ആരാണ് കുട്ടിമാമ; വി.എം വിനു പറയുന്നു...

അനു ചന്ദ്ര
16:38 PM
16/05/2019

ഗ്രാമീണ പശ്ചാത്തലത്തിൽ, വിഎം വിനുവിന്റെ സംവിധാനത്തിൽ ശ്രീനിവാസൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘കുട്ടിമാമ’. ശ്രീനിവാസനും മകന്‍ ധ്യാനും ആദ്യമായി ഒന്നിച്ചെത്തുന്ന സിനിമ കൂടിയായ കുട്ടിമാമയുടെയും അതോടൊപ്പം തന്‍റെയും സിനിമവിശേഷങ്ങൾ സംവിധായകൻ വി.എം വിനു മാധ്യമം ഒാൺലൈനുമായി പങ്കു വെക്കുന്നു.  

എന്താണ് കുട്ടിമാമ/ആരാണ് കുട്ടിമാമ?

കുട്ടിമാമ എന്ന കഥാപാത്രത്തിന്റ യഥാർഥ പേര് ശേഖരൻകുട്ടി എന്നാണ്. ശേഖരന്കുട്ടിയുടെ വീട്ടുകാർ/അയാളെ ഇഷ്ടപ്പെടുന്നവർ എല്ലാം അയാളെ കുട്ടിമാമ എന്നാണ് വിളിക്കുന്നത്. ഒരു റിട്ടയേർഡ് പട്ടാളക്കാരൻ ആയ അയാൾ  ജീവിക്കുന്നത് പരിശുദ്ധമായ ഒരു ഗ്രാമാന്തരീക്ഷത്തിലാണ്. ഈ സിനിമയുടെ കഥ നടക്കുന്നതും അവിടെയാണ്. ആ നാട്ടിലെ നിഷ്കളങ്കരായ ഗ്രാമവാസികളെ പിടിച്ചിരുത്തി അവരോട് തന്‍റെ വീരസാഹസിക കഥകളും, പട്ടാളകഥകളും വർണ്ണിച്ചും പൊലിപ്പിച്ചും പറയുന്നതാണ് കുട്ടിമാമയുടെ സ്ഥിരം ഏർപ്പാട്. ആദ്യമാദ്യം ആളുകൾ അത് ആവേശത്തോടെ കെട്ടിരിക്കുമായിരുന്നുവെങ്കിലും പതിയെ പതിയെ ആളുകൾക്ക് കഥയിലുള്ള സത്യാവസ്ഥക്ക് മുകളിലെ വിശ്വാസം കുറഞ്ഞു വരുന്നു. പിന്നെ പിന്നെ ആളുകൾ കുട്ടിമാമയെ കൺമുമ്പിൽ കണ്ടാൽ ഓടിരക്ഷപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തി. അത്ര മാരകമായ തള്ളലുകൾ ആണ് അയാൾ നടത്തുന്നത്. തള്ളലിസ്റ്റ് ആയ കുട്ടിമാമയുടെ ജീവിതത്തിലെ സംഭവവികാസങ്ങൾ ആണ് ഈ സിനിമയിലൂടെ പറയുന്നത്.

പക്കാ കമേഷ്യൽ സിനിമകളിലൂടെ പ്രേക്ഷകരെ രസിപ്പിക്കുന്ന, ചിരിപ്പിക്കുന്ന, ചിന്തിപ്പിക്കുന്ന സംവിധായകൻ എന്ന നിലയിൽ കുട്ടിമാമ എത്രമാത്രം പ്രതീക്ഷ തരുന്നു?

സിനിമയിലൂടെ സന്ദേശവും ഉപദേശവും നൽകിയാൽ ജനങ്ങളിൽ മാറ്റമുണ്ടാകുമെന്ന് കരുതുന്നില്ല.  സംവിധായകൻ എന്നതിനപ്പുറം ഒരു വ്യക്തി എന്ന നിലക്ക് സമൂഹത്തിൽ കാണുന്ന എന്തെങ്കിലും കാര്യങ്ങൾ പറയാൻ ഉണ്ടെങ്കിൽ അത് ചെയുന്ന സിനിമയിലൂടെ ഒന്നു പറഞ്ഞു പോകുവാൻ ശ്രമിക്കാറുണ്ട്. രസകരമായ അന്തരീക്ഷത്തിലൂടെ പറഞ്ഞു പോകുന്ന, കുടുംബപ്രേക്ഷകർക്ക് കാണാൻ പറ്റുന്ന നന്മയുള്ള ഒരു സിനിമ ആകും കുട്ടിമാമ.

കുടുംബപ്രേക്ഷകരേ തന്നെയാണ് ലക്ഷ്യം വെക്കുന്നത്. വിജി തമ്പിക്ക് കീഴിൽ സഹസംവിധാനം പഠിച്ചതിനാൽ വന്ന സ്വാധീനമാകുമോ?

വിജി തമ്പി ആകട്ടെ, രവീന്ദ്രൻ, ജി.എസ് വിജയൻ ഇവർക്കൊപ്പം സംവിധാന സഹായി ആയി ജോലി ചെയ്തിട്ടുണ്ട്. വിജി തമ്പി കുടുംബപ്രേക്ഷകരെ ഫോക്കസ് ചെയ്തുള്ള സിനിമയാണ് ചെയ്യുന്നത്. സഹ സംവിധായകനായി അവർക്കൊപ്പം നിന്നത് ജോലി മനസിലാക്കാനും പഠിക്കാനുമാണ്. അതിലപ്പുറം ഓരോ കലാകാരനും അവരവരുടെതായ വ്യക്തിത്വം ഉണ്ടെന്നാണ് വിശ്വാസം. തീർച്ചയായും ആ വ്യക്തിത്വത്തിന്‍റെ തെളിച്ചവും വെളിച്ചവും നമ്മൾ  ക്രിയാത്മകമായി ചെയുന്ന പ്രവർത്തനങ്ങളിലുണ്ടാകും. ഒരാളും എന്നെ ആ നിലക്ക് സ്വാധീനിച്ചിട്ടില്ല. എനിക്ക് ഇഷ്ടപ്പെട്ട സിനിമകൾ ചെയ്യുക എന്നെ ഒള്ളു. ഇഷ്ടപ്പെട്ട ഒരുപാട് സിനിമകൾ മലയാളത്തിൽ ഉണ്ട്. ഐ. വി ശശി, കെ. ജി ജോർജ്, ഭരതൻ ഇവരൊക്കെ എനിക്കിഷ്ടപെട്ട സംവിധായകരാണ്.

ശ്രീനിവാസനും, ധ്യാനും ആദ്യമായി ഓൺ സ്‌ക്രീനിൽ പ്രധാന വേഷങ്ങളിൽ എത്തുന്ന സിനിമയാണ് കുട്ടിമാമ. ബോധപൂർവം സംഭവിച്ചതാണോ?

ബോധപൂർവം ഒന്നും ചെയാറില്ല. കഥ വന്നപ്പോൾ കഥക്ക് അനുയോജ്യമായ ആളുകളെ ആദ്യം തെരഞ്ഞെടുത്തു. ഈ കഥ കേട്ടപ്പോൾ എന്റെ മനസിൽ ആദ്യം തെളിഞ്ഞു വന്നത് ശ്രീനിവാസൻ ആണ്. ആൾക്ക് മാത്രം ചെയ്യാൻ പറ്റുന്ന കഥാപാത്രമാണിതെന്ന് പൂർണ്ണ വിശ്വാസം ഉണ്ടായിരുന്നു. ടിപ്പിക്കൽ ടൈപ്പ്‌ കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായ രീതിയിൽ ശ്രീനിയേട്ടനെ കൊണ്ട് ഈ കഥാപാത്രം ചെയ്യിപ്പിക്കാൻ പറ്റും എന്നുള്ള വിശ്വാസം ഉണ്ടായിരുന്നു. മകന്‍റെ അച്ഛൻ, യെസ് യുവർ ഓണർ എന്നീ സിനിമകളിൽ ഞങ്ങൾ ഒരുമിച്ച് വർക്ക് ചെയ്തതാണ്. ധ്യാനിനെ തെരഞ്ഞെടുത്തത് എന്തെന്നാൽ കുട്ടിമാമയുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന ഒരു കഥാപാത്രം ഉണ്ട്. ആ കഥാപാത്രത്തിന് ശ്രീനിയേട്ടനുമായി സാമ്യം ഉള്ള മുഖം വേണം. അങ്ങനെയാണ് ധ്യാനിൽ എത്തിയത്. പിന്നെ വിനീത്‌ ശ്രീനിവാസൻ ആ കഥാപാത്രത്തിന് പറ്റില്ല എന്നത് കൊണ്ട് അയാളിലേക്ക് പോയില്ല.

മകന്‍റെ അച്ഛനിൽ ശ്രീനിവാസൻ-വിനീത് ശ്രീനിവാസൻ. കുട്ടിമാമയിൽ ശ്രീനിവാസൻ-ധ്യാൻ ശ്രീനിവാസൻ. സംവിധായകൻ എന്ന നിലയിൽ ഒരേ കുടുംബത്തിലെ മക്കളെ കുറിച്ച് എന്ത് പറയുന്നു?

രണ്ടു പേരും നല്ല കഴിവുള്ള ചെറുപ്പക്കാർ ആണെന്നതിൽ ആർക്കും സംശയമില്ല. വിനീതിന്  വളരെ നിഷ്കളങ്കമായ/ഹ്യൂമറസായ കഥാപാത്രങ്ങൾ ആണ് കൂടുതൽ ചേരുക. ധ്യാനിനെ സംബന്ധിച്ചിടത്തോളം വിനീതിനെ പോലെയുള്ള സോഫ്റ്റ് കഥാപാത്രങ്ങൾ ചെയ്യാൻ പറ്റുമെന്ന് തോന്നുന്നില്ല. ബോൾഡ്, ആക്ഷൻ, പ്രണയം, സെന്റിമെന്‍റ്സ് എല്ലാമുള്ള കഥാപാത്രം ചെയ്യാൻ പറ്റും.പക്ഷെ ഇവർ രണ്ടു പേരും ഏതൊരു സംവിധായകനും മോൾഡ് ചെയ്തെടുക്കാൻ പറ്റിയ നല്ല നടന്മാർ ആണ്.

മകൻ വരുൺ ഛായാഗ്രഹണം. മകൾ വർഷ ആലപിച്ച ഒരു ഗാനം. കുട്ടിമാമ ഇരട്ടി മധുരം കൂടിയാണല്ലോ താങ്കൾക്ക്?

മകൻ എന്ന സ്വാതന്ത്ര്യം വരുണിന് എന്നോടും ഉണ്ട്. അച്ഛൻ എന്ന സ്വാതന്ത്ര്യം എനിക്ക് അവനോടും ഉണ്ട്. ഞങ്ങൾക്ക് ഇടയിൽ സൗഹൃദത്തിന്‍റെതായ ഒരു നല്ല ഇടം കൂടി ഉണ്ട്. അത്കൊണ്ട് തന്നെ അവന് സിനിമ/ഫോട്ടോഗ്രാഫി ഇഷ്ടമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ അവനെ പ്രസാദ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കാൻ വിട്ടു. അതിന് ശേഷം 3,4 സിനിമാറ്റൊഗ്രാഫേഴ്സിന് കൂടെ ജോലി ചെയ്തു. അങ്ങനെ അതിന് ശേഷം അവന്‍റെ പരിചയം കൂടി കണക്കിലെടുത്ത് കുട്ടിമാമയുടെ ക്യാമറ അവനെ ഏൽപ്പിക്കുകയായിരുന്നു. ലൊക്കേഷനിൽ ഞങ്ങൾ പ്രൊഫഷണലാണ്. മകൾ വർഷയും വിനീത് ശ്രീനിവാസനും ചേർന്നാണ് ഗാനം ആലപിച്ചത്. മുൻപ് മറുപടി എന്ന എന്‍റെ ചിത്രത്തിലും അവൾ പാടിയിട്ടുണ്ട്.

ന്യൂജനറേഷൻ കാലഘട്ടത്തിന്‍റെ വക്താവ് കൂടിയാണ് വരുൺ. നിങ്ങൾക്കിടയിലെ സിനിമാക്കാഴ്ചപ്പാടുകളുടെ വ്യത്യാസം?

കല-സാഹിത്യം-സിനിമ ഇതിൽ ഒന്നും ജനറേഷന്‍റെ വഴിത്തിരിവുകൾ ഉണ്ടാകില്ല എന്നാണ് വിശ്വാസം. ഇപ്പോൾ ആണ് ഒരു ന്യൂ ജെനറേഷൻ എന്ന ഒരു പുതിയ ഇംഗ്ലീഷ് വാക്ക് കേട്ടു വരുന്നത്.എക്കാലത്തും പരീക്ഷണാത്മകമായ, ക്രിയാത്മകമായ ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. പഞ്ചവടിപ്പാലത്തെ ഒന്നും ബ്രെയ്ക്ക് ചെയ്യാൻ പറ്റിയ സിനിമകൾ ഇന്നും മലയാളത്തിൽ വന്നിട്ടില്ല. പിന്നെ വരുണുമായി ചർച്ച ചെയ്യുമ്പോൾ അവന്‍റെതായ കാഴ്ചപ്പാടുകൾ ഉപയോഗിച്ചിട്ടുണ്ട്.

നോവലിസ്റ്റും നാടകകാരനുമായ വിനയന്‍റെ മകൻ, കലാപരമായ കുടുംബപശ്ചാത്തലം?

അഞ്ചിൽ പഠിക്കുന്ന കാലത്തു കോഴിക്കോട് ഓൾ ഇന്ത്യൻ റേഡിയോയിൽ ഡ്രാമ ആർട്ടിസ്റ്റ് ആയിരുന്നു. അന്ന് മാസ്റ്റർ വിനു എന്നായിരുന്നു പേര്. എന്‍റെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിച്ചത് അച്ഛനാണ്. അവനവന്റെ ഇഷ്ടങ്ങൾ എന്താണോ അതിനെ അംഗീകരിക്കുക. അതാണ് അച്ഛൻ പഠിപ്പിച്ചത്. അത് തന്നെയാണ് ഞാൻ എന്‍റെ മകനോടും പറഞ്ഞത്.

മോഹൻലാൽ, മമ്മുട്ടി ഇവരെ വെച്ചു ഹിറ്റുകൾ തീർത്ത സംവിധായകൻ. ഇവരുമായി ചേർന്ന് ഒരു സിനിമ ഉടൻ പ്രതീക്ഷിക്കാമോ?

നല്ല കഥയും സാഹചര്യവും വന്നാൽ അത് സംഭവിക്കും. അങ്ങനെ മുൻകൂട്ടി ഒന്നും പ്ലാൻ ചെയാറില്ല. അങ്ങനെ പ്ലാൻ ചെയ്തു സിനിമ എടുക്കുന്ന ആളല്ല. കഥകൾ കേട്ട് ഇഷ്ടമായാൽ കഥാപാത്രം ആവശ്യപ്പെടുന്ന/കഥാപാത്രത്തിന് അനുയോജ്യമായ ആര്ടിസ്റ്റുകളെ ആണ് ഉപയോഗിക്കുക.

 

Loading...
COMMENTS