Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightലക്ഷദ്വീപിലെ ആ...

ലക്ഷദ്വീപിലെ ആ ഓർമകളാണ് വിനായകനിലെത്തിച്ചത് -കമൽ

text_fields
bookmark_border
ലക്ഷദ്വീപിലെ ആ ഓർമകളാണ് വിനായകനിലെത്തിച്ചത് -കമൽ
cancel

ലക്ഷദ്വീപിൻെറ പശ്​ചാത്തലത്തിൽ ചിത്രീകരിക്കുന്ന സിനിമ, കമലും ജോൺപോളും വർഷങ്ങൾക്ക്​ ശേഷം ഒന്നിക്കുന്നു, നായിക-നായകൻമാരായി പുതുമുഖങ്ങൾ ഇങ്ങനെ നിരവധി പ്രത്യേകതകളുമായാണ്​ കമൽ സംവിധാനം ചെയ്ത പ്രണയ മീനുകളുടെ കടൽ തിയേറ്റുകളിലെത്തിയത്​. ചിത്രത്തിന്‍റെ വിശേഷങ്ങൾ കമൽ 'മാധ്യമം' ഓൺലൈനുമായി പങ്കുവെക്കുന്നു.


മുത്തശ്ശി കഥയുടെ നൈർമല്യമുള്ള പ്രണയ സിനിമ
പ്രണയകഥകൾ സംവിധാനം ചെയ്​തിട്ടുണ്ടെങ്കിലും പ്രണയമീനുകളുടെ കടലിനെ വ്യത്യസ്​തമാക്കുന്നത്​ ലക്ഷദ്വീപിൻെറ പശ്​ചാത്തലത്തിൽ ഒരുങ്ങു​ന്നു എന്നതിനാലാണ്​. ലക്ഷദ്വീപിൻെറ ഭാഷ, സംസ്​കാരം, ജനങ്ങൾ എന്നിവയെല്ലാം സിനിമയിൽ ഉൾപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്​​​. പഴയ പ്രമേയമെന്ന്​ തോന്നുമെങ്കിലും ഒരു മുത്തശ്ശി കഥയുടെ സ്വഭാവം സിനിമക്കുണ്ട്​.

ഇപ്പോൾ മലയാളത്തിൽ വരുന്ന സിനിമകളെല്ലാം കോളജ്​ വിദ്യാർഥികൾ, കൗമാരക്കാർ എന്നിവരുടെ കഥകളാണ്​ പറയുന്നത്​​. അതിൽ നിന്ന്​ ഒരു വ്യത്യസ്​തത വേണമെന്ന്​ ആഗ്രഹിച്ചിരുന്നു. പഴയ ഒരു പ്രമേയമാണെന്ന്​ തോന്നാമെങ്കിലും ഇതിനെ ലക്ഷദ്വീപിൻെറ പശ്ചാത്തലത്തിലേക്ക്​ പറിച്ച്​ നടു​േമ്പാൾ കൂടുതൽ മാധുര്യമേറും. അതാണ്​ പ്രണയ മീനുകളുടെ കടലിൻെറ സവിശേഷത.

മധുരമുള്ള ഓർമ്മകൾ മാത്രം സമ്മാനിച്ച ലക്ഷദ്വീപ്​
ലക്ഷദ്വീപിൽ ഒന്നോ രണ്ടോ സിനിമകളാണ്​ ചിത്രീകരിച്ചിട്ടുള്ളത്​. പക്ഷേ ലക്ഷദ്വീപിനെ ഇതുവരെ ഒരു സിനിമയും പൂർണമായും ഉപയോഗപ്പെടുത്തിയിട്ടില്ല. പല സിനിമകളിലും കഥ ദ്വീപിലാണ്​ നടക്കുന്നതെങ്കിലും പുറത്തുനിന്ന് ദ്വീപിലെത്തുന്നവരുടെ കഥയാണ് ചർച്ച ചെയ്തത്. പ്രണയമീനുകളിൽ ദ്വീപുകാരുടെ കഥയിലേക്ക്​ കേരളത്തിൽ നിന്നുള്ളവർ ചെന്ന് കയറുകയാണ്. കഥ പൂർണമായും ലക്ഷദ്വീപുകാരുടേതാണ്​. അതിനൊരു ആധികാരികത ലഭിക്കാനായി അവിടത്തെ ഭാഷ തന്നെയാണ്​ ഉപയോഗിച്ചിരിക്കുന്നത്​. കവരത്തിയിലാണ്​ സിനിമ ഷൂട്ട്​ ചെയ്തത്. ​

ഷൂട്ടിങ്ങിനായി കേന്ദ്രസർക്കാറിൽ നിന്ന്​ നേരത്തെ പെർമിറ്റ്​ എടുക്കണം. എന്തിനാണ്​ പോകുന്നതെന്ന്​ സർക്കാറിനെ ബോധ്യപ്പെടുത്തിയാൽ മാത്രമേ പെർമിറ്റ്​ കിട്ടു. പെർമിറ്റ്​ കിട്ടുന്നത്​ ഒഴിച്ച്​ നിർത്തിയാൽ വളരെ സുഖമാണ്​ ഷൂട്ടിങ്​. മൂന്ന്​ ദ്വീപുകളിലാണ്​ പ്രണയമീനുകൾ ഷൂട്ട്​ ചെയ്​തത്​. ഷൂട്ടിങ് ​വേളയിൽ അവിടത്തെ ജനങ്ങൾ നൽകിയ പിന്തുണ എടുത്ത്​ പറയേണ്ടതാണ്​. സിനിമയുടെ മൊത്തം അംഗങ്ങളെയും സ്വന്തം കുടുംബാംഗങ്ങളെ​ പോലെയാണ്​ അവർ കണ്ടത്​. ലക്ഷദ്വീപിൽ ഷൂട്ടിങ്​ എളുപ്പമാക്കുന്നതിൽ അവിടത്തെ ജനങ്ങൾ വഹിച്ച പങ്ക്​ വളരെ വലുതാണ്​​.

അതിമനോഹര ഫ്രെയിമുകൾ
ലക്ഷദ്വീപുകളെല്ലാം പവിഴ ദ്വീപുകളാണ്​. പച്ചകലർന്ന നീല നിറത്തിലുള്ള കടൽ ജലമാണ്​ അവിടത്തേത്​. സിനിമയിലെ ഭൂരിപക്ഷം ദൃശ്യങ്ങളും ഷൂട്ട്​ ചെയ്​തത്​ കടലോരത്തായിരുന്നു. പക്ഷേ സിനിമയുടെ സവിശേഷത കടലിനടിയി​ലെ മനോഹര ദൃശ്യങ്ങൾ പകർത്തിയതാണ്​. വെള്ളത്തിനടിയിൽ ഇത്രത്തോളം ഷൂട്ട്​ ചെയ്​തൊരു മലയാള സിനിമ ഉണ്ടാവില്ല. പ്രണയമീനുകളുടെ കടലിന്‍റെ ഏകദേശം 40 ശതമാനവും ഷൂട്ട്​ ചെയ്​തത്​ വെള്ളത്തിനടിയിലാണ്​. വളരെ പ്രയാസമുള്ളതായിരുന്നു വെള്ളത്തിനടിയിലെ ഷൂട്ടിങ്​.

ലക്ഷദ്വീപിലെ ആളുകളുമായി സംസാരിച്ചും നിരവധി ഗവേഷണങ്ങൾക്കും ശേഷമാണ്​ വെള്ളത്തിനടിയിലെ ദൃശ്യങ്ങൾ ലക്ഷദ്വീപിൽ എവിടെയെല്ലാം ഷൂട്ട്​ ചെയ്യണമെന്ന്​ തീരുമാനിച്ചത്​. ഈ ദൃശ്യങ്ങൾ ഷൂട്ട്​ ചെയ്യാനുള്ള കാമറയും അണിയറ പ്രവർത്തകരെയും കൊണ്ട്​ വന്നത്​ മുംബൈയിൽ നിന്നാണ്​. പിന്നെ സിനിമയിലെ താരങ്ങൾക്കൊന്നും കാര്യമായി നീന്തൽ വശമുണ്ടായിരുന്നില്ല. കടലിനടയിലെ ഷൂട്ടിന്​ ഇവരെ കൂടി പരിശീലിപ്പിക്കണം. ലക്ഷദ്വീപിലെ സ്​കൂബ ഡൈവിങ്​ ടീമും ബോംബൈയിൽ നിന്നെത്തിയ സാ​ങ്കേതിക പ്രവർത്തകരുമാണ്​ താരങ്ങളെ പരിശീലിപ്പിച്ചത്​.

സിനിമയുടെ ഷൂട്ടിങ്ങിൽ വളരെ രസമുള്ള അനുഭവവും കടലിനടിയിലെ ഷൂട്ടായിരുന്നു. രാവിലെ ഒമ്പത്​ മണിയോടെയൊക്കെയാണ്​ കടലിനടയിലെ ഷൂട്ടിങ്​ ആരംഭിക്കുക. ഏകദേശം 22 ദിവസം ഇൗ രീതിയിൽ കടലിനടിയിലാണ്​ ഷൂട്ടിങ്​ ചെയ്​തത്​. ഈ ഷൂട്ടിങ്ങിനിടയിൽ എപ്പോഴും അപകടമുണ്ടാകാനുള്ള സാധ്യതയുമുണ്ടായിരുന്നു. അതിനെയെല്ലാം മറികടന്നാണ്​ ഫ്രെയിമുകൾ പകർത്തിയത്​.

ലക്ഷദ്വീപിലെ ആ ഓർമകൾ വിനായകനിലെത്തിച്ചു
വർഷങ്ങൾക്ക്​ മുമ്പ്​ ലക്ഷദ്വീപിൽ പോയപ്പോൾ വ്യത്യസ്​തനായ ഒരു മനുഷ്യനെ പരിചയപ്പെട്ടിരുന്നു. കിലോ മീറ്ററു​കളോളം ബോട്ടിൽ ഒറ്റക്ക്​ സഞ്ചരിച്ച്​ സ്രാവിനെ വേട്ടയാടുന്ന ഒരാൾ. ഇയാളുടെ കഥകൾ അദ്​ഭുതപ്പെടുത്തുന്നതായിരുന്നു. അന്ന്​ തന്നെ ഈ കഥാപാത്രം മനസിനുള്ളിൽ കയറിയിരുന്നു. പക്ഷേ ആ സമയത്ത്​ ലക്ഷദ്വീപിൽ ഷൂട്ട്​ ചെയ്യാനുള്ള അനുമതിയൊന്നും ലഭിക്കുമായിരുന്നില്ല. പിന്നീട്​ ലക്ഷദ്വീപിനെ കുറിച്ച്​ സിനിമ ചെയ്യാൻ തീരുമാനിച്ചപ്പോൾ ഈ കഥാപാത്രത്തെ കുറിച്ച്​ ​ജോൺപോൾ സാറിനോട്​ പറഞ്ഞു. അദ്ദേഹത്തിനും അതിഷ്​ടമായി. അങ്ങനെയാണ്​ അയാൾ പ്രണയമീനുകളുടെ കടലിലേക്ക് എത്തുന്നത്​. അയാളുടെ രൂപഭാവങ്ങളോട്​ ഏറ്റവും ഇണങ്ങുന്നത്​ വിനായകൻെറ ശരീരഭാഷയായിരുന്നു. പിന്നെ വിനായകൻെറ സ്വീകാര്യതയും ഒരു ഘടകമായി.

വിനായകനോട്​ സിനിമയെ കുറിച്ച്​ പറഞ്ഞപ്പോഴും പോസിറ്റീവായിരുന്നു അദ്ദേഹത്തിൻെറ പ്രതികരണം. എനിക്ക്​ നീന്താനൊന്നും അറിയില്ല. സാറ്​ പറഞ്ഞാൽ കടലിലേക്ക്​ എടുത്ത്​ ചാടാമെന്നുമാണ് വിനായകൻ കഥ കേട്ടപ്പോൾ ആദ്യം പറഞ്ഞത്​. പിന്നീട്​ വിനായകനെ നീന്തലും കടലിനടിയിലെ ദൃശ്യങ്ങളും ഷൂട്ട്​ ചെയ്യാൻ പരിശീലിപ്പിച്ചെടുക്കുകയായിരുന്നു.

വീണ്ടും പുതുമുഖങ്ങൾ
സിനിമയിലെ കുറേ കഥാപാത്രങ്ങൾ പുതുമുഖങ്ങളാണ്. നായകനും നായികയും ഓഡിഷനിലൂടെ തെരഞ്ഞെടുത്ത പുതുമുഖങ്ങളാണ്​. നായിക മു​ംബൈയിലെ മോഡലായ റിഥി കുമാറാണ്​. ഓഡിഷൻ സമയത്ത്​ സിനിമയുടെ കഥ കേട്ടപ്പോൾ തന്നെ റിഥി പ്രകടിപ്പിച്ച ആത്​മവിശ്വാസമാണ്​ അവരിലേക്ക്​ എത്താൻ കാരണം. നീന്തൽ അത്രക്കൊന്നും വശമില്ലെങ്കിലും സിനിമ ചെയ്യാൻ തയാറാണെന്നാണ്​ റിഥി പറഞ്ഞത്​. പിന്നെ ലക്ഷദ്വീപിലെ ഭാഷ പഠിച്ചെടുത്ത്​ അഭിനയിക്കാൻ അവർ കാണിച്ച ആത്​മസമർപ്പണവും എടുത്ത്​ പറയേണ്ടതാണ്​. സിനിമ കണ്ടവരെല്ലാം റിഥിയെ കുറിച്ച്​ നല്ല അഭിപ്രായമാണ്​ പറയുന്നത്​.

നായക വേഷം ചെയ്​തത്​ സിനിമയുമായി യാതൊരു മുൻപരിചയവുമില്ലാത്ത ഗബ്രി ജോസെന്ന അങ്കമാലിക്കാരനാണ്​. സുഹൃത്തിൻെറ കൂടെ ഓഡിഷനെത്തിയതായിരുന്നു ഗബ്രിജോസ്​. കഥാപാത്രത്തിന്​ ഗബ്രി ഇണങ്ങുമെന്ന്​ തോന്നിയപ്പോൾ ഓഡിഷനിൽ പ​ങ്കെടുപ്പിച്ച്​ സിനിമയിലേക്ക്​ സെലക്​ട്​ ചെയ്യുകയായിരുന്നു. പിന്നെ എടുത്ത്​ പറയേണ്ട ഒരു കഥാപാത്രം നായികയുടെ മുത്തശ്ശിയായ അറക്കൽ ബീവിയായി എത്തിയ പത്​മാവതി റാവുവാണ്​. ഇന്ദിര ഗാന്ധിയെ അനുസ്​മരിപ്പിക്കുന്ന രൂപഭാവങ്ങൾ അവർക്കിട്ടുണ്ട്​.​ അത്​ സിനിമയിലും അവരുടെ വേഷത്തെ ശക്​തമാക്കിയിട്ടുണ്ട്​.

വർഷങ്ങൾക്ക്​ ശേഷം ജോൺപോളുമായുള്ള കൂട്ടുക്കെട്ട്​
ഏകദേശം 30 വർഷങ്ങൾക്ക്​ ശേഷമാണ്​ ജോൺ പോളുമായി ഒരുമിച്ച്​ പ്രവർത്തിക്കുന്നത്​. കുറേക്കാലമായി ​ജോൺ പോൾ സിനിമയിൽ നിന്ന്​ വിട്ടു നിൽക്കുകയായിരുന്നു. അതുകൊണ്ട്​ ഒരുമിച്ച്​ ഒരു സിനിമ സാധ്യമായില്ല. പ്രണയമീനുകളുടെ കടലിൻെറ നിർമ്മാതാവ്​ ​ജോൺ പോളിൻെറ സുഹൃത്തായിരുന്നു. അദ്ദേഹത്തെ പരിചയപ്പെടുത്തിയപ്പോൾ തന്നെ സിനിമയുടെ തിരക്കഥ ഒരുമിച്ച്​ ചെയ്യാമെന്ന്​ ജോൺപോളും തീരുമാനിച്ചിരുന്നു. അങ്ങനെയാണ്​ വർഷങ്ങൾക്ക്​ ശേഷം ജോൺപോളുമായുള്ള കൂട്ടുകെട്ട്​ ആവർത്തിക്കപ്പെട്ടത്​. എൻെറ രീതികൾ അറിയുന്നതിനാൽ ​ജോൺ പോളുമായി ചേർന്ന്​ ജോലി ചെയ്യുന്നത്​ എളുപ്പമായിരുന്നു.

ലോക നിലവാരത്തിലേക്ക്​ ഉയരുന്ന മലയാള സിനിമ
മലയാള സിനിമ അടുത്ത കാലത്തായി ലോക നിലവാരത്തിലേക്ക്​ ഉയരുകയാണ്​. യുവാക്കളായ കുറേപേർ സിനിമയിലേക്ക്​ കടന്നു വന്ന്​ മലയാള സിനിമയെ ആഗോള നിലവാരത്തിലേക്ക്​ ഉയർത്തിയിട്ടുണ്ട്​​. സാ​​ങ്കേതികത, പ്രമേയം, അവതരണ രീതി എന്നിവയിലെല്ലാം ലോക സിനിമയോട്​ കിടപിടിക്കുന്ന രീതിയിലാണ്​. വളരെ നല്ലൊരു മാറ്റമാണിത്​.

സിനിമയും സ്​ത്രീ വിരുദ്ധതയും
കുറേ തവണ പറഞ്ഞ്​ കഴിഞ്ഞ ഒരു വിഷയമാണിത്​. സിനിമയിൽ മാത്രമല്ല സമൂഹത്തിലും സ്​ത്രീവിരുദ്ധത നില നിൽക്കുന്നുണ്ട്​. പലപ്പോഴും സിനിമ ചെയ്യുന്നവർ അവരുടെ കലാസൃഷ്​ടിയിലെ സ്​ത്രീവിരുദ്ധതയെ കുറിച്ച്​​ ബോധവാൻമാരല്ലെന്നതാണ്​ യാഥാർഥ്യം. സിനിമകളിലെ നായക കഥാപാത്രത്തിന്​ കൂടുതൽ പ്രാധാന്യം നൽകാൻ വേണ്ടി എതിർപക്ഷത്ത്​ നിൽക്കുന്ന കഥാപാത്രങ്ങ​ൾ അത്​ ചിലപ്പോൾ വില്ലനാകാം, നായികയാവാം അവരെ ഇടിച്ചുതാഴ്​ത്തുന്ന സങ്കൽപ്പത്തിൻെറ ഭാഗമായി ചിലപ്പോഴെങ്കിലും സ്​ത്രീ വിരുദ്ധമായി മാറുന്നുണ്ട്​​. ഇതിൽ ഇപ്പോഴും കാര്യമായ മാറ്റമുള്ളതായി വിശ്വസിക്കുന്നില്ല. 1970കളിലും 60കളിലുമൊക്കെ പുറത്തിറങ്ങിയ സിനിമകൾ സ്​ത്രീ കേന്ദ്രീകൃതമായിരുന്നു. ആ സിനിമകളിലേക്ക്​ ഒരു തിരിച്ച്​ പോക്ക്​ നടത്തിയാൽ മാത്രമേ ഈ സ്ഥിതിക്കൊരു മാറ്റമുണ്ടാകൂ.

pranayameenukalude-kadal

കലാകാരൻമാരെ വെല്ലുവിളിച്ച്​ സംഘപരിവാർ ഫാഷിസം
സംഘപരിവാർ നേതൃത്വത്തിലുള്ള ഫാഷിസ്​റ്റ്​ സർക്കാർ അധികാരത്തിലെത്തിയതിന്​ ശേഷം കലാകാരൻമാർ, ബുദ്ധിജീവികൾ, സിനിമാക്കാർ, എഴുത്തുകാർ തുടങ്ങിയവരെല്ലാം ഭീഷണികൾ നേരിടുകയാണ്​. മറ്റ്​ ജനവിഭാഗങ്ങളെ സ്വാധീനിക്കുന്നത്​ പോലെ സാംസ്​കാരിക പ്രവർത്തകരെ സ്വാധീനിക്കാൻ സാധിക്കില്ലെന്ന്​ നേരത്തെ മനസിലാക്കിയത്​ കൊണ്ട്​ പ്രലോഭനങ്ങളിലൂടെ വരുതിയിലാക്കാനുള്ള ശ്രമങ്ങളാണ്​ നടക്കുന്നത്​. ചിലരെല്ലാം ഇതിൽ വീണുപോയിട്ടുണ്ട്​.

വഴങ്ങാത്തവരെ സമൂഹത്തിൽ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളും നടക്കുന്നു. സാംസ്​കാരിക പ്രവർത്തകരെ രാജ്യദ്രോഹികളാക്കുന്ന നടപടി ഇതിന്‍റെ ഭാഗമാണ്. ആൾക്കൂട്ട കൊലയിൽ പ്രധാനമന്ത്രിക്ക്​ കത്തയച്ചവരെ രാജ്യദ്രോഹികളാക്കിയത്​ ഇതിന്‍റെ ഉദാഹരണമാണ്​. മുമ്പ്​ മഹാരാഷ്​ട്രയിലെ കുറേ പേരെ നക്​സലുകളെന്ന്​ പറഞ്ഞ്​ മാറ്റിനിർത്തിയിരുന്നു. ഇതിന്​ സമാനമാണ്​ ഇപ്പോഴത്തെ സംഭവങ്ങളും. അടിയന്തരാവസ്ഥക്ക്​ സമാനമായ അന്തരീക്ഷമാണ്​ രാജ്യത്ത്​ നില നിൽക്കുന്നത്​. ഇതിനെ പ്രതിരോധി​ച്ചെ മതിയാകു. കലകാരൻമാർ അവരുടെ കലാസൃഷ്​ടികളിലൂടെ സംഘപരിവാർ ഫാസിസത്തെ പ്രതിരോധിക്കണമെന്നാണ്​ എൻെറ അഭിപ്രായം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kamalmovie newsPranayameenukalude Kadal
News Summary - Prayameenukalude Kadal Kamal Interview-Movie News
Next Story