സൽമാൻ ചിത്രത്തിൽ നിന്നും പ്രിയങ്ക പിൻമാറി; നിക്കുമായുള്ള വിവാഹം ഉടനെന്ന്
text_fieldsന്യൂഡൽഹി: അലി അബ്ബാസ് സഫർ സംവിധാനം ചെയ്യുന്ന സൽമാൻ ഖാൻ ചിത്രം ഭാരതിൽ നിന്ന് പ്രിയങ്ക ചോപ്ര പിൻമാറി. സിനിമയുടെ സംവിധായകൻ തന്നെയാണ് പ്രിയങ്ക സിനിമയുടെ ഭാഗമാവില്ലെന്ന് അറിയിച്ചത്. വർഷങ്ങൾക്ക് ശേഷം പ്രിയങ്കയും സൽമാനും ഒന്നിക്കുന്ന ചിത്രമായിരുന്നു ഭാരത്.
അതേ സമയം, പ്രിയങ്ക ചോപ്രയും കാമുകൻ നിക്ക് ജോനാസും തമ്മിലുള്ള വിവാഹം ഉടൻ നടക്കുമെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. ഇതാണ് പ്രിയങ്ക സിനിമയിൽ നിന്ന് പിൻമാറാൻ കാരണമെന്നാണ് വാർത്തകൾ. വളരെ സവിശേഷമായ കാര്യത്തിനായാണ് പ്രിയങ്ക സിനിമയിൽ നിന്ന് പിൻമാറിയതെന്നും അവർക്ക് എല്ലാ ആശംസകൾ നേരുന്നതായും സംവിധായകൻ ട്വിറ്ററിൽ കുറിച്ചിരുന്നു. അതിനിടെ ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞെന്ന തരത്തിലുള്ള വാർത്തകളും പുറത്തുവരുന്നത്.
കഴിഞ്ഞ കുറേ മാസങ്ങളായി നിക്കും പ്രിയങ്കയും ബോളിവുഡിലെ പ്രധാന ചർച്ചാ വിഷയമായിരുന്നു. നിക്കും പ്രിയങ്കയും പൊതുചടങ്ങുകളിൽ ഒരുമിച്ചെത്താൻ തുടങ്ങിയതോടെ ഇരുവരും ഉടനെ തന്നെ വിവാഹിതരാവുമെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
