സൽമാൻ ഖാനെതിരായ എല്ലാ ക്രിമിനൽ കേസുകളും സുപ്രീം കോടതി റദ്ദാക്കി

13:06 PM
03/12/2019

ന്യൂഡൽഹി: “ലൗയാത്രി - പ്രണയത്തിൻെറ യാത്ര” എന്ന സിനിമയുമായി ബന്ധപ്പെട്ട് ബോളിവുഡ് നടൻ സൽമാൻ ഖാനെതിരെ രജിസ്റ്റർ ചെയ്ത എല്ലാ ക്രിമിനൽ കേസുകളും സുപ്രീംകോടതി റദ്ദാക്കി. ഖാനെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ എഫ്‌.ഐ.ആർ/ക്രിമിനൽ പരാതികളും റദ്ദാക്കണമെന്ന് കഴിഞ്ഞ ആഴ്ച പുറപ്പെടുവിച്ച ഉത്തരവിൽ കോടതി വ്യക്തമാക്കി.

ചിത്രം റിലീസ് ചെയ്തിട്ടുണ്ടെന്നും രാജ്യമെമ്പാടും പ്രദർശിപ്പിച്ചതാണെന്നും ജസ്റ്റിസുമാരായ എ.എം ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു. അതിനാൽ, സിനിമയുമായി ബന്ധപ്പെട്ട് ഖാനെതിരായ ക്രിമിനൽ കേസുകൾ റദ്ദാക്കാൻ കോടതി ആവശ്യപ്പെട്ടു.

മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഗുജറാത്തിലും ബീഹാറിലും കേസുകൾ രജിസ്റ്റർ ചെയ്തതിനെ തുടർന്നാണ് സിനിമയുടെ നിർമാതാവ് കൂടിയായ സൽമാൻ ഖാൻ സുപ്രീംകോടതിയെ സമീപിച്ചത്. ഹിന്ദു ഉത്സവമായ നവരാത്രിയെ ‘ലവ് രാത്രി’ എന്ന് വിളിക്കുകയായിരുന്നു എന്നാണ് വലതുപക്ഷ വിഭാഗക്കാരുടെ ആരോപണം. ചിത്രത്തിൻെറ പേര് പിന്നീട് ലവ് യാത്രി എന്നാക്കി മാറ്റി. 

ചിത്രത്തിന് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ടെന്നും ക്രിമിനൽ നിയമം നടപ്പാക്കരുതെന്നും ഖാൻ വാദിച്ചിരുന്നു. തുടർന്ന് കേസിൽ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ സുപ്രീംകോടതി സൽമാൻ ഖാന് ഇടക്കാല ആശ്വാസം നൽകിയിരുന്നു. നിർമാണ കമ്പനിയായ സൽമാൻ ഖാൻ ഫിലിംസാണ് ലവ് യത്രി എന്ന ചിത്രം നിർമിച്ചത്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ചിത്രം റിലീസ് ചെയ്തത്.

Loading...
COMMENTS