വിദ്വേഷം വിൽക്കുന്നത് നിർത്തൂ; താക്കറെ ട്രെയിലറിനെതിരെ നടൻ സിദ്ധാർഥ്

12:43 PM
27/12/2018
SidharthThakkery

നവാസുദ്ദീൻ സിദ്ദീഖി ശിവസേന സ്ഥാപക നേതാവ് ബാൽതാക്കറെയായി വേഷമിടുന്ന ചിത്രത്തെ ചുറ്റിപ്പറ്റി വിവാദം പുകയുന്നു. കഴിഞ്ഞ ദിവസമാണ് 'താക്കറെ' എന്ന ചിത്രത്തിന്‍റെ ട്രെയിലർ റിലീസ് ചെയ്തത്. ഹിന്ദിയിലും മറാത്തിയിലുമായി റിലീസ് ചെയ്ത ട്രെയറിലൂടെ വിദ്വേഷം പ്രചരിപ്പിക്കുന്നുവെന്നാണ് പ്രധാന വിമർശനം. 

മറാത്ത ട്രെയിലറിൽ ദക്ഷിണേന്ത്യക്കാരെ അധിക്ഷേപിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി തമിഴ് നടൻ സിദ്ധാർഥ് അടക്കമുള്ളവർ രംഗത്തെത്തി. വിദ്വേഷം പ്രചരിപ്പിച്ചയാളെ മഹത്വവത്കരിക്കുന്ന ചിത്രമാണിത്. ഇത്തരം  പ്രൊപ്പഗാണ്ട ഉപയോഗിച്ച് പണമുണ്ടാക്കുകയാണോ, വിദ്വേഷം വിൽക്കുന്നത് നിർത്തൂവെന്നും സിദ്ധാർഥ് ട്വീറ്റ് ചെയ്തു. 

ഇതിന് പിന്നാലെ നവാസുദ്ദീൻ സിദ്ദീഖിയെയും വിമർശിച്ച് സിദ്ധാർഥ് രംഗത്തെത്തി.  യു.പിയില്‍ നിന്നുള്ള ഒരു മുസ്‍ലിം നടന്‍ കൃത്യമായ അജണ്ടയുള്ള മറാത്തി ചിത്രത്തിന്‍റെ ഭാഗമായി എന്നത് കാവ്യനീതിയാണെന്നും അദ്ദേഹം കുറിച്ചു. 

അതേസമയം, ഹിന്ദി ട്രെയിലറിൽ വിദ്വേഷ പരാമർശങ്ങൾ ഒഴിവാക്കിയിട്ടുണ്ട്.  താക്കറെ ശിവസേനക്ക് രൂപം നല്‍കുന്നതും ബാബരി മസ്ജിദ് തകർച്ചക്ക് ശേഷമുള്ള കലാപങ്ങളും ട്രെയിലറിലുണ്ട്. മുന്‍ പ്രധാന മന്ത്രിമാരായ ജവഹര്‍ലാല്‍ നെഹ്റു, ഇന്ദിര ഗാന്ധി എന്നിവരെയും കാണിക്കുന്നുണ്ട്. അതിനിടെ, ചിത്രത്തിലെ മൂന്ന് സംഭാഷണങ്ങള്‍ നീക്കം ചെയ്യണമെന്ന് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെടുകയും ചെയ്തു. 


Loading...
COMMENTS