നായകനും നായികയും വില്ലനുമില്ലാത്ത സിനിമയാണ് അയ്യപ്പനും കോശിയും -സച്ചി 

അനു ചന്ദ്ര
18:36 PM
06/02/2020
sachy

അനാർക്കലി എന്ന ചിത്രത്തിന് ശേഷം സച്ചി രചനയും സംവിധാനവും നിർവഹിച്ച് പ്രദർശനത്തിനെത്തുന്ന ആക്ഷൻ-ത്രില്ലർ ചലച്ചിത്രമാണ് അയ്യപ്പനും കോശിയും. പൃഥ്വിരാജ്-ബിജുമേനോൻ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തിന്‍റെ വിശേഷങ്ങൾ സംവിധായകൻ സച്ചി പങ്ക് വെക്കുന്നു.

ആരാണ് അയ്യപ്പനും കോശിയും?
രണ്ട് വ്യക്തികളായ അയ്യപ്പനും കോശിയും തമ്മിലുള്ള സംഘർഷമാണ് ഈ സിനിമ. ബിജു മേനോൻ ആണ് അയ്യപ്പൻ നായർ ആയി വരുന്നത്. കോശി കുര്യനായി പൃഥ്വിയും വേഷമിടുന്നു. ഇവർ തമ്മിലുള്ള  ചെറിയൊരു നിയമപ്രശ്‌നവും അതിൻമേലുണ്ടാകുന്ന സംഘർഷവുമാണ്  ചിത്രത്തിന്റെ പ്രമേയം. രണ്ട് പേരും ടൈറ്റിൽ കഥാപാത്രങ്ങളാവണം എന്നുള്ളത് കൊണ്ടാണ് ചിത്രത്തിന് അയ്യപ്പനും കോശിയും എന്ന് പേരിട്ടത്. 


അനാർക്കലിക്ക് ശേഷം പൃഥ്വിരാജ്-ബിജു മേനോൻ കൂട്ടുകെട്ട് ?
പൃഥ്വിരാജും ബിജുമേനോനും സിനിമയിൽ വേണമെന്ന് ആഗ്രഹിച്ചിരുന്നില്ല. കഥ മാത്രമായിരുന്നു ആദ്യം വികസിപ്പിച്ചത്. അട്ടപ്പാടിയിലെ റിട്ടയർ ചെയ്യാൻ മൂന്ന് വർഷം മാത്രം ബാക്കിയുള്ള സബ് ഇന്‍സ്‌പെക്ടര്‍ അയ്യപ്പന്‍ നായരെന്ന കഥാപാത്രമാകുമ്പോൾ ബിജുമേനോന്‍റെ ചിത്രം മനസിലേക്ക് വരികയുമില്ലല്ലോ. കഥ എഴുതി തീർന്നതിന് ശേഷമാണ് ആ കഥാപാത്രങ്ങൾക്ക് യോജിച്ചവരെ കുറിച്ച് ചിന്തിക്കുന്നത്. അങ്ങിനെയാണ് പൃഥ്വിയിലേക്കും ബിജു മേനോനിലേക്കും എത്തിയത്. അല്ലാതെ അവർ തന്നെ വേണമെന്ന നിർബന്ധത്തിൽ അവരെ കണ്മുന്നിൽ കണ്ടു കൊണ്ടെഴുതിയ കഥയല്ല അയ്യപ്പനും കോശിയും. 

പൃഥ്വിരാജ്-ബിജുമേനോൻ കൂട്ടുകെട്ടിന്‍റെ രസതന്ത്രം ?
രണ്ട് പേരും വളരെ സ്വാതന്ത്ര്യത്തോടെ ഇടപഴകാൻ കഴിയുന്നവരാണ്. രണ്ടുപേരും മലയാളത്തിലെ മികച്ച നടൻമാരാണ്. ഇവരെ വെച്ചു സിനിമ ചെയ്യുമ്പോൾ കുറെ കൂടെ കംഫർട്ടാണ്. ഇവരെ കാസ്റ്റ് ചെയ്യുന്നതിലൂടെ സംവിധായകന്‍റെ അധ്വാനത്തെ 50 ശതമാനം കുറക്കാൻ സഹായിച്ചിട്ടുണ്ട്. 


അനാര്‍ക്കലിക്ക് ശേഷം രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് അയ്യപ്പനും കോശിയും. എന്ത്കൊണ്ട് ഇത്ര വലിയ ഇടവേള?ഇതിനിടയിൽ ഞാൻ എഴുതിയ തിരക്കഥയിൽ മൂന്ന് സിനിമകൾ പുറത്തിറങ്ങിയിട്ടുണ്ട്. ഞാൻ ആണെങ്കി വെയിൽ കൊള്ളാൻ അൽപം മടിയുള്ള കൂട്ടത്തിൽ ആണ്. സംവിധാനം പലപ്പോഴും വെയിൽ കൊള്ളേണ്ടതും ശാരീരികാധ്വാനം കൂടുതലുമുള്ള ജോലി അല്ലേ. അതിനാൽ തന്നെയാണ് ഈ ഗ്യാപ്. 


ഡ്രൈവിങ് ലൈസന്‍സ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷംഉത്തരവാദിത്തം കൂടിയോ?
ഉത്തരവാദിത്തങ്ങൾ ഒന്നും തലയിൽ കയറ്റി വെക്കാറില്ല. മുമ്പ് ചെയ്ത സിനിമകളുടെ ബാക്കി ചെയ്യാൻ ശ്രമിക്കാറുമില്ല.  ഓരോ സിനിമയും എന്നെ സംബന്ധിച്ചിടത്തോളം പുതിയതാണ്. അതിന് വേണ്ടിയാണ് ശ്രമിക്കുന്നത്.  ഉത്തരവാദിത്തങ്ങളുണ്ടെന്ന് തോന്നി കഴിഞ്ഞാൽ പിന്നെ സ്വാതന്ത്രമായിഒന്നും ചെയ്യാൻ കഴിയില്ല. 

നിർമ്മാതാക്കളിൽ ഒരാളായി സംവിധായകൻ രഞ്ജിത് ‍?
ഗോൾഡ് കോയിൻ മോഷൻ പിക്ചേഴ്സിന്‍റെ ബാനറിൽ രഞ്ജിത്തും പി.എം ശശിധരനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. രഞ്ജിത്തേട്ടനുമായി വർഷങ്ങളായുള്ള ബന്ധമാണ്. സഹോദര തുല്യനായ സ്ഥാനമാണ് അദ്ദേഹത്തിന് ഞാൻ നൽകിയിരിക്കുന്നത്. അതുകൊണ്ടെല്ലാം തന്നെ വളരെ ലളിതമായ കൈ കൊടുക്കലുകളിൽ നിന്നാണ് ഈ സിനിമ സംഭവിക്കുന്നത്. അദ്ദേഹം ഒരുപാട് നല്ല സിനിമകൾ ഉണ്ടാക്കിയ, ഒരുപാട് ഓർമിപ്പിക്കുന്ന സംഭാഷണങ്ങൾ നൽകിയ  വൈകാരിക മുഹൂർത്തങ്ങൾ ഉള്ള സിനിമകൾ ഒരുക്കിയ വ്യക്തിയാണ്. എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹം സഹോദരനും സുഹൃത്തുമാണ് എന്നത് പോലെ തന്നെ ഈ സിനിമയെ സംബന്ധിച്ച് എന്‍റെ നിർമ്മാതാവ് മാത്രമാണ്.

അട്ടപ്പാടിയിലെ ലൊക്കേഷൻ അനുഭവം ? 
സിനിമയിൽ അട്ടപ്പാടി എന്ന പരിസരത്ത് മാത്രമാണ് കഥ സംഭവിക്കുന്നത്. അട്ടപ്പാടിയിൽ മാത്രം നിലനിൽക്കുന്ന ഒരു പ്രശ്നത്തിൽ നിന്നാണ് സിനിമ ഉണ്ടാകുന്നത്. അതുകൊണ്ട് അട്ടപ്പാടി ഇവിടെ നിർബന്ധമാണ്. ഈ സ്ക്രിപ്റ്റ് എഴുതുന്നതിനു മുൻപ് തന്നെ അട്ടപ്പാടിയിൽ താമസിച്ച് അവിടുത്തെ ചുറ്റുപാടുകൾ മനസ്സിലാക്കിയ ആളാണ് ഞാൻ. അത്കൊണ്ട് വളരെ അടുപ്പമുള്ള ചുറ്റുപാട് ആണിത്. 

നായികാപ്രാധാന്യം ? 
നായകനും നായികയും വില്ലനും ഈ സിനിമയിൽ ഇല്ല. എല്ലാവരും മനുഷ്യ ജീവികൾ മാത്രമാണ്. എല്ലാവരിലും നന്മകളും തിന്മകളുമുണ്ട്. അത്തരം സ്വഭാവങ്ങളാണ് സിനിമയിൽ പറയുന്നത്. സിനിമാറ്റിക് ആയി നന്മയുടെ നിറകുടമായ നായകനും തിന്മയുടെ നിറകുടമായ വില്ലനോ അല്ലെങ്കിൽ നായകന് ആടിപ്പാടാനായി ഒരു കാമുകിയോ ഭാര്യയോ ഉള്ള സിനിമയല്ല. പൃഥ്വിരാജ് എന്ന കഥാപാത്രത്തിന് ഒരു ഭാര്യയുണ്ട്. ആ കഥാപാത്രം ചെയ്തത് അന്ന രാജൻ ആണ്. ബിജു മേനോൻ ചെയ്യുന്ന കഥാപാത്രത്തിന് ഒരു ഭാര്യയുണ്ട്. അവരുടെ പേര് കണ്ണമ്മ എന്നാണ്. അവർ ഒരു ആദിവാസി സ്ത്രീയാണ്. 

 

LATEST VIDEO

Loading...
COMMENTS