ബോളിവുഡിന്‍റെ പെര്‍ഫെക്ഷനിസ്റ്റ് ആമിര്‍ ഖാന് ഇന്ന് 51
text_fieldsമുംബൈ: പൂര്‍ണ്ണതയുടെ വക്താവെന്ന് വിളിക്കപ്പെടുന്ന ബോളിവുഡിന്‍റെ താര രാജാവ് ആമീര്‍ ഖാന് ഇന്ന് 51 ാം പിറന്നാള്‍. കുടുംബത്തില്‍ ആരുടെ പിറന്നാളായാലും ആഘോഷം കേമമാക്കുക എന്നത് ആമിര്‍ ഖാന്‍റെ ആനന്ദങ്ങളിലൊന്നാണ്. സിനിമാ തിരക്കിനിടയില്‍ സ്വന്തം പിറന്നാള്‍ ഇടക്ക് മറന്നുപോയാലും മറ്റുള്ളവരുടെത് മറക്കാറില്ല ആമിര്‍. ഇക്കുറി 51 ാം ജന്മദിനം പൊടിപൊടിക്കാന്‍ അമേരിക്കയില്‍ നിന്നാണ് ആമിര്‍ മുംബൈയില്‍ കുതിച്ചെത്തിയത്. വരുന്ന ക്രിസ്തുമസിന് പ്രദര്‍ശനത്തിന് തിയേറ്ററുകളില്‍ എത്തിക്കാന്‍ ലക്ഷ്യമിടുന്ന കായിക പശ്ചാത്തലമുള്ള ചിത്രത്തിന് വേണ്ടി തടികുറക്കാനായി പോയതാണ് അമേരിക്കയില്‍.
പതിവ് പോലെ ജേഷ്ടന്‍ ആമിര്‍ ഖാന്‍റെ പിറന്നാള്‍ ആഘോഷത്തിന് ഒരു സര്‍പ്രൈസ് ഇക്കുറിയും കരുതിവെച്ചിട്ടുണ്ട് ഫൈസല്‍ ഖാന്‍. എന്നാല്‍, അത് ഇപ്പോള്‍ വെളിപ്പെടുത്തില്ല. ഒരു സൂചന അദ്ദേഹം നലകുന്നു. ആമിറിന്‍റെ പിറന്നാള്‍ ദിനങ്ങളില്‍ തങ്ങളുടെ കുട്ടിക്കാലം ഓര്‍മയില്‍ തെളിയിക്കുന്ന എന്തെങ്കിലുമാകും താന്‍ പതിവായി സമ്മാനിക്കാറെന്ന് ഫൈസല്‍ പറയുന്നു. വീട്, ഫര്‍ണിച്ചറുകള്‍ എല്ലാം ബലൂണുകളാല്‍ അലങ്കരിക്കല്‍ ഫൈസല്‍ ഖാന് നിര്‍ബന്ധമാണ്. അങ്ങിനെ ആയിരുന്നു കുട്ടിക്കാലത്ത്. ആമിറും താനും അത് വല്ലാതെ ഇഷ്ടപ്പെട്ടിരുന്നു എന്ന് ഫൈസല്‍ പറയുന്നു. പിന്നെ ഭക്ഷണമാണ്. പ്രത്യേക സീക് കബാബുകളോടാണ് പ്രിയം. മുത്തശ്ശിയുടെ കൈപ്യുണ്യത്തിലുള്ള കബാബുകള്‍ ഇന്നും നാവിന്‍ തുമ്പില്‍ വെള്ളമൂറ്റുന്നു. മുത്തശ്ശിയില്‍ നിന്ന് ആ കൈപുണ്യം ഉമ്മക്ക് പകര്‍ന്നു കിട്ടിയിട്ടുണ്ട്. ഉമ്മയില്‍ മാത്രം ഒതുങ്ങില്ല ആ പാചക കൈപുണ്യം. തന്നിലുമുണ്ടെന്ന് ഫൈസല്‍ പറയുന്നു. ഇന്നത്തെ അത്താഴത്തിന് ഒരു പ്രത്യേക വിഭവം തന്‍റെ അടുക്കളയില്‍ വേവിക്കുമെന്ന് പറഞ്ഞ ഫൈസല്‍ അതെന്തെന്ന് വെളിപ്പെടുത്തിയില്ല.

ഒരിക്കല്‍ മങ്കള്‍ പാണ്ഡെയുടെ ചിത്രീകരണത്തിനിടയില്‍ ആമിര്‍ പിറന്നാള്‍ മറന്നു പോയിരുന്നു. അന്ന് കുട്ടികാലത്തെ പ്രിയപ്പെട്ട പട്ടവുമായാണ് സിനിമാ ചിത്രീകരണം നടന്ന സ്ഥലത്ത് ഫൈസല്‍ ചെന്നത്. അന്ന് മുഴുവന്‍ ഇരുവരും പട്ടംപറത്തി കുട്ടിക്കാലത്തിലേക്ക് പോയെന്ന് ഫൈസല്‍ ഓര്‍ക്കുന്നു.
മക്കളെയും മരുമക്കളെയും കൂടപ്പിറപ്പുകളെയും സ്‌നേപൂര്‍വ്വം കളിയാക്കുന്ന ആമിറിന്‍റെ കുസൃതിത്തരങ്ങളെകുറിച്ചാണ് ഭാര്യ കിരണ്‍ റാവു പറയുന്നത്. സ്‌നേഹിക്കാന്‍ തോന്നിപ്പിക്കുന്ന സത്യസന്ധതയാണ് ആമിറിന്‍റെ സവിശേഷതയെന്നും കിരണ്‍ പറയുന്നു. ഒരു കാര്യത്തില്‍ ആമിറിനും ഇനിയും സമയം കിട്ടുന്നില്ലെന്ന് കിരണ്‍ പറയുന്നു. അത് അമ്മയുടെ പാചക കൈപുണ്യം നേടാനുള്ള ആമിറിന്റെ ആഗ്രഹമാണ്. പാചകത്തിലേക്ക് കടക്കാന്‍ ഇതുവരെ സമയം ലഭിച്ചിട്ടില്ലെന്ന് കിരണ്‍ പറയുന്നു. മക്കളോടും മറ്റ് കുടുംബാംഗങ്ങളോടുമുള്ള ആമിറിന്‍റെ ദൗര്‍ബല്യവും അവര്‍ ഓര്‍ക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
