അമീർ, ആത്മസംതൃപ്തി നൽകിയ വേഷം -റോഷൻ മാത്യു

അനു ചന്ദ്ര
18:30 PM
09/11/2019

നിവിന്‍ പോളിയെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോന്‍ സിനിമ മികച്ച അഭിപ്രായവുമായി മുന്നേറുകയാണ്. ചിത്രത്തിൽ അമീർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കൈയ്യടി നേടിയിരിക്കുകയാണ് നടൻ റോഷൻ മാത്യു. ആനന്ദം സിനിമയിലെ സൂചി മോൻ എന്ന കഥാപാത്രത്തിലൂടെ മലയാളസിനിമയിൽ വന്ന റോഷന്‍റെ മികച്ച കഥാപാത്രമാണ് അമീർ. റോഷൻ മാത്യു പുതിയ സിനിമയുടെ വിശേഷങ്ങൾ മാധ്യമം ഒാൺലൈനുമായി പങ്കു വെക്കുന്നു.

മൂത്തോനിലെ അമീർ

സംസാരിക്കാൻ കഴിയാത്തവരുടെ ആശയവിനിമയ രീതി പഠിക്കുകയെന്നതായിരുന്നു മൂത്തോനിലെ അമീറിനെ അവതരിപ്പിക്കുന്നതിനായി ആദ്യം ചെയ്തത്. അതിനായി അവരുടെ ഭാഷ പഠിക്കാനായ ൊരു അധ്യാപികയെ സമീപിച്ചു. സംസാരിക്കാൻ കഴിയാത്തവർ എങ്ങിനെ പരസ്പരം ഇടപെടുന്നു/ആശയവിനിമയം നടത്തുന്നു എന്നത് നിരീക്ഷിച്ചു. പിന്നീട് ഗീതുവും നിവിനുമായി കംഫർട് സോൺ ഉണ്ടാക്കിയെടുത്തു. അതിനാനായി മുംബൈയിൽ നടത്തിയ വർക്ക്ഷോപ്പിൽ പങ്കെടുത്തു. അതെല്ലാം കഥാപാത്രത്തെ മികച്ചതാക്കുന്നതിന് ഒരുപാട് സഹായിച്ചു. 

മൂത്തോനിലെ അമീർ എന്ന കഥാപാത്രം 

മൂത്തോൻ സിനിമയുടെ ആദ്യ ഷെഡ്യൂൾ ഷൂട്ട് ചെയ്യുമ്പോൾ സിനിമയിൽ ഞാൻ ഇല്ലായിരുന്നു. ഒരുവർഷം കഴിഞ്ഞ് രണ്ടാമത്തെ ഷെഡ്യൂൾ ലക്ഷദ്വീപ് വെച്ചു ഷൂട്ട് ചെയ്യുമ്പോഴാണ് അമീർ എന്ന കഥാപാത്രത്തിനായി ഗീതു നടൻമാരെ തിരഞ്ഞത്. ആ സമയത്ത് ഞാൻ അഞ്ജലി മേനോൻ സംവിധാനം ചെയ്ത കൂടെയുടെ ഷൂട്ട് കഴിഞ്ഞു നിൽക്കുകയായിരുന്നു. അഞ്ജലി മേനോനും കൂടെയിലെ സൗണ്ട് ടെക്‌നീഷ്യൻ അജയ് അടാട്ടും ചേർന്നാണ് എന്നെ ഗീതുവിന് നിർദേശിക്കുന്നത്. 

താങ്കളിലെ നടനെ ഏറ്റവും നന്നായി ഉപയോഗിച്ച സിനിമയാണോ മൂത്തോൻ

ഇതുവരെ അവതരിപ്പിച്ച കഥാപാത്രങ്ങളിൽ ആത്മസംതൃപ്തി നൽകിയ കഥാപാത്രമാണ് അമീർ. എന്ത് ചെയ്താലും അതിനകത്തു കുറവുകളും കുറ്റങ്ങളും തോന്നും. വലിയ കുറ്റങ്ങളും കുറവുകളും ഇല്ല എന്ന് തോന്നിയത് മൂത്തോനിലാണ്. വ്യത്യസ്തമായി ചെയ്യാൻ ശ്രമിച്ചത് കൊണ്ടല്ല, മറിച്ച് കൂടെ ജോലി ചെയ്ത സഹപ്രവർത്തകരുടെ പ്രയത്നത്തിന്‍റെ ഭാഗമായാണ്

സ്വവർഗപ്രണയം പറയുന്ന ചിത്രം 

പരിചിതമല്ലാത്ത കഥാപാത്രം ചെയ്യുന്നതിന്‍റെ എക്‌സൈറ്റ്മെന്‍റ് ഉണ്ടായിരുന്നു. പൊതുവിൽ എല്ലാ നടന്മാർക്കും അങ്ങനെ തന്നെയാകും എന്നാണ് കരുതുന്നത്. സംസാരശേഷി ഇല്ലാത്ത, മറ്റൊരു മതത്തിലുള്ള, വേറെ സെക്ഷ്വാലിറ്റിയിലുള്ള കഥാപാത്രം അവതരിപ്പിക്കാൻ ലഭിക്കുമ്പോഴും ഈ എക്സൈറ്റ്മെന്‍റ് ആണുള്ളത്. സിനിമയിൽ ഹോമോസെക്ഷ്വൽ പ്രണയകഥ പറയാൻ ശ്രമിച്ചിട്ടില്ല. പ്രണയകഥ മാത്രമാണ് പറയാൻ ശ്രമിച്ചത്. പ്രണയത്തെ കുറിച്ചാണ് സിനിമ സംസാരിക്കുന്നത്. രണ്ട് പുരുഷൻമാർ തമ്മിലായാലും സ്ത്രീകൾ തമ്മിലായാലും പ്രണയത്തിന് ഒരേ വികാരമാണ്. അതുകൊണ്ട് തന്നെ വലിയ ആശങ്കകൾ ഒന്നുമില്ലായിരുന്നു. 

റോഷൻ-നിവിൻ കെമിസ്ട്രി

ഞാനും ഗീതുവും നിവിൻ ചേട്ടനും ചേർന്നുള്ള വർക്ക്ഷോപ്പ് ഉണ്ടായിരുന്നു. അതിൽ പങ്കെടുത്തത് സിനിമക്ക് നന്നായി സഹായിച്ചു. നിവിനുമായി ആനന്ദം സിനിമയിൽ ചെറിയ രംഗം മാത്രമാണ് ചെയ്തത്. പക്ഷേ മൂത്തോനിൽ വ്യത്യസ്തമായിരുന്നു. നമ്മൾ നൽകുന്നതിന്‍റെ ഇരട്ടിയാണ് അദ്ദേഹം തിരിച്ചു നൽകിയത്. ക്യാമറക്ക് മുമ്പിൽ ആയാലും പിന്നിൽ ആയാലും ഒരുമിച്ചുള്ള സമയം  നന്നായി ആസ്വദിച്ചു. അതുകൊണ്ട് തന്നെയായിരിക്കാം ഞങ്ങൾക്കിടയിലെ പ്രണയം വളരെ കംഫർട്ടബിൾ ആയി അവതരിപ്പിക്കാൻ കഴിഞ്ഞത്. 

സ്വവർഗ്ഗപ്രണയം ഇന്ത്യയിൽ നിയമവിധേയം

ഓരോരുത്തരും അവർക്ക് ഇഷ്ടമുള്ളത് പോലെ ജീവിക്കട്ടെ. അത് ചോദ്യം ചെയ്യുന്നത് ശരിയല്ല. എന്തുകൊണ്ട് അവരുടെ ശരികൾ നമുക്ക് തെറ്റായിയെന്ന് നാം ചിന്തിക്കണം. സ്വവർഗപ്രണയിതാക്കളോടുള്ള മനോഭാവം പതുക്കെപ്പതുക്കെ മാറി വരുന്നതിൽ സന്തോഷമുണ്ട്.

ലക്ഷദ്വീപിലെ ചിത്രീകരണ അനുഭവങ്ങൾ

ആദ്യമായാണ് ലക്ഷദ്വീപിൽ പോയത്. അവിടുത്തെ നാട്ടുകാരും കൂടെ ജോലി ചെയ്തവരുമെല്ലാം നല്ല വൈബ് ആയിരുന്നു. നല്ല ചൂട്, കുടിവെള്ള പ്രശ്നവുമുണ്ടായിരുന്നു. എന്നാൽ അവയൊന്നും വലിയ പ്രശ്നമായി അനുഭവപ്പെട്ടില്ല.

ബോളിവുഡ് സിനിമയിലേക്കുള്ള അനുരാഗ് കശ്യപിന്‍റെ ക്ഷണം

മൂത്തോൻ സിനിമയുടെ ഫൈനല്‍ എഡിറ്റ് കണ്ടപ്പോള്‍ എന്‍റെ അഭിനയം അനുരാഗ് കശ്യപിന് ഇഷ്ടപ്പെട്ടതായി ഗീതു ചേച്ചി പറഞ്ഞിരുന്നു. ശേഷമാണ് അദ്ദേഹം അഭിനയിക്കാൻ വിളിക്കുന്നത്. ചോക്ഡ് (choked) എന്നാണ് സിനിമയുടെ പേര്. അടുത്ത വർഷം റിലീസ്‌ ആകും. 

മൂത്തോൻ വേള്‍ഡ് പ്രീമിയര്‍ ടൊറന്‍റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ 


നമ്മുടെ സിനിമ വലിയ പ്ലാറ്റ്ഫോമിൽ എത്തുന്നത് വലിയ സന്തോഷം നൽകുന്നതാണ്. ചെയ്ത ചിത്രങ്ങളിൽവെച്ച് ഏറ്റവും ആത്മ സംതൃപ്തി നൽകിയ സിനിമയാണ് മൂത്തോൻ. 

ക്യാമറക്ക് പുറകിലെ ഗീതുമോഹന്‍ദാസ്-രാജീവ് രവി കൂട്ടുകെട്ട്

രണ്ടുപേരും ബ്രില്യന്‍റാണ്. അവർ വ്യക്തികൾ എന്ന നിലയിലും ആർടിസ്റ്റുകൾ എന്ന നിലയിലും ബഹുമാന്യരുമാണ്. 
 

Loading...
COMMENTS