കാമറൂണിനോട് ‘അവതാർ’ എന്ന പേര് നിർദേശിച്ചത് ഞാൻ; എന്നാൽ, സിനിമയിലെ വേഷം നിരസിച്ചു

15:04 PM
30/07/2019

ബോളിവുഡ് നടൻ ഗോവിന്ദയുടെ അഭിമുഖത്തെ ചൊല്ലി ട്വിറ്ററിൽ ട്രോളുകൾ നിറയുകയാണ്. ഗോവിന്ദ ഒരു ചാനലിൻ നൽകിയ അഭിമുഖമാണ് ട്വിറ്ററാട്ടികൾ ആഘോഷിക്കുന്നത്. 

ഹോളിവുഡ് ബ്ലോക്ക്ബസ്റ്റർ ചിത്രം 'അവതാർ' സിനിമയുടെ പേര് സംവിധായകൻ ജയിംസ് കാമറൂണിന് നിർദേശിച്ചത് താനാണെന്ന് ഗോവിന്ദ അഭിമുഖത്തിൽ പറഞ്ഞു. ചിത്രത്തിൽ തനിക്കൊരു വേഷം കാമറൂൺ കരുതിയിരുന്നു. എന്നാല്‍, ദേഹത്ത് നീല പെയിന്‍റ് പൂശാൻ ബുദ്ധിമുട്ടായതിനാൽ ചിത്രം ഒഴിവാക്കുകയായിരുന്നു.

ഏഴു വര്‍ഷമെടുക്കും ഈ പ്രൊജക്ട് മുഴുവനാക്കാനെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നു. അത് അദ്ദേഹത്തിന് ഇഷ്ടമായില്ല. അതെങ്ങനെ താങ്കള്‍ക്ക് ഉറപ്പിച്ചു പറയാനാകുമെന്ന് അദ്ദേഹം എന്നോട് ചോദിച്ചു. അവസാനം ഞാന്‍ പറഞ്ഞ പോലെ എട്ട്-ഒന്‍പത് വര്‍ഷം കൊണ്ടാണ് അത് റിലീസ് ചെയ്തതെന്നും ഗോവിന്ദ പറഞ്ഞു. 

ഈ സംഭാഷണങ്ങളാണ് ട്രോളുകളിൽ നിറയുന്നത്. ഗോവിന്ദയുടേത് 'തള്ളലാ'ണെന്ന് പറഞ്ഞാണ് പലരും രംഗത്തെത്തുന്നത്. ചുംബന രംഗമുള്ളതിനാല്‍ രാഖി സാവന്ത് ഗ്ലാഡിയേറ്റര്‍ സിനിമ നിരസിച്ചുവെന്നും സല്‍മാന്‍ ഖാന് ഫിസിക്‌സിന് നൊബേല്‍ സമ്മാനം ലഭിച്ചുവെന്നുമൊക്കെ പറയുന്നതു പോലെയാണ് ഗോവിന്ദയുടെ ഈ വെളിപ്പെടുത്തലെന്ന് ട്രോളന്മാർ പറയുന്നു.

അതിനിടെ, ഇക്കാര്യം ചൂണ്ടിക്കാട്ടി കാമറൂണിനും ചിലർ ട്വിറ്റർ സന്ദേശം അയച്ചിട്ടുണ്ട്.

Loading...
COMMENTS