ബോളിവുഡി​ന്റെ സുവർണകാല നായിക നിമ്മി ഒാർമയായി

17:27 PM
26/03/2020

മുംബൈ: ബോളിവുഡ്​ സിനിമകളുടെ സുവർണകാലം എന്നറിയപ്പെടുന്ന 1950 കളിലും 60കളിലും തിരശ്ശീലയിൽ നിറഞ്ഞ്​ നിന്ന നിമ്മി എന്ന നവാബ്​ ബാനു (88) അന്തരിച്ചു. ബുധനാഴ്​ച വൈകുന്നേരം ജുഹുവിലെ ആശുപത്രിയിലായിരുന്നു അന്ത്യം. കുറച്ചു കാലമായി ആരോഗ്യ പ്രശ്​നങ്ങളുണ്ടായിരുന്ന അവരെ ശ്വാസതടസ്സത്തെ തുടർന്ന്​ ബുധനാഴ്​ചയാണ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. 

'ബർസാത്ത്​ ' എന്ന സിനിമയിൽ അഭിനയം തുടങ്ങിയ അവർ വർഷങ്ങളോളം ബോളിവുഡ്​ സിനിമയുടെ അനിവാര്യ ചേരുവയായിരുന്നു. രാജ്​ കപൂർ ആണ്​ നവാബ്​ ബാനുവിനെ സിനിമയിൽ അവതരിപ്പിച്ചതും നിമ്മി എന്ന വിളിപ്പേര്​ നൽകിയതും. രാജ്​ കപൂറി​ന്റെ 'ബർസാത്തി'ലെ ജന​പ്രിയ ഗാനങ്ങളാണ്​ നിമ്മിയെ താരമാക്കി വളർത്തിയത്​. പിന്നീട് നഷ്​ടനായികയായും ചുണയുള്ള ഗ്രാമീണ സുന്ദരിയായുമെല്ലാം അവർ പ്രേക്ഷക മനസ്സുകൾ കീഴടക്കി. 

രാജ്​ കപൂർ, ദിലീപ്​ കുമാർ, ദേവ്​ ആനന്ദ്​, അശോക്​ കുമാർ തുടങ്ങിയ നായകരോടൊപ്പമെല്ലാം തിരശ്ശീല പങ്കുവെക്കാൻ നിമ്മിക്കായി. സസാ, ആൻ, ബായ്​ ബായ്​, മേരെ മെഹ്​ബൂബ്​, പുജാ കെ ഫൂൽ, ആകാശ്​ദീപ്​... നിമ്മി തിളങ്ങിയ ചിത്രങ്ങളുടെ പട്ടിക ഇങ്ങനെ നീളുന്നു. 1986 ൽ റിലീസ്​ ചെയ്​ത 'ലൗവ്​ ആൻഡ്​ ഗോഡ്​ ' ആണ്​ അവർ അവസാനമായി അഭിനയിച്ച ചിത്രം. 

വിവാഹത്തോടെയാണ്​ നിമ്മി അഭിനയം അവസാനിപ്പിക്കുന്നത്​. സംവിധായകനും എഴുത്തുകാരനുമായ അലി റാസയായിരുന്നു ഭർത്താവ്​. 2007ൽ ആണ്​ അ​ദ്ദേഹം മരിക്കുന്നത്​.

Loading...
COMMENTS