വെടിവഴിപാടിന് ശേഷം പാപം ചെയ്യാത്തവർ കല്ലെറിയട്ടെ; വിശേഷങ്ങളുമായി സംവിധായകൻ 

അനു ചന്ദ്ര
17:03 PM
13/02/2020

ഏറെ ചർച്ചചെയ്യപ്പെട്ട 'വെടിവഴിപാട്' എന്ന ചിത്രത്തിനുശേഷം ശംഭു പുരുഷോത്തമൻ വിനയ് ഫോർട്ടിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’. റിലീസിന് തയാറായി നിൽകുന്ന ചിത്രത്തിന്‍റെ വിശേഷങ്ങൾ സംവിധായകൻ മാധ്യമം ഒാൺലൈനുമായി പങ്കുവെക്കുന്നു.

2013ല്‍ പുറത്തിറങ്ങിയ വെടിവഴിപാടിന് ശേഷം രണ്ടാമത്തെ സിനിമ 2020ൽ ? 

'വെടിവഴിപാട്' പുറത്തിറങ്ങുന്നത് 2013 ഡിസംബറിലാണ്. ‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ'യിലെത്തിയപ്പോൾ ചെറിയ ഇടവേള ഉണ്ടായി എന്നത് ശരിയാണ്. അധ്യാപകവൃത്തി തുടരുന്നതിനാൽ ആ തിരക്കുകൾ കൂടിയുണ്ടായിരുന്നു. അതാണ് കാലതാമസത്തിനുള്ള പ്രധാന കാരണം. 

ആരെയും മുൻകൂട്ടി മനസിൽ കണ്ടല്ല കഥകൾ എഴുതുന്നത്. തിരക്കഥക്ക് ശേഷമാണ് ആരെ വെച്ചു സിനിമ ചെയ്യുമെന്ന് ചിന്തിക്കുന്നത്. എഴുതിയ തിരക്കഥയെ സിനിമയാക്കാനുള്ള ശ്രമമാണ് നടത്താറുള്ളത്. 
അതെല്ലാം കാലതാമസത്തിന് കാരണമാകുന്നുണ്ട്. 

പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്ന വ്യത്യസ്ത പേര്?

ബൈബിളിൽ  നിന്നാണ് ഈ ഒരു വചനം വരുന്നത്. വാസ്തവത്തിൽ കൃസ്ത്യൻ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. അത് കൊണ്ട് കൂടിയാണ് ഈ പേര്. സിനിമ കാണുമ്പോൾ അക്കാര്യം പ്രേക്ഷകന് മനസിലാകും.  


വിനയ്ഫോർട്ടിന്‍റെ കഥാപാത്രം?

വിനയ് ഫോർട്ട് റോയ് എന്ന പ്രധാന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. കോട്ടയത്തുള്ള പ്രമുഖ പ്രമാണികുടുംബത്തിലെ അംഗമാണ് റോയ്. ഇപ്പോൾ പ്രതാപമൊക്കെ കുറഞ്ഞ ആ കുടുംബത്തിലെ എല്ലാ ഉത്തരവാദിത്വവും റോയിക്കാണ്. അയാളുടെ ചുറ്റും നടക്കുന്ന കാര്യങ്ങളാണ് സിനിമ പറയുന്നത്.

വെടിവഴിപാട് സിനിമക്ക് സെന്‍സര്‍ ബോര്‍ഡുമായി ബന്ധപ്പെട്ട വിവാദങ്ങൾ വന്നിരുന്നു. ഈ സിനിമയെ കുറിച്ചും അത്തരത്തിലുള്ള ആശങ്കകൾ ഉണ്ടോ ?

അത്തരം ആശങ്കകൾ ഈ ചിത്രത്തിനില്ല. വെടിവഴിപാടിനും സെൻസർഷിപ്പ് പ്രശ്നങ്ങൾ വരേണ്ടതില്ല എന്നാണ് എന്‍റെ കാഴ്ചപ്പാട്. സിനിമ ഇറങ്ങിയപ്പോൾ എല്ലാർക്കും ഇക്കാര്യം മനസിലായി. 

മലയാളത്തിലെ നടിമാർ ചെയ്യാന്‍ മടിക്കുന്ന ലൈംഗിക തൊഴിലാളിയുടെ വേഷം അസാമാന്യ വൈഭവത്തോടെ വെടിവഴിപാടിൽ അനുമോൾ അവതരിപ്പിച്ചു. ഈ ചിത്രത്തിലും അനുമോൾ ‍? 

അനുമോളിന്‍റെ കഥാപാത്രത്തെ കുറിച്ച് കൂടുതൽ കാര്യങ്ങൾ ഇപ്പോൾ പറയാനാകില്ല. എന്നാൽ കഴിവുള്ള നടിയാണ് അവർ. പെർഫോം ചെയ്യാൻ കൂടുതൽ സാധ്യതയുള്ള നായികമാരെ വെച്ചുള്ള സിനിമ ചെയ്യാനാണ് കൂടുതൽ പ്രിയം. കൂടാതെ പരിചയമുള്ള അഭിനേതാക്കളാകുമ്പോൾ ഉദ്ദേശിക്കുന്ന റിസൾട്ട് ലഭിക്കുകയും ചെയ്യും. അനുമോളിലേക്ക് ഞാൻ വീണ്ടുമെത്തിയതും ഇക്കാരണം കൊണ്ടാണ്. 

ചിത്രത്തിന്‍റെ പോസ്റ്ററുകൾ വ്യത്യസ്തമാണല്ലോ?

യൂറോപ്യൻ പെയിന്റിങ്ങുകളിൽ നിന്ന് പ്രചോദനം ഉൾകൊണ്ടുള്ള പോസ്റ്ററുകളാണ് സിനിമക്കായി ഉപയോഗിച്ചത്. ഫോട്ടോ ഷൂട്ട് ചെയ്യുമ്പോൾ തന്നെ ഇക്കാര്യത്തിൽ കൃത്യമായ ധാരണയുണ്ടായിരുന്നു. 

അമേൻ, ജല്ലിക്കട്ട് ഫെയിം പ്രശാന്ത് പിള്ളയാണല്ലോ സംഗീതം?

ഒരു ഗാനമാണ് പ്രശാന്ത് പിള്ളയുടേതായിട്ട് സിനിമയിലുള്ളത്. വ്യക്തിപരമായി ഏറെ ഇഷ്ടപ്പെട്ട സംഗീതജ്ഞനാണ് അദ്ദേഹം. എന്നാൽ ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയത് അദ്ദേഹമല്ല. സുഹൃത്ത് കൂടിയായ ഡോൺ ആണ് പശ്ചാത്തല സംഗീതം ഒരുക്കിയത്. 


 

Loading...
COMMENTS