ആക്സിഡന്‍റൽ പ്രൈം മിനിസ്റ്റർ: അനുപം ഖേറിനെതിരെ കേസ് 

16:08 PM
08/01/2019

മുസഫർപൂർ: ദ ആക്സിഡന്‍റ്ൽ പ്രൈം മിനിസ്റ്റർ എന്ന ചിത്രത്തിനെതിരായ പരാതിയിൽ നടൻ അനുപം ഖേറിനെതിരെ കേസെടുക്കണമെന്ന് ബിഹാർ കോടതി. ചലച്ചിത്രത്തിന്‍റെ അണിയറ പ്രവർത്തകരായ അനുപം ഖേറടക്കം 14 പേർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് ബീഹാറിലെ മുസാഫർപൂരിലെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (സി.ജെ.എം) കോടതി ഉത്തരവിട്ടു. അഭിഭാഷകനായ സുധീർ ഒഹ്ജയുടെ പരാതിയിലാണ് നടപടി. 

ചിത്രം പ്രമുഖ വ്യക്തികളെ മോശമായി ചിത്രീകരിക്കുകയാണെന്നും അവരുടെ പ്രതിച്ഛായ തകർക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ഒഹ്ജ കോടതിയെ സമീപിച്ചത്. 

ചിത്രം മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്‍റെയും അദ്ദേഹത്തിന്‍റെ മാധ്യമ ഉപദേശകനായ സഞ്ജയ് ബാരു, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക വാദ്ര എന്നിവരെയും മോശമായി ചിത്രീകരിക്കുന്നുവെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. 

നവാഗതനായ വിജയ് ഗട്ടെ സംവിധാനം ചെയ്യുന്ന ചിത്രം മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്‍റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ് ബാരുവിന്‍റെ പുസ്തകത്തെ അധികരിച്ചാണ് ഒരുക്കിയത്.    രാഷ്ട്രീയ അജണ്ടയാണ് ചിത്രമെന്നാണ്‌ കോണ്‍ഗ്രസിന്‍റെ ആരോപണം. 
 

Loading...
COMMENTS