ഈ ‘വികൃതി’ക്ക് പറയാനേറെയുണ്ട്

വിഷ്ണു ജെ.
13:52 PM
25/10/2019

സുരാജ് വെഞ്ഞാറമൂടും സൗബിൻ ഷാഹിറും പ്രധാന വേഷം കൈകാര്യം ചെയ്ത വികൃതി തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടി മുന്നേറുന്നു. കഴിഞ്ഞ ദിവസം ചിത്രം ജി.സി.സിയിലും റിലീസ് ചെയ്തു. ചിത്രത്തിന്‍റെ വിശേഷങ്ങൾ സംവിധായകൻ എംസി ജോസഫ് മാധ്യമം ഒാൺലൈനുമായി പങ്കുവെക്കുന്നു. 


വികൃതി ജി.സി.സി റിലീസ് ആയിരിക്കുകയാണല്ലോ? ആദ്യ പ്രതികരണങ്ങൾ വന്നു തുടങ്ങിയോ?

സിനിമക്ക് നല്ല പ്രതികരണങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്. ഒരു യഥാർഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് വികൃതി ഒരുക്കിയിരിക്കുന്നത്. എന്നാൽ, ഇതിൽ മാത്രം ഒതുങ്ങി നിൽക്കാതെ പ്രേക്ഷകൻ പ്രതീക്ഷിക്കാത്തതും സിനിമയിൽ നിന്ന് ലഭിക്കുന്നു എന്ന കമൻറുകളൊക്കെ വരുന്നുന്നുണ്ട്

സിനിമ കണ്ടവരെല്ലാം സുരാജ് വെഞ്ഞാറമൂട് എന്ന നടനെ പുകഴ്ത്തുകയാണ്. സിനിമയുടെ രചനാവേളയിൽ തന്നെ ആ കഥാപാത്രമായി സുരാജിനെയാണോ കണ്ടിരുന്നത്?
അതെ. ഈ സിനിമയെ കുറിച്ച് ഒരു വർഷം മുമ്പ് തന്നെ സുരാജേട്ടനോട് പറഞ്ഞിരുന്നു. അന്ന് സിനിമ ചെയ്യാൻ അദ്ദേഹം താൽപര്യം പ്രകടപ്പിച്ചിരുന്നു. യഥാർഥ സംഭവത്തെ ആസ്പദമാക്കിയുള്ള സിനിമയെ സുരാജേട്ടനിലെ നടനും താൽപര്യമുള്ള ഒന്നായിരുന്നു. ഈ സംഭവത്തെ കുറിച്ച് അദ്ദേഹവും അറിഞ്ഞിരുന്നു. കേൾവി ശക്തിയില്ലാത്ത സംസാരശേഷിയില്ലാത്ത സിനിമയിലെ കഥാപാത്രത്തെ മനോഹരമായി തന്നെ സുരാജേട്ടൻ അവതരിപ്പിച്ചു.

സുരാജിന്‍റെ ഭാര്യയായി സുരഭിയിലേക്ക് എത്തിയത് എങ്ങിനെ?
 സുരഭി ഒരു ദേശിയ അവാർഡ് നേടിയ നടിയാണ്. ഇതുപോലൊരു  സംസാരശേഷിയും കേൾവിശക്തിയും ഇല്ലാത്ത ഒരു കഥാപാത്രത്തെ കുറിച്ച് പറഞ്ഞപ്പോൾ തന്നെ സുരഭിക്ക് വലിയ എക്സൈറ്റ്മെന്‍റ് ആയിരുന്നു. സുരഭിയെയും സുരാജേട്ടനേയും പോലുള്ള നല്ല ആർട്ടിസ്റ്റുകൾ ഈ സിനിമയിലേക്ക് കടന്നുവന്നത് തുടക്കക്കാർ എന്ന നിലയിൽ ഭാഗ്യമായി കാണുന്നു. 


യഥാർഥ കഥയെ ആസ്പദമാക്കിയാണല്ലോ ചിത്രം സംവിധാനം ചെയ്യുന്നത്. യഥാർഥ കഥാപാത്രങ്ങളെ സിനിമക്ക് മുമ്പ് കണ്ടിരുന്നോ?
സിനിമക്ക് ആധാരമായ കൊച്ചി മെട്രോയിൽ നടന്ന  യഥാർഥ സംഭവത്തിലെ കഥാപാത്രമായ എൽദോയെ നേരിൽ കണ്ടാണ് സിനിമയുടെ പ്രാരംഭ നടപടികൾ ആരംഭിച്ചത്. പിന്നീട് എൽദോയെ പലതവണ പോയി കണ്ടിരുന്നു. എൽദോ ചേട്ടനോട് മാത്രമല്ല അദ്ദേഹത്തിന്‍റെ മക്കൾ, ഭാര്യ, ഭാര്യയുടെ അമ്മ, മറ്റ് കുടുംബാംഗങ്ങൾ എന്നിവരുമായും നിരന്തരം സംസാരിച്ചിരുന്നു. ഈ ചർച്ചകളിലൂടെയാണ് സിനിമയുടെ കഥക്കൊരു വളർച്ച വന്നത്. എൽദോ ചേട്ടനുമായി സംസാരിച്ചപ്പോഴാണ് നമ്മളൊക്കെ മനസ്സിലാക്കിയതിലും അപ്പുറമാണ് സോഷ്യൽ മീഡിയയിൽ അപമാനിക്കപ്പെട്ട ഒരു വ്യക്തിയുടെ ജീവിതത്തിൽ ഉണ്ടാവുന്ന പ്രശ്നങ്ങളെന്ന് മനസ്സിലായത്. ഈ തിരിച്ചറിവ്‌ ലോകത്തോട് പറയണം എന്ന് തോന്നി. അങ്ങനെയാണ് ഇങ്ങനെയൊരു സിനിമ ചെയ്യണം എന്ന് തോന്നുന്നതും വികൃതി ജനിക്കുന്നതും.

ചിത്രം അവർ (എൽദോ) കണ്ടിരുന്നോ? എന്താണ് അഭിപ്രായം?
എൽദോ ചേട്ടനും ഞങ്ങളും ഒരുമിച്ച് റിലീസ് ദിവസം തന്നെ ആദ്യ ഷോ കണ്ടിരുന്നു. സിനിമ കഴിഞ്ഞതും അദ്ദേഹം കണ്ണുനിറഞ്ഞ് കെട്ടിപിടിച്ചാണ് വികൃതിയോടുള്ള ഇഷ്ടം പ്രകടിപ്പിച്ചത്.  ചെയ്യാത്ത കുറ്റത്തിനു ലോകം പഴിപറഞ്ഞ അദ്ദേഹത്തിന്‍റെ നിസ്സഹായാവസ്ഥ എത്രത്തോളമായിരിക്കും. എൽദോ ചേട്ടൻ  പറയാൻ ആഗ്രഹിച്ച, മുമ്പ് പറയാൻ പറ്റാതിരുന്ന പലകാര്യങ്ങളും സുരാജേട്ടൻ എൽദോ എന്ന കഥാപാത്രത്തിലൂടെ  ഈ സിനിമയിൽ പറയ്യുന്നുണ്ടാവുമല്ലോ? അതിൻറെ സന്തോഷവും സംതൃപ്തിയും ആണ് എൽദോ ചേട്ടനിൽ കാണാൻ സാധിച്ചത്. ഈ സിനിമയുടെ സംവിധായൻ എന്ന നിലയിൽ എന്നെ കൂടുതൽ തൃപ്തനാക്കിയതും സന്തോഷിപ്പിച്ചതും ഇതു തന്നെയാണ്.

യഥാർഥ കഥയെ ആസ്പദമാക്കി സിനിമയൊരുക്കുന്നത് വെല്ലുവിളിയാണോ?
തീർച്ചയായും വെല്ലുവിളിയാണ്. എല്ലാവർക്കും അറിയാവുന്ന സംഭവം സിനിമയാക്കുമ്പോൾ അതിൽനിന്നും ഒന്നും ചോർന്നുപോകരുത്. എന്നാൽ യഥാർത്ഥ കഥ അറിയാം എന്ന മുൻവിധിയോടെ വരുന്ന പ്രേകഷകർക്ക് അതിൽനിന്നും വ്യത്യസ്തമായ അവരറിയാതെ പോയ എന്തെങ്കിലും കൂടുതൽ കൊടുക്കാനും സാധിക്കണം. അല്ലെങ്കിൽ സിനിമ അവരുടെ പ്രതീക്ഷയുടെ താഴെ വരെ നിൽക്കുകയുള്ളു.  അതിനാൽ തന്നെ മറ്റൊരുപാരലൽ സ്റ്റോറി കൂടി സിനിമ പറയുന്നുണ്ട്. യഥാർഥ സംഭവമാണ് സിനിമയെന്ന് പറയുമ്പോഴും പ്രതീക്ഷിക്കാത്തതെന്തോ കിട്ടിയ സന്തോഷത്തോടെയാണ് സിനിമകഴിഞ്ഞിറങ്ങുന്ന പ്രേക്ഷകരുടെ  പ്രതികരണത്തിലൂടെ മനസ്സിലാവുന്നത്.

മലയാള സിനിമ മാറിക്കൊണ്ടിരിക്കുന്നു. പുതിയ സംവിധായകർക്കും പുതു തരത്തിലുള്ള പരീക്ഷണങ്ങൾക്കും ഇപ്പോൾ നല്ല റിസൾട്ട് ലഭിക്കുന്നു. ഈ സാഹചര്യം എങ്ങിനെ നോക്കി കാണുന്നു?
പോസ്റ്റീവായിട്ടാണ് ഈ മാറ്റത്തെ കാണുന്നത്. പുതിയ സംവിധായകരുടെ പരീക്ഷണങ്ങൾ മാത്രമല്ല, വർഷങ്ങളിലായി നിലവിലുള്ള സംവിധായകരുടെ പുതിയ പരീക്ഷണങ്ങളും നടക്കുന്നുണ്ട്. അത് വിജയിക്കുന്നുവെന്നത് സിനിമാരംഗത്തു വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവർക്കും എല്ലാത്തരത്തിലുള്ള പരീക്ഷണങ്ങൾ ചെയ്യാനുള്ള ഒരു തട്ടകമായി മലയാള സിനിമ മാറുന്നു എന്നതാണ് സൂചിപ്പിക്കുന്നത്. ഇത് തീർച്ചയായും ഒരു വലിയ കാര്യമാണ്. എല്ലാവരെയും ഉൾക്കൊള്ളാനും, അവരുടേതായ ഇടം തീർക്കാനും ഉള്ള സാധ്യതകൾ ഈ ഇൻഡസ്ട്രി തുറന്നു വെച്ചിട്ടുണ്ട്. ആ സാധ്യതയെ വളരെ പോസിറ്റീവ് ആയി കാണുന്നു.

സമൂഹ മാധ്യമങ്ങളുടെ തെറ്റായ ഉപയോഗത്തെ സിനിമ വിമർശിക്കുന്നുണ്ടല്ലോ? ജീവിതത്തിൽ അത്തരം സാഹചര്യം നേരിടേണ്ടി വന്നിട്ടുണ്ടോ?
വ്യക്തിപരമായി നേരിട്ടിട്ടില്ലെങ്കിലും സുഹൃത്തുക്കൾക്കും പരിചയത്തിലുള്ളവർക്കും ഇത്തരം കുഞ്ഞുകുഞ്ഞു അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് വഴിയോ തമാശയിലൂടെയോക്കൊയാവും അവർക്ക് ജീവിതത്തിൽ അത്തരം സാഹചര്യം നേരിടേണ്ടി വന്നത്.

സംവിധായകനാകനിലേക്കുള്ള യാത്ര‍? 
ഏകദേശം ആറുവർഷത്തോളമായി സിനിമയ്ക്ക് പിന്നിലുണ്ട്. പല നിർമാതാക്കളുമായും അഭിനേതാക്കളുമായും പല കഥകളുമായിട്ട് മുമ്പോട്ട് പോയിട്ടുണ്ട്. ഇതിൽ ചിലതൊക്കെ സിനിമയാക്കാൻ പടിവാതിലിൽ വരെ എത്തി കാത്തിരിക്കേണ്ടിവന്നിട്ടുണ്ട്. രണ്ടു വർഷം മുമ്പാണ് എൽദോയുടെ കഥ എനിക്കുമുന്നിൽ എത്തുന്നത്. അതിനുമുമ്പ് ഒരുപാട് സ്ക്രിപ്റ്റുകളിൽ വർക്ക് ചെയ്തിട്ടുണ്ട്. അതിനൊടുവിൽ ഉണ്ടായതാണ് ഈ തിരക്കഥ. സിനിമക്ക് വേണ്ടി സ്ഥിരമായി പ്രയത്നിച്ചു. അതിലേക്ക് എത്തുന്നത് വരെ ക്ഷമയോടെ കാത്തിരിക്കുക എന്ന നിലപാടാണ് പ്രധാനം. അങ്ങനെ ആറുവർഷം നിലകൊണ്ടുത്തതുകൊണ്ട് സംഭവിച്ചതാണ് ഈ സിനിമ.

പുതിയ പ്രൊജക്ട് ?
ആദ്യ സിനിമ ചെയ്തു, അത് പ്രേക്ഷകർ അംഗീകരിച്ചു. ഈ അംഗീകാരം പ്രേക്ഷരോടുള്ള ഉത്തരവാദിത്തവും പ്രതിബദ്ധതയും കൂട്ടുന്നു, അതുകൊണ്ട് തന്നെ അടുത്ത സിനിമ എന്നത് വളരെ ആലോചിച്ചു എടുക്കേണ്ട ഒരു തീരുമാനമാണ്. ആദ്യ സിനിമയിൽ നിന്നും കൂടുതലായി പ്രേക്ഷകർക്ക് കൊടുക്കാൻ ആഗ്രഹിക്കുന്നു. സ്വന്തമായി വർക്ക് ചെയ്ത സ്ക്രിപ്റ്റുകളും, അതുകൂടാതെ സുഹൃത്തുക്കളുടെ സ്ക്രിപ്റ്റുകളൂം ചർച്ചയിലുണ്ട്. അധികം വൈകാതെ ഒരു തീരുമാനത്തിലെത്താൻ സാധിക്കുമെന്ന് കരുതുന്നു.

Loading...
COMMENTS