`മോഹൻലാലെന്ന സുവർണപുരുഷനെ കുറിച്ചാണ് എന്‍റെ സിനിമ` 

Suvarnapurushan

മോഹൻലാൽ മലയാളികൾക്ക് എന്നും ഒരു വികാരം ആണ്. അത് അടയാളപ്പെടുത്തുന്ന സിനിമയാണ് നവാഗതനായ സുനിൽ പൂവേലി രചനയും സംവിധാനവും നിർവഹിക്കുന്ന സുവർണപുരുഷൻ. നടൻ ഇന്നസെന്‍റ് ആണ് ചിത്രത്തിൽ കടുത്ത മോഹൻലാൽ ആരാധകൻ ആയി അഭിനയിക്കുന്നത്. റപ്പായി എന്ന തിയേറ്റർ ഓപ്പറേറ്ററുടെയും ഇരിങ്ങാലക്കുട എന്ന ദേശത്തെ മോഹൻലാൽ ആരാധകരുടെയും കഥ പറയുന്ന സുവർണപുരുഷൻ എന്ന സിനിമയുടെ വിശേഷങ്ങളുമായി സംവിധായകൻ സുനിൽ പൂവേലി മാധ്യമവുമായി  സംസാരിക്കുന്നു.

സുവർണപുരുഷൻ ?

മോഹൻലാൽ എന്ന സൂപ്പർ താരത്തെ ഒരു പ്രദേശത്തെ ആളുകൾ എങ്ങനെയാണ് നോക്കിക്കാണുന്നത് എന്ന വിശകലനമാണ് ഈ സിനിമ. ഇരിങ്ങാലക്കുടയിലെ സാങ്കൽപ്പിക സിനിമാ തീയേറ്ററായ മേരിമാതയിൽ പുലിമുരുകൻ എന്ന സിനിമ റിലീസ് ചെയ്യുന്നതിന് തലേന്നും അന്നുമുള്ള സംഭവവികാസങ്ങളാണ് ചിത്രത്തിന്‍റെ കഥ. പുലിമുരുകൻ റിലീസ് ചെയ്ത് ആദ്യ ഷോയോടെ സിനിമയും അവസാനിക്കും. തീയേറ്റർ ഓപ്പറേറ്ററായ റപ്പായിയേട്ടനാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. റപ്പായിയുടെ തിയേറ്ററിൽ ആണ് എല്ലാ മോഹൻലാൽ ചിത്രങ്ങളും ആ ഗ്രാമത്തിൽ വരുന്നത്. ഗ്രാമത്തിലെ ഭൂരിഭാഗം ജനങ്ങളും മോഹൻലാൽ ആരാധകരുമാണ്. പക്ഷെ മോഹൻലാലിൻറെ ബ്രഹ്മാണ്ഡ ചിത്രം പുലി മുരുകന്‍റെ റിലീസ് ദിവസം റപ്പായിക്ക് അവിടം വിടേണ്ടി വരുന്നു. പിന്നീട് റപ്പായിയുടെയും ആ നാട്ടുകാരുടെയും ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ ആണ് ഈ ചിത്രം. 


റപ്പായി, പുലിമുരുകൻ,മോഹൻലാൽ- ഇതെങ്ങനെ ബന്ധപ്പെട്ട് കിടക്കുന്നു

റപ്പായിയോട് പുലിമുരുകൻ എന്ന സിനിമ ബന്ധപ്പെട്ടുകിടക്കുന്നത് മുരുകൻ എന്ന പേരിലൂടെയാണ്. കാരണം അയാൾ ഇരിങ്ങാലക്കുടയിലെ ഏറ്റവും പിന്നോക്കം ഉള്ള ദലിത് പശ്ചാത്തലത്തിൽ ജനിച്ചുവളർന്ന ആളാണ്. അയാളുടെ പേര് മുരുകൻ എന്നായിരുന്നു. പിന്നീട് അദ്ദേഹത്തിന്‍റെ കുടുംബം ക്രിസ്തുമതം സ്വീകരിച്ചു. ശേഷം അദ്ദേഹം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായി ബന്ധപ്പെടുകയും സഖാവ്‌ റപ്പായി ആയി മാറുകയും ചെയ്തു. അപ്പോഴെല്ലാം അയാളുടെ ജാതി പോകാതെ നിന്നു. പിന്നീട് അയാൾ സിനിമയുമായി ബന്ധപ്പെടുകയും. സിനിമ കാണുക എന്ന നിലയിൽ നിന്ന് സിനിമ കാണിക്കുന്ന രീതിയിലേക്കു മാറി. യഥാർത്ഥത്തിൽ  സിനിമ അയാൾക്ക് ഒരു മതം പോലെയാണ്. അയാൾ സിനിമ കണ്ട് ഭാഷകൾ പഠിച്ചു. കുടുംബജീവിതം ഇല്ലാത്ത സ്ത്രീയെ അറിഞ്ഞിട്ടില്ലാത്ത അയാൾ തിയേറ്ററിനകത്തെ വേഴ്ച്ചകൾ മാത്രം കണ്ടു. സിനിമ  കണ്ടാണ് റപ്പായി കാമം തീർത്തത്. അങ്ങനെയുള്ള ഈ റപ്പായിയെ കേന്ദ്രീകരിച്ചാണ് ഈ സിനിമ. മോഹൻലാൽ എന്ന പുരുഷബിംബവും ഈ റപ്പായിയേട്ടനും ആണ് കേന്ദ്രസ്ഥാനത്ത്. പിന്നെ ആ ദേശത്തെ മോഹൻലാൽ ആരാധകരുമുണ്ട്. മലയാളികൾ മോഹൻലാലിനെ കാണുന്നത് ഒരു താരം ആയിട്ടും ഒരു മികച്ച അഭിനേതാവുമായിട്ടാണ്. റപ്പായിയേട്ടൻ ഒരു മോഹൻലാൽ  ആരാധകനല്ല പക്ഷേ മോഹൻലാലിനെ ഒരുപാട് ഇഷ്ടപ്പെടുന്ന ആളാണ്. ഒരു സോഷ്യൽ ഡോക്യൂമെന്‍റേഷൻ പോലെയാണ് സിനിമ ചെയ്തിട്ടുള്ളത്.

മോഹൻലാൽ ആരാധനയെ അടിസ്ഥാനപ്പെടുത്തി സിനിമയെടുക്കാനുള്ള പ്രചോദനം?

കഴിഞ്ഞ 20 വർഷത്തിനുള്ളിലാണ് കേരളത്തിൽ താരാരാധന  പ്രബലമാവുന്നത്. താരാരധനയെ ചൊല്ലി കേരളീയർ എപ്പോഴും തമിഴരെയാണ് പരിഹസിക്കാറുള്ളത്. എന്ത്‌ കൊണ്ട് മോഹൻലാൽ കേരളത്തിൽ താരാരാധനയുടെ ബിംബമായി മാറി എന്ന ചോദ്യമാണ് ഈ  ചിത്രത്തിലൂടെ പറയാൻ ശ്രമിക്കുന്നത്. 

മോഹൻലാൽ ഈ സിനിമയെ പറ്റി അറിഞ്ഞിരുന്നോ
ഇന്നസെന്‍റ് ആണ്  റപ്പായി ആയി അഭിനയിക്കുന്നത്. അദ്ദേഹം മോഹൻലാലിനോട് പറഞ്ഞിട്ടുണ്ട്.

suvurnapurushn

ചിത്രത്തിന്‍റെ ക്യാപ്ഷൻ "ഒരു ദേശം, ഒരു താരം"
ഇരിങ്ങാലക്കുടയിൽ ബംഗാളികളും തമിഴരുമുണ്ട്. പുറത്ത് നിന്ന് വന്നു ചേർന്ന ആളുകൾ എല്ലാമുള്ള പ്രദേശമാണിത്. അവർക്കെല്ലാം അന്നം നൽകുന്ന ആ ഇരിങ്ങാലക്കുടയിലുള്ളവരെല്ലാം ഇതിലെ കഥാപാത്രങ്ങൾ ആണ്. ആ ദേശത്തെ ജനങ്ങളുടെ മനസിൽ കുടിയേറ്റി വെച്ച താരത്തെ കേന്ദ്രീകരിച്ച് ആണ് കഥ പറയുന്നത്.

പ്രധാന കഥാപാത്രമായ റപ്പായി യുവത്വത്തെ പ്രതിനിധീകരിക്കുന്നില്ല

തീയറ്ററിനുള്ളിലെ ഇരുട്ടിൽ മുന്നിൽ കാണുന്ന ലോകവുമായി നാം വേഗം താദാത്മ്യം പ്രാപിക്കുകയും, കരയുകയും പൊട്ടിച്ചിരിക്കുകയും ചെയ്യുന്നു. ഇതാണ് എന്‍റെ വിഷയം. തിയേറ്റർ എന്നത് ജാതിയും മതവും നോക്കാതെ ജനങ്ങൾ ഒത്തു ചേരുന്ന ഇടമാണ്. പ്രധാന കഥാപാത്രമായ റപ്പായി എഴുപത്‌ വയസ് കടന്ന മനുഷ്യനാണ്. ഒരിക്കൽ ദലിതനും പിന്നീട് ക്രിസ്തുമതവും സ്വീകരിച്ച അയാൾ കമ്മ്യൂണിസ്റ്റ് മതത്തിലെത്തുകയും അവസാനം സിനിമയെ തന്നെ ഒരു മതമായി സ്വീകരിക്കുകയും ചെയ്തയാളാണ്. അയാൾക്ക് പറയാൻ ഒരു ചരിത്രമുണ്ട്. ഇതൊരിക്കലും ഒരു ചെറുപ്പക്കാരനിലൂടെ പറഞ്ഞു തീർക്കുക സാധ്യമല്ല. 

Suvarnapurushan


മറ്റു അഭിനേതാക്കൾ?

ശ്രീജിത് രവി, സുനിൽ സുഗത, മനു, കലാഭവൻ ജോഷി, കലിംഗ ശശി, ബിജുക്കുട്ടൻ, കോട്ടയം പ്രദീപ്, സതീശ് മേനോൻ,യഹിയ കാദർ, ബിജു കൊടുങ്ങല്ലൂർ, രാജേഷ് തംബുരു, ജയേഷ്, ഇടവേള ബാബു, അഞ്ജലി, കൊളപ്പുള്ളി ലീല,ലെന തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ട്രാൻസ് ആക്ടിവിസ്റ്റുകളായ അഞ്ജലി അമീർ, ദീപ്തി കല്യാണി എന്നിവരുമുണ്ട്. 

suvarnapurushn-director
സംവിധായകൻ സുനിൽ പൂവേലി
 

ജെ.എൽ ഫിലിംസിന്‍റെ ബാനറിൽ, ലിറ്റി ജോർജ് & ജീസ് ലാസർ എന്നിവർ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഷിജു എം ഭാസ്‌കർ കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് എഡിറ്റിംഗ് നിർവഹിക്കുന്നത് വിഷ്ണു വേണുഗോപാലാണ്.

 
COMMENTS