മുസ് ലിം യുവാവിനെ പ്രണയിച്ചതിന് പിതാവും സഹോദരനും മർദിച്ചുവെന്ന് സുനൈന റോഷൻ

13:54 PM
20/06/2019
Hrithik Sunaina

ബോളിവുഡ് താരങ്ങളായ ഹൃത്വിക് റോഷൻ -കങ്കണ റണാവത്ത് തർക്കം പുതിയ തലത്തിലേക്ക്. ഹൃത്വിക് റോഷന്‍റെ സഹോദരി സുനൈന റോഷനും മുസ് ലിം യുവാവും തമ്മിലുള്ള പ്രണയമാണ് പുതിയ വിവാദം. 

ഹൃത്വിക് റോഷനും പിതാവ് രാകേഷ് റോഷനും ചേർന്ന് സുനൈനയെ മർദിച്ചിരുന്നുവെന്ന കങ്കണയുടെ സഹോദരി രംഗോലി ചന്ദേലിന്‍റെ ട്വീറ്റാണ് വിവാദത്തിന് തിരികൊളുത്തിയത്. മുസ് ലിം ചെറുപ്പക്കാരനെ പ്രണയിച്ചതിനാണ് ഇരുവരും ചേർന്ന് സുനൈനയെ മർദിച്ചത്. പിങ്ക്് വില്ല മാഗസിന് നൽകിയ അഭിമുഖത്തിൽ സുനൈന ഇക്കാര്യങ്ങൾ സമ്മതിക്കുന്നുണ്ട്.

കഴിഞ്ഞ വർഷം താൻ മുസ്ലിം ചെറുപ്പക്കാരനെ(റുഹൈൽ) പ്രണയിച്ചിരുന്നു. ഇതറിഞ്ഞ പിതാവ് തന്നെ അടിച്ചു. റുഹൈൽ തീവ്രവാദിയെന്ന് പറഞ്ഞായിരുന്നു മർദനം. വിഷയത്തിൽ കൂടുതൽ കാര്യങ്ങൾ പറയാനില്ല. അവർ റുഹൈലിനെ അംഗീകരിക്കണം. അവരെല്ലാം ചേർന്ന് എന്‍റെ ജീവിതം നരകതുല്യമാക്കുകയാണ്. ഞാനും റുഹൈലും തമ്മിൽ കാണുന്നതിന് വിലക്കുണ്ട്. അദ്ദേഹം ഒരു മുസ്ലിമായതിനാണ് അവർ അംഗീകരിക്കാത്തത് -സുനൈന പറയുന്നു.

ഹൃത്വിക് റോഷൻ- കങ്കണ തർക്കത്തിൽ കങ്കണയെ പിന്തുണക്കുന്നുവെന്ന സുനൈനയുടെ ട്വീറ്റ് പുറത്തുവന്നതോടെയാണ് സംഭവം വീണ്ടും ചർച്ചയായത്.  നരകത്തിനുള്ളിലെ ജീവിതം തുടരുന്നു, ആകെ മടുത്തു എന്നിങ്ങനെയായിരുന്നു സുനൈനയുടെ ട്വീറ്റുകൾ. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ഇവര്‍ ഗുരുതരാവസ്ഥയിലാണെന്നും ബൈപോളാര്‍ ഡിസോഡറിന് ചികിത്സയിലാണെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ആ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ സുനൈന കുടുംബത്തിനെതിരേയും രംഗത്ത് വന്നിരുന്നു. 

'ഞാന്‍ ആശുപത്രിയില്‍ ചികിത്സയിലല്ല. എനിക്ക് ബൈപോളാര്‍ ഡിസോഡറുമില്ല. ഞാന്‍ മരുന്ന് കഴിക്കുന്നുണ്ട്. ഈ വാര്‍ത്തകള്‍ പ്രചരിക്കുമ്പോള്‍ സുഹൃത്തുക്കള്‍ക്കൊപ്പം ചെമ്പൂരിലായിരുന്നു. പിതാവിന്‍റെ വീട്ടില്‍ എത്തിയപ്പോഴാണ് വിവരങ്ങള്‍ അറിയുന്നത്. മദ്യപാനത്തില്‍നിന്ന് മുക്തി നേടാന്‍ ഞാന്‍ നേരത്തേ ചികിത്സ നടത്തിയിട്ടുണ്ട്. ലണ്ടനിലായിരുന്നു ഞാന്‍. അതെല്ലാം ശരിയായി. അപ്പോഴാണ് അച്ഛന് തൊണ്ടയില്‍ അര്‍ബുദമാണെന്ന് അറിയുന്നത്. ആ സമയം മുഴുവന്‍ അദ്ദേഹത്തിന്‍റെ രോഗശാന്തിക്ക് വേണ്ടി പ്രാര്‍ഥിക്കുകയായിരുന്നു. അതേ സമയം സുനൈന കങ്കണയുമായി ബന്ധപ്പെട്ടുവെന്നും മാപ്പ് തരണമെന്ന് പറഞ്ഞുവെന്നും കങ്കണയുടെ സഹോദരിയും മാനേജരുമായ രംഗോലി ചന്ദേല്‍ ട്വീറ്റ് ചെയ്തിരുന്നു.

കങ്കണയും ഹൃത്വിക്കും തമ്മില്‍ അടുപ്പമുണ്ടായിരുന്ന സമയത്ത് ഹൃത്വിക് തന്‍റെ പി.ആര്‍ ടീമിനെ ഉപയോഗിച്ച് സുനൈനക്ക് മാനസിക പ്രശ്നമുണ്ടെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നുവെന്ന് രംഗോലി കൂട്ടിച്ചേര്‍ത്തു.   


 

Loading...
COMMENTS