മോദി സിനിമയുടെ റിലീസിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി

13:14 PM
09/04/2019

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവചരിത്രം പറയുന്ന സിനിമ പി.എം നരേന്ദ്ര മോദിയുടെ റിലീസിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി. സെൻസർ ബോർഡും തെരഞ്ഞെടുപ്പ് കമീഷനുമാണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.

കോടതിയുടെ വളരെയേറെ സമയം ആണ് ഇത്തരത്തിലുള്ള വിഷയം കളയുന്നതെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് പറഞ്ഞു. തീരുമാനമെടുക്കാൻ തെരഞ്ഞെടുപ്പ് കമീഷന് നിർദേശം നൽകാനും അദ്ദേഹം വിസമ്മതിച്ചു. സെൻസർ ബോർഡ് ഉള്ളടക്കം പരിശോധിക്കുകയും പ്രൊപ്പഗണ്ടയുണ്ടോയെന്ന് തെരഞ്ഞടുപ്പ് കമീഷൻ പരിശോധിക്കുകയും ചെയ്തതിന് ശേഷമാണ് ഈ സിനിമ റിലീസ് ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കുകയെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. 

ചിത്രത്തിൻെറ റിലീസ് മാറ്റാൻ ആവശ്യപ്പെടുന്ന ഹരജിയിൽ ഉത്തരവ് പുറപ്പെടുവിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. ആരും കാണാത്ത ഈ സിനിമയിൽ എങ്ങനെ നടപടി സ്വീകരിക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ചോദിച്ചു. പരാതിക്കാരൻ രേഖകൾ സഹിതം വരികയാണെങ്കിൽ ഉത്തരവിടാൻ കഴിയുമെന്ന് ബെഞ്ച് വ്യക്തമാക്കി.

സിനിമയിൽ എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടെന്ന വിശദാംശങ്ങൾ സമർപ്പിക്കാൻ ഹരജിക്കാരൻെറ അഭിഭാഷകൻ അഭിഷേക് മനു സിങ് വിയോട് കോടതി ആവശ്യപ്പെട്ടു. അതിന് സിനിമയുടെ പകർപ്പ് നൽകണമെന്ന സിങ് വിയുടെ അഭ്യർഥന കോടതി തള്ളി. ചിത്രത്തിൻെറ ട്രെയിലറിലെ കാഴ്ചകളാണ് തൻെറ വാദങ്ങളുടെ അടിത്തറയെന്ന് സിങ് വി വ്യക്തമാക്കിയിരുന്നു. 2019 ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് ആരംഭിക്കുന്ന ആദ്യ ദിനമായ എപ്രിൽ11നാണ് ചിത്രത്തിൻെറ റിലീസ്.

Loading...
COMMENTS