‘കുറ്റബോധവു’മായി അമോൽ പലേക്കറിന് രണ്ടാം വരവ്
text_fieldsകാല്നൂറ്റാണ്ടിെൻറ ഇടവേളക്കു ശേഷം പ്രശസ്ത ഹിന്ദി സിനിമ നടനും സംവിധായകനും ചിത്രകാരനുമായ അമോല്‍ പലേക്കര്‍ നാടകവേദിയില്‍ തിരിെച്ചത്തുന്നു. ഭാര്യ സന്ധ്യ ഗോഖലെയുമായി ചേര്‍ന്ന് ഒരുക്കുന്ന ‘കുസുര്’ എന്ന നാടകത്തില്‍ വിരമിച്ച അസി. പൊലീസ് കമീഷണറായാണ് വരവ്.
ഞായറാഴ്ച, 75ാം ജന്മദിനത്തില് മുംബൈയിലാണ് രണ്ടാം അരങ്ങേറ്റം. 2018ലെ ഡാനിഷ് സിനിമയായ ‘ഡെന്‍ സ്കൈല്ഡിഗെ’യില്നിന്ന് കടമെടുത്തതാണ് ആശയം. ഓരോ ഏഴു മിനിറ്റിലും ഉദ്വേഗമുണ്ടാക്കുന്ന വഴിത്തിരിവുകളുള്ള ത്രില്ലര്‍ കഥ. എന്നാല്‍, പതിവ് ത്രില്ലര്‍ കഥകളുടെ ചേരുവകളല്ലത്.
അഭിനയവും സംവിധാനവും മാറ്റിവെച്ച് പെയിൻറിങ്ങില്‍ മാത്രമായി ശ്രദ്ധിച്ചുവരുമ്പോഴാണ് ഭാര്യ കഥയുമായി വരുന്നത്. നഖം കടിച്ചാണ് കഥ കേട്ടത്. ഇതുപോലെ കൊതിപ്പിക്കുന്ന കഥാപാത്രങ്ങള്‍ കിട്ടാത്തതിനാലാണ് ഇതുവരെ മാറിനിന്നതെന്നും അമോൽ പലേക്കർ പറഞ്ഞു. മുംബൈക്ക് പുറമെ ബംഗളൂരു, അഹ്മദാബാദ്, ഗുവാഹതി, ചണ്ഡിഗഢ് എന്നിവിടങ്ങളിലായി 25 വേദികളിൽ നാടകം അവതരിപ്പിക്കും.
