എന്ന ടൈറ്റില്‍ പൃഥ്വിരാജും വിമലും രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. അതൊന്നും തങ്ങളുടെ സിനിമയെ ബാധിക്കില്ല, വേറെ എത്രയോ പേരുകള്‍ ഈ സിനിമക്ക്് നല്‍കാം. മഹാഭാരതം വളര്‍ന്ന് പന്തലിച്ച് കിടക്കുകയാണ്. അതെങ്ങനെ അവതരിപ്പിക്കുന്നു എന്നതും ആളുകളില്‍ എത്തിക്കുന്നു എന്നതിലുമാണ് വിജയം. ചിലപ്പോള്‍ അവരാകാം ഈ സിനിമ ഗംഭീരമായി അവതരിപ്പിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
കര്‍ണനെ യോദ്ധാവ് എന്ന നിലയിലല്ല, ആത്മസംഘര്‍ഷങ്ങള്‍ക്കൊണ്ടു നിറഞ്ഞ അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തെയാണ് സിനിമയിലൂടെ വര്‍ണിക്കാന്‍ ശ്രമിക്കുന്നത്. മമ്മൂട്ടി എന്ന അതുല്യപ്രതിഭയുടെ മാസ്മരിക പ്രകടനമാകും സിനിമയുടെ വലിയൊരു പ്രത്യേകതയെന്നും ശ്രീകുമാര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
