ഇസ്രയേല​ും ​ഫലസ്​തീനും കൊച്ചിയും ചേരു​േമ്പാൾ സാറയും താഹയും തൗഫീഖുമാവുന്നു

Sharath-Poster

പലവട്ടം ചർച്ച ചെയ്യുകയും കേരളീയ സമൂഹം ഏറെ ശ്രദ്ധിക്കുകയും ചെയ്ത വിഷയമാണ് മട്ടാഞ്ചേരിയിലെ ജൂതവംശവും അവരുടെ കൗതുകമുണർത്തുന്ന കഥകളും. കൊച്ചിയിൽ ആദ്യമായി വൈദ്യുതി കൊണ്ടുവന്നത്​ ജൂതന്മാരാണത്രെ! സൂര്യനും ചന്ദ്രനും ഉള്ളടത്തോളം നിങ്ങൾക്ക്​ ഇവിടെ കഴിയാം എന്ന് കൊച്ചി രാജാവ് നൽകിയ വാക്കും ഒരു മതിലി​​െൻറ പോലും വേർതിരിവില്ലാതെ നിലകൊള്ളുന്ന സിനഗോഗും ക്ഷേത്രവും അടയാളപ്പെടുത്തുന്ന മഹത്തായ മതേതര മാതൃകയുമാണ്​ശരത് കൊറ്റിക്കൽ സംവിധാനം നിർവഹിച്ച ‘സാറാ താഹ തൗഫീഖ്’ എന്ന ഡോക്യുമ​െൻററി വിഷയമാക്കുന്നത്​.  ത​​െൻറ ചിത്രത്തെക്കുറിച്ച്​ ശരത്​ സംസാരിക്കുന്നു...


ആരാണ് സാറാ, താഹ, തൗഫീഖ് ?
സാറാ ആന്റിയെ അറിയാത്ത ആരും തന്നെ മട്ടാഞ്ചേരിയിൽ ഉണ്ടാകുമെന്നു കരുതുന്നില്ല. ജൂത തെരുവിലെ ഏറ്റവും പ്രായം ചെന്ന സ്ത്രീയാണവർ. 95 വയസുണ്ട് അവർക്ക്. ഇന്നവിടെ അവശേഷിക്കുന്ന അഞ്ചു ജൂതന്മാരിൽ ഏറ്റവും പ്രായം ചെന്നവർ. ജൂത തെരുവിൽ വരുന്ന ഓരോ സഞ്ചാരിയും അവരെ കണ്ടിട്ടേ സാധാരണ മടങ്ങൂ. സാറാ ആന്റിയുടെ അടുത്ത സുഹൃത്തും അവരുടെ കാര്യങ്ങൾ ഒക്കെ നോക്കി നടത്തുന്ന സഹായി കൂടി ആണ് താഹ. തൗഫീഖ് ദുബായിൽ ഷെഫ് ആണ്. ഹീബ്രു കാലിഗ്രാഫി ചെയ്യുന്ന തെക്കേനേഷ്യയിലെ ഒരേയൊരു മുസ്​ലിം ആണ് തൗഫീഖ്. ഇവർ എങ്ങനെ സുഹൃത്തുക്കളായി, ഇന്നവർ എന്ത് ചെയ്യുന്നു എന്നതാണ് അടിസ്​ഥാന കഥാ തന്തു. സമാന്തരമായി  ജൂത വംശം എങ്ങനെ കേരളത്തിൽ എത്തി, എവിടെയൊക്കെ അവർ വസിച്ചു, പിന്നീട് എന്ത് സംഭവിച്ചു എന്നതും നമ്മൾ കാണിക്കുന്നു. താഹയും തൗഫീഖും കൂടി നടത്തിയ ‘ജ്യൂസ് ഓഫ് മലബാർ’ എന്ന എക്സിബിഷൻ ഇതിലെ പ്രധാനപ്പെട്ട ഒരു ഭാഗമാണ്. 


ഇസ്രയേൽ - ഫലസ്‌തീൻ തർക്കം ഇതിൽ വിഷയമാകുന്നുണ്ടോ ?
വളരെ ശാന്തമായി ആരംഭിച്ചു വളരെ ശാന്തമായി അവസാനിക്കുന്ന ഒരു കഥയാണ് നമ്മൾ പറയുന്നത്. ലോകത്തെവിടെയും കാണാത്ത ഒരു സാംസ്​കാരിക സങ്കലനം കൊച്ചിയിലുണ്ട്. നമ്മൾ ആരും അധികം അ​തെപ്പറ്റി ചിന്തിച്ചിട്ടുണ്ടാവില്ല. നിരവധി കമ്മ്യൂണിറ്റികളും ഭാഷകളും ആരാധനാലയങ്ങളും അതിശയിപ്പിക്കുന്ന ചെറിയ ഇടത്തിൽ തോളോടു തോൾ ചേർന്ന് നിൽക്കുന്ന ഇടമാണ് കൊച്ചിയും മട്ടാഞ്ചേരിയും. ലോകത്തിനു മുമ്പിൽ നമുക്ക് വെക്കാവുന്ന ഒരു മികച്ച മാതൃക. അത്രയും മികച്ച പശ്ചാത്തലം വിഷയമാവുമ്പോൾ നമ്മൾ എന്തിനു ഇസ്രയേലും ഫലസ്തീനും ചർച്ച ചെയ്യണം? തർക്കം വിഷയമാവുന്നില്ലെങ്കിലും സാറ ആൻറിയെ കാണാൻ ഇസ്രയേലിൽ നിന്ന് പഴയ സുഹൃത്തുക്കൾ ഒക്കെ വരുന്ന കൗതുക കാഴ്ചകൾ നമ്മൾ ഷൂട്ട് ചെയ്തിട്ടുണ്ട്. 


സമകാലീന രാഷ്ട്രീയ സാഹചര്യങ്ങൾ ചർച്ച ചെയ്യപ്പെടാതെ ഇത് പൂർത്തിയാവില്ലലോ ?
വളരെ ശക്തമായി രാഷ്ട്രീയം പറയുകയും മുന്നോട്ട് വെക്കുകയും ചെയ്യുന്ന ചിത്രമാണ് ഇത്. പക്ഷേ, അത് നമ്മൾ നിത്യവും വായിക്കുന്ന അല്ലെങ്കിൽ കാണുന്ന മുൻനിര രാഷ്ട്രീയമായി നേരിട്ട് ബന്ധമില്ല. വലിപ്പച്ചെറുപ്പമിലാതെ പരസ്പരം സഹായിക്കുന്ന, സ്നേഹിക്കുന്ന മനുഷ്യരുടെ രാഷ്ട്രീയം. എന്നാൽ സ്വാഭാവികമായി നമ്മൾ പോലും അറിയാതെ പല പേരുകളും ഇതിൽ പരാമർശിക്കപ്പെടുന്നുണ്ടുതാനും. അവ പറയാനോ പറയാതിരിക്കാനോ പ്രത്യേക പ്ലാനുകൾ ഒന്നും ഉണ്ടായിരുന്നില്ല. രാഷ്ട്രീയം പറയാതെ ഇത് പൂർത്തിയാവില്ല എന്നത് സത്യമാണ്. അതുപോലെ പലരും മതം ചേർത്ത് ഇതേക്കുറിച്ച്​ ചോദ്യങ്ങൾ ഉന്നയിക്കാറുണ്ട്. ജൂത വംശത്തി​​െൻറ സാംസ്​കാരിക വശമാണ്​ നമ്മുടെ വിഷയം. മതപരമായ വശത്തെ പരമാവധി ഒഴിവാക്കി നിർത്തിയിരിക്കുന്നു. ശ്രമകരമായ ഒരു സംഗതി തന്നെയായിരുന്നു അത്. 

ശരത് സാറ ആന്‍റിയോടൊപ്പം
 


നാല് വർഷങ്ങൾ ഇതിനു വേണ്ടി മാറ്റി വെക്കേണ്ടി വന്നത് ഏത് സാഹചര്യത്തിലാണ് ?
ഡോക്യുമ​െൻററി ആവശ്യപ്പെടുന്ന സമയം ആയിരുന്നു അത്. കഥക്കൊപ്പം കഥാപാത്രങ്ങൾക്ക് സംഭവിക്കുന്ന മാറ്റങ്ങൾ ആണ് ഇതി​​െൻറ രസം. നമ്മളെ തൃപ്തിപ്പെടുത്തുന്ന ഒരു ക്ലൈമാക്സിനു വേണ്ടി മാത്രം മൂന്നു വർഷത്തോളം കാത്തിരുന്നിട്ടുണ്ട്. ഒരേസമയം അത് വേദന നിറഞ്ഞതും സന്തോഷം നൽകുന്നതുമായ കാത്തിരിപ്പായിരുന്നു. ക്ലൈമാക്സ് സീനുകൾ എഡിറ്റ് ചെയ്ത ദിവസമായിരിക്കും ഏറ്റവും സന്തോഷം നൽകിയ ദിവസം!! 


ഏതെങ്കിലും ഡോക്യൂമ​െൻററികൾ, സംവിധായകർ സ്വാധീനിച്ചിട്ടുണ്ടോ ?
സൈമൺ ക്ലോസിന്റെ ‘ദി പൈററ്റ് ബേ എവേ ഫ്രം കീബോർഡ്’  പിന്നെ ‘മാൻ ഓൺ വയർ’, ‘സെന്ന’  ഈയിടെ കാണാൻ ഇടയായ ‘ടിക്കൽഡ്’ ഒക്കെ ഏറെ ഇഷ്ടപെട്ട ഡോക്യൂമെന്ററികൾ ആണ്. ആ നിലവാരത്തിലൊക്കെ ഒരു ഡോക്യൂമ​െൻററി ചെയ്യുക എന്നത് ഒരു സ്വപ്നം ആണ്. സ്പോർട്സ് ഡോക്യൂമെന്ററികൾ ഒന്നും വിടാതെ കാണാറുണ്ട്. ‘സിനിമ പാരഡിസോ’ മുതൽ ‘ഇരുപതാം നൂറ്റാണ്ടു’ വരെയുള്ള സിനിമകളും അവ സംവിധാനം ചെയ്തിട്ടുള്ള സംവിധായകരെയും ഇഷ്ടമാണ്.


ആരെല്ലാം സഹായിച്ചു? ആരൊക്കെയാണ് അണിയറ പ്രവർത്തകർ ?
ദേശീയ പുരസ്‌കാരം ലഭിച്ച രണ്ടു പേർ നമുക്ക് വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്. ‘101 ചോദ്യങ്ങൾ’ എന്ന സിനിമയുടെ നിർമാതാവ്​ തോമസ് കോട്ടക്കകം തന്നെയാണ്​ ഇൗ ഡോക്യുമ​െൻററിയുടെയും നിർമാണം. സൗണ്ട് ഡിസൈൻ ചെയ്തിരിക്കുന്നത് ജസ്റ്റിൻ ജോസ്. ‘ബാജിറാവ് മസ്താനി’ക്ക്​ ദേശീയ  പുരസ്കാരം ലഭിച്ച മലയാളിയാണ് അദ്ദേഹം. പുറത്തിറങ്ങാൻ ഇരിക്കുന്ന ‘പദ്മാവതി’, പിന്നെ ‘ബാഹുബലി’, ‘സച്ചിൻ’ ഒക്കെ അദ്ദേഹം വർക്ക് ചെയ്ത സിനിമകൾ ആണ്. ‘ആമേൻ’, ‘സോളോ’, ‘മുക്കബാസ്’ എന്നീ സിനിമകൾക്ക് ശേഷം പ്രശാന്ത് പിള്ള പശ്ചാത്തല സംഗീതം ഒരുക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട്. ഛായാഗ്രഹണം വിഷ്ണു തണ്ടാശ്ശേരി. എഡിറ്റിംഗ് ലിജിൻ ചെറിയാൻ ജേക്കബ്. പോസ്റ്റർ ഡിസൈൻ ജയറാം രാമചന്ദ്രൻ. കൂടാതെ സ്‌ക്രിപ്റ്റിൽ സഹായിച്ച ശ്രീജ രവീന്ദ്രനാഥൻ, ഗ്രാഫിക്സ് കൈകാര്യം ചെയ്ത സനത് എന്നിവരൊക്കെ ഒരേ മനസ്സോടെ കൂടെ നിന്നതിനാൽ ആണ് നല്ല രീതിയിൽ ഇത് പൂർത്തിയാക്കാൻ എനിക്ക് സാധിച്ചത്. വലിയ പേരുകൾക്കപ്പുറം ഇവരുടെ പ്രയത്​നഫലം ചിത്രത്തി​​െൻറ പൂർണതയ്​ക്ക്​ കാരണമാണ്. ‘ഈട’യുടെ സംവിധായകൻ ബി. അജിത്‌കുമാർ ഒരുപാട് സഹായിച്ചിട്ടുണ്ട്. ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത പേരാണ് അദ്ദേഹത്തി​േൻറത്​.
 

എന്നാണ് ‘സാറാ താഹ തൗഫീഖ്’ പ്രദർശനത്തിന് തയ്യാറാവുക ?
ജനുവരി അവസാനത്തോടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാകും എന്നാണ് കരുതുന്നത്. ആദ്യം ഫിലിം ഫെസ്റ്റിവൽ സർക്യൂട്ടിലും  പിന്നീട് എല്ലാവർക്കും കാണാനുമുള്ള തരത്തിലുമാണ് റിലീസ് ക്രമീകരിക്കുന്നത്.

Loading...
COMMENTS