മുംബൈ: പ്രമുഖ ബോളിവുഡ് നടി റിത ഭാദുരി (62) അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടർന്ന് ചൊവ്വാഴ്ച പുലർച്ച 1.45ന് വിലെ പാർലെയിലെ സുജയ് ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്കരോഗത്തെ തുടര്‍ന്ന് രണ്ടാഴ്ചയോളമായി ചികിത്സയിലായിരുന്നു. ഉച്ചയോടെ അന്ധേരി, ചക്കാലയിലെ പാഴ്സിവാഡ ശ്മശാനത്തില്‍ സംസ്കാരം നടന്നു.
എം.ടി. വാസുദേവന്‍ നായരുടെ രചനയില്‍ സേതുമാധവന് സംവിധാനം ചെയ്ത ‘കന്യാകുമാരി’യില്‍ കമൽഹാസെൻറ നായികയായിരുന്നു. മലയാളം, ഗുജറാത്തി ഭാഷകളിലടക്കം 71 സിനിമകളിലും 30 ഓളം ടി.വി പരമ്പരകളിലും അഭിനയിച്ചു.
1955 നവംബര്‍ നാലിന് ലഖ്നോവിലായിരുന്നു ജനനം. നടി ചന്ദ്രിമ ഭാദുരിയാണ് അമ്മ. 12ാം വയസ്സില്‍ ‘തെരി തലാഷ്മെ’ (1968)യിലൂടെയാണ് സിനിമാ പ്രവേശനം. 1974 ല്‍ ‘കന്യാകുമാരി’യിലൂടെയാണ് നായിക വേഷത്തിന് തുടക്കം. പിന്നീട് തിരക്കേറിയ നടിയായി മാറി. 1973ല്‍ പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് നടി സറീന വഹാബിനൊപ്പം പഠിച്ചിറങ്ങിയ ശേഷമാണ് ‘കന്യാകുമാരി’യില്‍ അഭിനയിക്കാന്‍ എത്തുന്നത്.
തുടര്‍ന്ന് ജൂലി, ഉദാര്‍ ക സിന്ദൂര്‍, അനുരോധ്, ഘർ ഹോ തൊ െഎസാ, അന്ത്, വിരാസത്, രാജ, ക്യാ കെഹ്ന, ഹീറോ നമ്പർ വൺ, ബേതാ തുടങ്ങി നിരവധി ചിത്രങ്ങളില്‍ നായിക, സഹനടി, അമ്മ, മുത്തശ്ശി കഥാപാത്രങ്ങളായി അഭിനയിച്ചു. നടന് രാജീവ് വര്‍മയാണ് ഭര്‍ത്താവ്. ശിലാദിത്യ വര്‍മ, തതാഗത് വര്‍മ എന്നിവര്‍ മക്കളാണ്.