പ്രേമം സെന്‍സര്‍ കോപ്പി അന്വേഷണ സംഘം പിടിച്ചെടുത്തു
text_fieldsതിരുവനന്തപുരം: ‘പ്രേമം’ സിനിമ ഇന്‍റര്‍നെറ്റില്‍ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ആന്‍റി പൈറസി സെല്‍ തിരുവല്ലത്തെ സെന്‍സര്‍ ബോര്‍ഡ് ആസ്ഥാനത്ത് റെയ്ഡ് നടത്തി. റെയ്ഡില്‍ ചിത്രത്തിന്‍െറ നാല് ഡീവീഡികള്‍ പിടിച്ചെടുത്തു. അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടും ചിത്രത്തിന്‍െറ മാസ്റ്റര്‍ കോപ്പി കൈമാറാത്തതിനെതുടര്‍ന്ന് അധികൃതര്‍ കോടതിയെ സമീപിച്ച് പരിശോധനാ വാറണ്ട് വാങ്ങിയിരുന്നു. വെള്ളിയാഴ്ച ഉച്ചക്കുശേഷമായിരുന്നു റെയ്ഡ് ആരംഭിച്ചത്. സെന്‍സര്‍ ബോര്‍ഡില്‍ എത്തിയ സംഘം ചിത്രത്തിന്‍െറ കോപ്പി ആവശ്യപ്പെട്ടിട്ടും കൈമാറാന്‍ അധികൃതര്‍ തയാറായില്ല. തുടര്‍ന്ന് വാറണ്ട് കൈമാറി പരിശോധന നടത്തുകയായിരുന്നു. ഡീവീഡികള്‍ കണ്ടെടുത്തശേഷം അന്വേഷണസംഘം എഡിറ്റ് സ്യൂട്ടില്‍ പരിശോധന നടത്തി. ചിത്രത്തിന്‍െറ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളില്‍ പങ്കെടുത്ത ജീവനക്കാരുടെ മൊഴിയെടുത്തു. ഇവിടെനിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്നാണ് അറിയുന്നത്.
എന്നാല്‍, അന്വേഷണത്തിന്‍െറ കൂടുതല്‍ വിവരങ്ങള്‍ കൈമാറാന്‍ അധികൃതര്‍ തയാറായില്ല. അതേസമയം, സെന്‍സര്‍ ബോര്‍ഡില്‍നിന്നുതന്നെയാണ് മാസ്റ്റര്‍ കോപ്പി പുറത്തായതെന്ന സൂചനകള്‍ പുറത്തുവരുന്നുണ്ട്. ശാസ്ത്രീയ പരിശോധനയിലൂടെ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂവെന്നും പറയുന്നു. സെന്‍സര്‍ സര്‍ട്ടിഫൈഡ് വാട്ടര്‍മാര്‍ക്കുള്ള പകര്‍പ്പാണ് ഇന്‍റര്‍നെറ്റില്‍ പ്രചരിച്ചത്. ഇതുസംബന്ധിച്ച വ്യക്തതക്കാണ് സെന്‍സര്‍ ബോര്‍ഡിനോട് ഡീവീഡി ആവശ്യപ്പെട്ടത്. എന്നാല്‍, ബോര്‍ഡ് അധികൃതര്‍ നിസ്സഹകരണം തുടര്‍ന്നതോടെ അന്വേഷണസംഘം അന്ത്യശാസനം നല്‍കി കത്ത് കൈമാറി. രണ്ടുദിവസം സാവകാശം നല്‍കിയാണ് കത്ത് കൈമാറിയതെങ്കിലും തിരിമറികള്‍ നടക്കാന്‍ സാധ്യതയുള്ളതിനാല്‍ റെയ്ഡിന് തീരുമാനിക്കുകയായിരുന്നു. രാത്രി വൈകിയും പരിശോധന തുടരുകയാണ്. അതേസമയം, പരിശോധനയെ തുടര്‍ന്ന് സെന്‍സര്‍ ബോര്‍ഡിലെ മറ്റ് ജോലികള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. പരിശോധന പൂര്‍ത്തിയാകുന്ന മുറക്കേ മറ്റ് ചിത്രങ്ങളുടെ എഡിറ്റിങ് ജോലികള്‍ പൂര്‍ത്തിയാക്കാനാകൂവെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
