അമ്മ ശ്രീദേവിയെ ഒാർത്തും നഷ്ടപ്പെട്ട സ്നേഹത്തെ അനുസ്മരിച്ചും മകൾ ജാൻവി കപൂറിന്‍റെ കുറിപ്പ്. സാമൂഹിക മാധ്യമത്തിലൂടെയാണ് അമ്മയുടെ നികത്താനാകാത്ത നഷ്ടത്തിൽ വികാര നിർഭര കുറിപ്പെഴുതിയത്.
നീ സന്തോഷവതിയാണെന്ന് എന്‍റെ കൂട്ടുകാർ എപ്പോഴും പറയുമായിരുന്നു. അമ്മയായിരുന്നു അതിന്‍റെ കാരണമെന്ന് ഇപ്പോൾ മനസ്സിലാകുന്നു. ഈ ശൂന്യതയിലും അമ്മയുടെ സ്നേഹം അനുഭവിക്കാൻ കഴിയുന്നുണ്ട്. ഈ വേദനയിൽ നിന്നും വിഷമങ്ങളിൽ നിന്നും എന്നെ സംരക്ഷിക്കുന്നത് അമ്മ തന്നെയാണ്. എപ്പോഴൊക്കെ കണ്ണടച്ചാലും അമ്മയുടെ നല്ല കാര്യങ്ങളെക്കുറിച്ച് മാത്രമാണ് ഓർമ വരുന്നത്. ജീവിതത്തിലുടനീളം ഞങ്ങൾക്ക് അനുഗ്രഹമായിരുന്നു അമ്മ. അത്രത്തോളം പുണ്യവതിയും സ്നേഹവതിയും പരിശുദ്ധയുമായിരുന്നു അവർ. ഇൗ ലോകത്തായിരുന്നില്ല അമ്മ ജീവിക്കേണ്ടിയിരുന്നത്, അതിനാലാവാം ദൈവം അമ്മയെ തിരിച്ചുകൊണ്ടുപോയത്.
ഓരോ ദിവസവും വിരസതയിലായിരുന്നു. കാരണം എനിക്ക് അമ്മയുണ്ടായിരുന്നു. അമ്മയുടെ സ്‌നേഹം എന്നെ വലയം ചെയ്തിരുന്നു. ആത്മാവിന്‍റെ അംശവും ആത്മസുഹൃത്തുമാണ് അമ്മ. എന്റെ ഏറ്റവും അടുത്ത സുഹൃത്ത്. അമ്മ ഞങ്ങൾക്ക് പലതും തന്നു. എല്ലാം തിരിച്ചു തരണമെന്ന് ആഗ്രഹമുണ്ടായിരുന്നു...
അച്ഛനോട് അമ്മക്കുണ്ടായിരുന്ന സ്നേഹം പറഞ്ഞറിയിക്കാനാവാത്തതാണ്. അവരുടെ സ്നേഹം അനശ്വരമാണ്. ലോകത്ത് അതുപോലെ വേറൊന്നുണ്ടാകില്ല. അതിനെ തകർക്കാൻ ശ്രമിക്കുന്നത് വേദന ഉളവാക്കുന്നു. അച്ഛന്റെ ലോകമെന്നും അമ്മയായിരുന്നു. മക്കളായ ഞങ്ങൾ ആവരുടെ സ്നേഹത്തിന്‍റെ ശേഷിപ്പുകളാണ്. എനിക്കും ഖുഷിക്കും അമ്മയെയാണ് നഷ്ടമായത്, പക്ഷേ പപ്പക്ക് ജീവൻ തന്നെയാണ് ഇല്ലാതായത്. ഒരു നടിയേക്കാളും അമ്മയെക്കാളും ഭാര്യയെക്കാളും ഉപരിയായിരുന്നു അവർ.
ഈ പിറന്നാളിന് ഒരുകാര്യം മാത്രമേ നിങ്ങളോട് എനിക്ക് പറയാനുള്ളൂ. നിങ്ങളുടെ മാതാപിതാക്കളെ സ്നേഹിക്കുക. ആ സ്നേഹം അവരോടൊപ്പം അനുഭവിക്കുക, അതിനായി നിങ്ങളെ തന്നെ സമർപ്പിക്കുക. അവരാണ് നിങ്ങളുടെ സൃഷ്ടാക്കൾ. അമ്മയോട് നിങ്ങൾ കാണിച്ചിരുന്ന സ്നേഹവും ബഹുമാനവും തുടരുക. ആത്മാവിന് വേണ്ടി പ്രാർഥിക്കണം.
അമ്മ എന്‍റെ അരികിലുണ്ട്. എനിക്കത് മനസ്സിലാക്കാം. എന്നിലും ഖുഷിയിലും പപ്പയിലുമൊക്കെ അമ്മയുണ്ട്. അമ്മ ഞങ്ങളിലവശേഷിപ്പിച്ചത് വലിയ സ്വാധീനമാണ്. മുന്നോട്ടുള്ള യാത്രയിൽ കരുത്തായി ഞങ്ങൾക്ക് ആ സ്വാധാീനമുണ്ടാകും.
ജാൻവി കപൂർ
