Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightആർ.എസ് വിമലിനെതിരെ...

ആർ.എസ് വിമലിനെതിരെ കാഞ്ചനമാല; 'തിരക്കഥ വായിക്കാൻ നൽകിയില്ല'

text_fields
bookmark_border
ആർ.എസ് വിമലിനെതിരെ കാഞ്ചനമാല; തിരക്കഥ വായിക്കാൻ നൽകിയില്ല
cancel

കോഴിക്കോട്: ബി.പി.മൊയ്തീൻ സേവാ  മന്ദിറിന്റെ ശിലാസ്ഥാപന പരിപാടിയിൽ എന്ന് നിന്‍റെ മൊയ്തീന്‍റെ സംവിധായകൻ ആർ.എസ് വിമലിനെതിരെ കാഞ്ചനമാല. സിനിമാ പ്രവര്‍ത്തകരുമായി തനിക്ക് എതിര്‍പ്പോ വിദ്വേഷമോ ഇല്ലെന്നും തിരക്കഥയുമായി ബന്ധപ്പെട്ട്  പ്രശ്‌നങ്ങളുണ്ടായിട്ടുണ്ടെന്നും അവർ പറഞ്ഞു. ചിത്രം പുറത്തിറങ്ങിയതിന് ശേഷം ആദ്യമായാണ് കാഞ്ചനമാല ചിത്രവുമായി ബന്ധപ്പെട്ട് പ്രതികരിക്കുന്നത്.  ഇതുവരെ ചിത്രം കാണാതിരുന്ന അവർ സിനിമ കാണാൻ താൽപര്യമില്ലെന്നും പറഞ്ഞിരുന്നു. വിമൽ തിരക്കഥ മുഴുവൻ വായിക്കാൻ  അനുവദിച്ചില്ല. തിരക്കഥ പൂജിക്കാന്‍ മൂകാംബികയില്‍ തന്നേയും കൊണ്ടുപോയി  കാല്‍തൊട്ടു വന്ദിച്ചു. തിരക്കഥ പൂജിച്ചു. അതിന്റെയൊക്കെ ഫോട്ടോ വിമല്‍ എടുത്തുവെച്ചു. എന്നാൽ തിരക്കഥ വായിക്കാൻ തന്നില്ലെന്നും അവർ പറഞ്ഞു. 

തന്‍റെ അച്ഛനെ ചിത്രത്തിൽ മോശമായി ചിത്രീകരിച്ചത് കൊണ്ടാണ് ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞതെന്നും കാഞ്ചനമാല പറഞ്ഞു. ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് എപ്പോഴും സേവാമന്ദിറിലേക്ക് വരാമെന്നും എന്ന് നിന്‍റെ മൊയ്തീന്‍റെ അണിയറപ്രവർത്തകർ വരാതിരിക്കുന്നത് അവരുടെ മനസ്സിൽ കരിനിഴലുള്ളത് കൊണ്ടാണെന്നും കാഞ്ചനമാല പറഞ്ഞു. പരിപാടിയിൽ 15 മിനുറ്റോളം സംസാരിച്ച  കാഞ്ചനമാലക്ക് വാക്കുകൾ ഇടറി.  സിനിമാക്കാർക്ക് എതിരെ നൽകിയ കേസ് പിൻവലിക്കണമെന്നും അവരോട് വിദ്വേഷം പുലർത്തരുതെന്നും നടൻ ദിലീപ് കാഞ്ചന മാലയോട് സദസ്സിൽ പ്രസംഗിക്കുന്നതിനിടെ ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് അവർ ഇക്കാര്യം പറഞ്ഞത്. 

         കാഞ്ചനമാലയുടെ പ്രസംഗത്തിന്‍റെ പൂർണരൂപം

സിനിമാ പ്രവര്‍ത്തകരുമായി എനിക്ക് യാതൊരു എതിര്‍പ്പോ വിദ്വേഷമോ ഇല്ല. പിന്നെ അവരുമായി പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. അത് തിരക്കഥയുടെ ബന്ധപ്പെട്ടാണ്. തിരക്കഥ ചോദിച്ചപ്പോഴാണ് അത് എഴുതിക്കൊണ്ടിരിക്കുകയാണ് എന്നാണ് സംവിധായകന്‍ വിമല്‍ പറഞ്ഞത്. അവന്‍ പഠിച്ചു കൊണ്ടിരിക്കുകയായിരിക്കുമെന്നു കരുതി. ഇടക്ക് തിരുവന്തപുരത്ത് ചെന്നപ്പോള്‍ തിരക്കഥ പോലെ എന്തോ കാണിച്ചു. അത് പൂര്‍ത്തിയായിരുന്നില്ല. പിന്നീട് തിരക്കഥ പൂജിക്കാന്‍ മൂകാംബികയില്‍ എന്നേയും കൊണ്ടുപോയി. എന്റെ കാല്‍തൊട്ടു വന്ദിച്ചു. തിരക്കഥ പൂജിച്ചു. അതിന്റെയൊക്കെ ഫോട്ടോ വിമല്‍ എടുത്തുവെച്ചു. പക്ഷേ, തിരക്കഥ തന്നില്ല. അവന്‍കൊണ്ടുപോയി.
പിന്നീട് എന്റെ അനിയന്‍ മരിച്ചു. ഇളയവര്‍ മരിക്കുമ്പോള്‍ നമുക്ക് തീരെ താങ്ങാന്‍ പറ്റില്ല. ആ സമയത്താണ് വിമല്‍ തിരക്കഥ മുക്കം ഭാസിയെ ഏല്‍പിച്ചത്. പതിനെട്ട് ദിവസത്തോളം ഞാന്‍ സേവാമന്ദിറില്‍ വന്നിരുന്നില്ല. പിന്നീട് ഞാന്‍ സേവാമന്ദിറിലെത്തിയപ്പോള്‍ തിരക്കഥ കണ്ടു. 

ഒരു സീന്‍ വായിച്ചപ്പോള്‍ തന്നെ  ഞാന്‍ ഞെട്ടിപ്പോയി. എല്ലാവര്‍ക്കും പ്രിയങ്കരനായ ബഹുമാന്യനായ എന്റെഅച്ഛനെ കടവില്‍ വെച്ച് ഒരു തേങ്ങാച്ചവടക്കാരന്‍ ഉന്തിയിടുന്ന സീനായിരുന്നു അത്. എന്റെ കണ്ണില്‍ ഇരുട്ടു കയറി. എട്ട് കാര്യസ്ഥന്‍മാരുള്ള തറവാടായിരുന്നു എന്റേത്. അങ്ങിനെയുള്ള  അച്ഛനെ, ഒരു കച്ചവടക്കാരനോടും അടികൂടാത്ത എന്റെ അച്ഛനെ ഈ രീതിയിലാണല്ലോ ചിത്രീകരിച്ചത് എന്നറിഞ്ഞപ്പോള്‍ ഞാന്‍ തകര്‍ന്നു പോയി. വീട്ടുകാര്‍ അറിഞ്ഞാല്‍ എന്തു കരുതും. ഞാന്‍ പറഞ്ഞുകൊടുത്തതാണെന്നു കരുതുമോ? വീട്ടുകാരോട് ഞാനെന്തു പറയും. ഞാനൊരു ഹാര്‍ട്ട് പേഷ്യന്റാണ്. അതുകൂടി പറയട്ടെ. വളരെ അസ്വസ്ഥമായിരുന്ന ഒരു സന്ദര്‍ഭമായിരുന്നു അത്. ഞാന്‍ സംവിധായകന്‍ വിമലിനെ പലവട്ടം വിളിച്ചു. കിട്ടിയില്ല. വിമലിന്റെ ഒരു അസിസ്റ്റന്റിനെ വിളിച്ചു, ഒന്നു എന്നെ വിളിക്കാന്‍  പറയുമോ എന്നു ചോദിച്ചു. വിളിച്ചില്ല. പിന്നെ ഞാന്‍ അമേരിക്കയിലേക്ക് പ്രൊഡ്യൂസര്‍ സുരേഷിനെ വിളിച്ചു വിവരം പറഞ്ഞു. ഞാന്‍ സ്‌ക്രിപ്റ്റ് മുഴുവന്‍ വായിച്ചില്ല. കണ്ണൊക്കെ ഇരുട്ടുമൂടിക്കഴിഞ്ഞിരുന്നു. ഇങ്ങിനെയാണ് തുടക്കമെങ്കില്‍ അതിന്റെ ബാക്കി എങ്ങിനെയാകുമെന്ന് ചിന്തിക്കാന്‍ പോലും കഴിയാതെ ഞാന്‍ സുരേഷിനോട് വിളിച്ചു പറഞ്ഞു. സുരേഷ്, ഒരു രംഗമേ ഞാന്‍ വായിച്ചിട്ടുള്ളു. ആ രംഗം ഇങ്ങിനെയാണ്. അത് ഉടന്‍ കട്ട് ചെയ്യാന്‍ പറയണം.  ചേച്ചീ കട്ട് ചെയ്യാമെന്ന് സുരേഷ് പറഞ്ഞു. പിന്നെയും ഞാന്‍ വായിച്ചപ്പോള്‍ വളരെ അബദ്ധകരമായാണ് എല്ലാത്തിന്‍റെയും പോക്ക്്.

സ്‌ക്രിപ്റ്റ് എന്നെ ആകെ നിരാശപ്പെടുത്തി. എന്തിന് ഈ അസത്യങ്ങള്‍ പറയുന്നു. ജീവിച്ചിരിക്കുന്ന വ്യക്തികളെ കുറിച്ച് എന്തിന് അസത്യങ്ങള്‍ പറയുന്നുവെന്നാണ് എന്റെ അസ്വസ്ഥമായ മനസ്സ് ചോദിച്ചു കൊണ്ടിരുന്നത്. ഓരോ സീനിലും ഞാന്‍ അടയാളപ്പെടുത്തി. മാറ്റം വരുത്താന്‍ വിമലിനെ വിളിച്ചു കൊണ്ടേയിരുന്നു. പിന്നെ വിമല്‍ വരുന്നത് മൊയ്തീന്റെ സഹോദരന്‍ ബി.പി. റഷീദിനേയും കൂട്ടിയാണ്. റഷീദ് ചോദിച്ചു, നിങ്ങള്‍ക്ക് എന്താണ് ഇതില്‍ അസ്വസ്ഥതയുള്ളത്. 
ഞാന്‍പറഞ്ഞു, മോനേ ഇത് ആകെ അസ്വസ്ഥതയാണ്. എന്റെ വീട്ടുകാര്‍ ഇതു കണ്ടാല്‍ പിന്നെ ഞാന്‍ ആത്മഹത്യ ചെയ്യുകയേ നിവൃത്തിയുള്ളു. 
വളരെ കൂളായി റഷീദ് പറഞ്ഞു, ഞാന്‍ വായിച്ചു നോക്കട്ടെയെന്ന്. നീ വായിച്ചു നോക്കേണ്ട, ഞാന്‍ എല്ലാറ്റിനും അടയാളമിട്ടിട്ടുണ്ട്, വിമലാണ് ഇത് തിരുത്തേണ്ടത് എന്നു ഞാന്‍ പറഞ്ഞു.റഷീദ് എന്റെ സ്‌ക്രിപ്റ്റ് പിടിച്ചു വലിച്ചു വാങ്ങി. നിങ്ങളെ അസ്വസ്ഥപ്പെടുത്തിയത് എന്താണെന്ന് അറിയണമെന്ന് വളരെ തന്ത്രപൂര്‍വം പറഞ്ഞ് സ്‌ക്രിപ്റ്റ് കൊണ്ടുപോയി. എന്റെ അടുത്തു ഒരു തെളിവുമില്ല. ഞാന്‍ എന്തിന് എതിര്‍ത്തു, ഏതിന് എതിര്‍ത്തു എന്നതിന് ഒരു തെളിവുമില്ല എന്റെ കയ്യില്‍ അവശേഷിച്ചിട്ടില്ല. തിരുത്താന്‍ വേണ്ടി കാര്യങ്ങള്‍ രേഖപ്പെടുത്തിയ ഒരു പേപ്പറുണ്ടായിരുന്നു എന്റെ കയ്യില്‍. അത് ഞാന്‍ വിമലിനു കൊടുക്കുകയും ചെയ്തു. എന്നിട്ടും അത് തിരുത്തിയോ ഇല്ലയോ എന്ന് കാര്യവും അറിയിക്കുന്നില്ല. പിന്നെയും പിന്നെയും വിമലിനെ വിളിച്ചു. ആ നമ്പര്‍ നിലവിലുണ്ടായിരുന്നില്ല.  അന്വേഷിച്ചപ്പോള്‍ അത് അവന്റെ നമ്പറേ അല്ലെന്ന് മനസ്സിലായി. 
ഞാന്‍ ആകെ അസ്വസ്ഥമായി. മാനസിക സമ്മര്‍ദത്തിലായി. സേവാമന്ദിറിലിരുന്നു ഇനി ആത്മഹത്യ ചെയ്യുകയാണ് നല്ലതെന്ന് തലക്കടിച്ചപറഞ്ഞു പോയി. അന്ന് അവിടെ ആരോ ഉണ്ടായിരുന്നു. ഞാന്‍ ശ്രദ്ധിച്ചില്ല. അത് മാധ്യമങ്ങളില്‍ ചോരുകയും ചാനല്‍ പട എന്റെ പിറകെ ഓടുകയും ചെയ്തു. സത്യത്തില്‍ എന്താണ് പറയുന്നതെന്ന് എനിക്ക് ഓര്‍മയില്ല. ഞാന്‍ അത്രയ്ക്ക് അസ്വസ്ഥതയായിരുന്നു. 

ഞാന്‍ അസ്വസ്ഥയായത് അറിഞ്ഞപ്പോള്‍ എന്റെ അനിയത്തി അഡ്വ. ആനന്ദകനകം കാറുമായി ഓടിയെത്തി എന്നെ പിടിച്ചു കൊണ്ടുപോയി. ഞാന്‍ എന്തെങ്കിലും അപകടം ചെയ്യുമെന്ന് അവര്‍ കരുതിക്കാണും. എന്റെ ജീവന്‍ ആ കാലഘട്ടത്തില്‍  പിടിച്ചുവെയ്ക്കുന്നതില്‍ വലിയ പങ്കുവഹിച്ച ആളാണ് അഡ്വ. ആനന്ദകനകം, എന്റെ അനുജന്‍ സുരേഷ് ബാബു. എനിക്ക് പുനര്‍ജന്മം നല്‍കിയ ഉമ്മയെ ഞാന്‍ മനസ്സ് കൊണ്ട് ആദരിച്ചിരിക്കുകയായിരുന്നു. കാരണം എനിക്ക് രണ്ടാം ജന്മം തന്നത് ഉമ്മയാണ്. ആ ഉമ്മയെ ആ വേദിയിലെത്തിച്ചതില്‍ പ്രധാന പങ്കുവഹിച്ചത് പെരുമ്പടപ്പില്‍ അച്യുതന്‍ എന്ന എന്റെ അച്ചുവേട്ടനാണ്. വളരെ മാന്യനായ വ്യക്തിയാണ് അദ്ദേഹം. സിനിമയില്‍ അദ്ദേഹത്തെ, അപകടരമായ രീതിയില്‍ കാണിച്ചുവെന്ന് കേട്ടു. ഞാന്‍ കണ്ടിട്ടില്ല. അച്ചുവേട്ടനോട് മനസ്സു കൊണ്ട് ഞാന്‍ മാപ്പു ചോദിക്കുകയാണ്. 

എന്റെ മകന്‍ ദിലീപിനോട് ഒന്നുകൂടി ഞാന്‍ പറയുകയാണ്. നിക്ക് അവരോട് ആരോടും ഒരു വിദ്വേഷവുമില്ല. ലോകത്തില്‍ ആരോടും വിദ്വേഷം പുലര്‍ത്തുന്ന ഒരു ഹൃദയമല്ല എന്റേത്. വളരെ മുറിപ്പെട്ട ഹൃദയമാണ് എന്റേത്. അവരുടെ വരവും കോളും കാത്തിരുന്നിരുന്നുഞാന്‍. പക്ഷേ, കണ്ടിട്ടില്ല. പിന്നെ കേസിന്റെ കാര്യം. അവര്‍ അവസാനം വരെ, എന്താണ് ചെയ്യുന്നതെന്ന് കാണിക്കില്ല. ഷൂട്ടിംഗ് കാണിക്കില്ല. ഷൂട്ടിംഗ് കഴിഞ്ഞതിനു ശേഷം പ്രിവ്യൂ കാണിക്കില്ല. എന്റെ പിന്നില്‍ വളരെ വലിയ മനുഷ്യരുണ്ട് എന്നത് ഒരു കാര്യമായി അവര്‍ എടുത്തിരിക്കുകയാണ്. കാരണം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ  13 പേജുള്ള ഒരു ലേഖനം വന്നിരുന്നു. ആ ലേഖനം കണ്ടപ്പോള്‍ പ്രമുഖരായ പല സംവിധായകരും നിർമാതാക്കളും എന്നെയും എം.എന്‍. കാരശ്ശേരിയേയും മറ്റും സമീപിച്ചിരുന്നു. അവരൊടൊക്കെ ഞാന്‍ പറഞ്ഞു,  ഞാന്‍ വാക്കു പറഞ്ഞു പോയി. എനിക്ക് വാക്കാണ് വലുതെന്ന്. അപ്പോള്‍ എം.എന്‍ കാരശ്ശേരി പറഞ്ഞു, കാരശ്ശേരി വളരെ സത്യസന്ധനായ മനുഷ്യനാണ്. ശരിയാണ് കാഞ്ചനേടത്തീ, വാക്കാണ് വലുത്, പണമല്ലെന്ന് അദ്ദേഹം പറഞ്ഞു. പിന്നെ സേവാമന്ദിരം പ്രവര്‍ത്തിച്ച വീട് പൊളിച്ചുമാറ്റിയപ്പോള്‍, എന്റെ വേദന പങ്കിടുന്നതിനു വേണ്ടി മാത്രം പറയുകയാണ്, 

തുടക്കത്തിലെ പ്രൊഡ്യൂസര്‍ മൊയ്തീന്റെ സഹോദരന്‍ ബി.പി. റഷീദാണ്. റഷീദിന് അത്ര കാശ് മുടക്കാനില്ലാത്തതുകൊണ്ടാണ് പിന്നെ വേറെ പ്രൊഡ്യൂസറെ അവതരിപ്പിച്ചത്. അന്ന് പ്രൊഡ്യൂസറായി അവതരിപ്പിച്ചത് പ്രസിദ്ധ സംഗീതജ്ഞന്‍ രമേശ് നായാരണനായിരുന്നു. അദ്ദേഹത്തിന്റെ ഒരു ചെക്ക് സിനിമക്കു വേണ്ടിയല്ല, സേവാമന്ദിര്‍ നിര്‍മാണ ഫണ്ടിലേക്കാണ് എന്നു വ്യക്തമാക്കിയാണ് സംഭാവന തന്നത്. സിനിമക്കു വേണ്ടി ഒരു കാശിനും ഞാനെന്‍റ  കഥ വിറ്റിട്ടില്ല. കേസായപ്പോള്‍ വിമല്‍ കോടതിയില്‍ പറഞ്ഞു, ബില്‍ഡിംഗ് ഫണ്ടിലേക്ക് തന്ന പണം കാഞ്ചനക്ക് സിനിമക്കു വേണ്ടി അഞ്ച് ലക്ഷം കൊടുത്തതാണെന്ന്. എന്റെ വേദന എത്രയായിരിക്കും. ഒന്ന് ഓര്‍ക്കൂ. എന്റെ വേദന എത്രയായിരിക്കും. എന്നിട്ടും ഞാന്‍ അത് സഹിച്ചു. ഒത്തുതീര്‍പ്പു കോടതിയില്‍ ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം നടത്തി. അപ്പോഴും അവര്‍ അവതരിപ്പിച്ച പേപ്പര്‍ യഥാര്‍ഥത്തില്‍ ഒത്തുതീര്‍പ്പു കോടതിയിലെ ജഡ്ജിക്കു പോലും തൃപ്തികരമായിരുന്നില്ല. അവിടെ വെച്ച് ഒത്തുതീരേണ്ട ഒരു സാധനം ഒത്തുതീരാതെ പോയതിനു കാരണം ഞങ്ങളല്ല, അവരാണ്.പിന്നീട് വീണ്ടും ജില്ലാ കോടതിയില്‍ അത് എത്തി. അവര്‍ സമ്മതിക്കുന്നില്ല. സിനിമ എന്നെ കാണിക്കാനോ അഭിപ്രായങ്ങള്‍ തേടാനോ സമ്മതിക്കുന്നില്ല. ഷൂട്ടിംഗ് കഴിഞ്ഞു പോയി. അങ്ങിനെ ഒരു ദിവസത്തെ പ്രദര്‍ശനത്തിന് അനുമതി വാങ്ങിയാണ് ചിത്രം റിലീസും ചെയ്തത്. ആ ഒരു ദിവസത്തെ പ്രദര്‍ശനം കണ്ടിട്ട് എനിക്ക് ഇഷ്ടമില്ലാത്ത എന്തെങ്കിലും അതിലുണ്ടെങ്കില്‍ സ്റ്റേ ചെയ്യാനുള്ള അധികാരവും ഞങ്ങള്‍ക്ക് തന്നതു കൊണ്ടാണ് കോടതി അനുമതി നല്‍കിയത്.
അങ്ങിനെ പടം വന്നപ്പോള്‍, എന്നെ വേദനിപ്പിച്ച സംഭവമായതു കൊണ്ട് ഞാന്‍ പറഞ്ഞു, ഞാന്‍ പടം കാണുന്നില്ല. അനിയത്തി അഡ്വ. ആനന്ദകനകവും മറ്റ് ബന്ധുക്കളും പടം പോയി കാണുകയും സ്‌റ്റേ ചെയ്യാന്‍ മാത്രം ഒന്നും ഇല്ലെന്നും അതൊരു പാപമാണെന്ന് അവര്‍ക്ക് ബോധ്യം വരുകയും ചെയ്തു. അച്ഛനെ ഉന്തി വീഴ്ത്തുന്ന സീനും എനിക്കൊരു സീറ്റിനു വേണ്ടി അച്ഛന്‍ കൈനീട്ടുന്ന സീനൊക്കെ ഒഴിവാക്കിയതുകൊണ്ട സമ്മതിക്കുകയും ചെയ്തു.
പല കാര്യങ്ങളുമുണ്ട്. അതൊന്നും ഇവിടെ ചര്‍ച്ച ചെയ്യുന്നില്ല. സ്റ്റേ ചെയ്യേണ്ടതില്ലെന്ന് വക്കീലിനെ അറിയിക്കുകയായിരുന്നു. കേസ് ഒത്തുതീര്‍പ്പാക്കാമെന്ന് വക്കീല്‍ പറഞ്ഞതാണ്.

ചലച്ചിത്ര പ്രവര്‍ത്തകര്‍ സേവാമന്ദിറിലേക്ക് കടക്കരുതെന്ന് കേസിലില്ല. അതും പറഞ്ഞ് സേവാമന്ദിറിലേക്ക് വരാതിരിക്കേണ്ട ഒരു ആവശ്യവുമില്ല. വരാതിരിക്കുന്നത് അവരുടെ മനസ്സിലുള്ള കരിനിഴലാണ്. ഞങ്ങളുടെ കുറ്റമല്ല.മോന്‍ അതു പറഞ്ഞതുകൊണ്ടാണ്  ഇത്രയും പറഞ്ഞു. ഒരു ഭാഗം കേട്ടാണ് മോന്‍ വന്നത്. അതുകൊണ്ടാണ് മുഴുവനില്ലെങ്കിലും കുറച്ചെങ്കിലും ഇവിടെ പറഞ്ഞത്. ലോകത്തിലെ ഏറ്റവും സംതൃപ്തയായ ഒരു അമ്മയായി എന്നെ മാറ്റിയ ദിലീപിനോട് എങ്ങിനെ നന്ദി പറയമണെന്ന് എനിക്കറിയില്ല. 

തന്നെയുമല്ല, ബിപി മൊയ്തീന്‍ സേവാമന്ദിര്‍.വായില്‍ സ്വർണക്കരണ്ടിയുമായി ജനിച്ച ഒരു മനുഷ്യനാണ്. അവസാനം എല്ലാം നഷ്ടപ്പെട്ടെങ്കിലും ബാപ്പയുടെ മരണത്തോടെ എല്ലാം കൈവന്നതായിരുന്നു. പക്ഷേ, ശാപം കൊണ്ടാകാം അത് ഉപയോഗിക്കാന്‍ കഴിയാതെ പോയി. ഇപ്പോള്‍ അദ്ദേഹം ജനിച്ച വീടില്ല. അത് ഉമ്മയുടെ വീടായിരുന്നു. വളര്‍ന്ന വീട് ബാപ്പയുടെ വീടായിരുന്നു. അതുമില്ല. മൊയ്തീനു വേണ്ടി നിര്‍മിച്ച വീടുമില്ല. അവസാന കാലത്ത് മൊയ്തീന് താമസിക്കാന്‍ ബാപ്പ കൊടുത്ത വീടായിരുന്നു സേവാമന്ദിരമായി ഉമ്മ മാറ്റിയിരുന്നത്. അതും ഇപ്പോഴില്ല. ഇപ്പോഴുള്ളത് മൊയ്തീന്റെ ബന്ധുക്കള്‍ ദാനം തന്ന 8.7 സെന്റ് ഭൂമിയാണ്. ആ ഭൂമിയിലാണ് ആ രാജകുമാരന് നമ്മള്‍ സ്മാരകം ഒരുക്കാന്‍ പോകുന്നത്. അതിനു മുന്നോട്ടു വന്ന ദിലീപിന് ഒരിക്കല്‍കൂടി നന്ദി പറയുന്നു. 

ഈ സ്മാരകം ഇവിടെയുള്ള ട്രസറ്റിമാരുടേയോ അംഗങ്ങളുടേ മാത്രമല്ല. അത് കാത്തുരക്ഷിക്കാന്‍ മാത്രമുള്ളവരാണ് ഞങ്ങള്‍. ഇത് നമ്മുടെ സമൂഹത്തിനുള്ളതാണ്, മൊയ്തീന്‍ സമൂഹത്തിന്റേതായിരുന്നു. മൊയ്തീനു വേണ്ടി ഒന്നുമുണ്ടാക്കിയിട്ടില്ല. മൊയ്തീനു വേണ്ടി ജീവിച്ചിട്ടില്ല. ആ മനുഷ്യന്റെ സ്മാരകം ദുഃഖിക്കുന്ന ദുരിതമനുഭവിക്കുന്ന ആളുകള്‍ക്കുള്ളതാണ്. അത് കാത്തുരക്ഷിക്കാന്‍ ബദ്ധശ്രദ്ധയോടെ ബഹുജനം ഞങ്ങളെ വീക്ഷിക്കുകയും സുതാര്യമല്ലെങ്കില്‍ അത് അടിച്ചു തകര്‍ക്കാനുള്ള അധികാരം കൂടി ഞാന്‍ നിങ്ങള്‍ക്ക് നല്‍കുയാണ്. സമൂഹത്തിന് അത് സമര്‍പ്പിച്ചു കൊണ്ട് എന്റെ വാക്കുകള്‍ ഞാന്‍ അവസാനിപ്പിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kanchnamalaActor Dileep
Next Story