ചെല്ലം പാടിയ പുൽച്ചാടി ഉടലാഴമായി തിരിച്ചുവരുന്നു...

  • (ആദ്യ ചിത്രത്തിലൂടെ മികച്ച ബാലതാരമായ ചെതലയം പൂവഞ്ചി കോളനിയിലെ മണിയെന്ന ആദിവാസി നായകനായ സിനിമ ഉടൻ റിലീസ്​ ചെയ്യും) 

Udalazham Movie
മണി അനുമോളോടൊപ്പം

മണിയെ ഒാർമയില്ലേ...?
‘ചെല്ലം ചെല്ലം പാടി നടന്ന ആ പുൽച്ചാടിയെ...?
11 വർഷം മുമ്പ്​ വയനാട്ടിലെ ചെതലയം പൂവഞ്ചി കോളനിയിൽനിന്ന്​ തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിയിൽ നിന്ന്​ മികച്ച ബാല താരത്തിനുള്ള സംസ്​ഥാന ചലച്ചിത്ര പുരസ്​കാരം നേടിയ ആദിവാസിയായ മണിയെ. മോഹൻ ലാൽ ഇരട്ട വേഷമിട്ട ‘​േഫാ​േട്ടാഗ്രാഫർ’ എന്ന സിനിമയിലെ അഭിയനയ ​പ്രതിഭയെ....?

എവിടെയായിരുന്നു ഇക്കഴിഞ്ഞ 11 വർഷവും മണിയെന്ന നടൻ...?
പിന്നീട്​ എന്തുകൊണ്ട്​ സിനിമയിൽ മണിയെ ആരും കണ്ടില്ല...?
11 വർഷം കൊണ്ട്​ മണിയിൽ എന്തെല്ലാം മാറ്റമാണുണ്ടായത്​...?

കാട്ടിനുള്ളിൽ മോഹൻലാലിനൊപ്പം പാടിപ്പാടി നടക്കുന്ന ആ പുൽച്ചാടി പാട്ട്​ കേൾക്കു​േമ്പാഴെ​ാക്കെ ചോദിച്ചു പോകുന്ന ചോദ്യങ്ങൾക്കെല്ലാം ഉത്തരമായി മണി ഇപ്പോഴുമുണ്ട്​ ചെതലയത്തെ പൂവഞ്ചി കോളനിയിൽ. പക്ഷേ, ഇക്കുറി മണിക്കൊരു ദൗത്യമുണ്ട്​. ബാലതാരത്തിൽനിന്ന്​ ആദ്യമായി നായക വേഷത്തിലാണ്​ മണി കടന്നുവരുന്നത്​. 
ഭിന്നലിംഗക്കാരനായ ഗുളികൻ എന്ന ആദിവാസി യുവാവി​​​​െൻറ അതിജീവനത്തി​​​​െൻറ കഥ പറയുന്ന ‘ഉടലാഴം’ എന്ന ചിത്രത്തിലൂടെ. ആദ്യ ചിത്രത്തിലൂടെ സംസ്ഥാന പുരസ്കാരം നേടിയിട്ടും തന്നെ മറന്ന മല‍യാള സിനിമയോടുള്ള മണിയുടെ മധുരപ്രതികാരവും കൂടിയാണ് ഉടലാഴം. 

ഫോട്ടോഗ്രാഫറിനും ഉടലാഴത്തിനുമിടയിലെ നീണ്ട വർഷങ്ങളിലും മണിയുടെ മനസ്സിൽ സിനിമയുണ്ടായിരുന്നു. പക്ഷേ, മലയാള സിനിമ മണിയെ മനപൂർവം മറന്നു. ആദ്യചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്കാരം നേടിയ മണിയെന്ന ബാലനെക്കുറിച്ച് പിന്നീട് ആരും അന്വേഷിച്ചില്ല. ഇടക്ക് റോഡ് പണി ചെയ്യുന്ന ചെറുപ്പക്കാരനായി മണിയെ കോഴിക്കോട് കണ്ടെത്തി. അതി​​​​െൻറ വർത്തമാനങ്ങൾ  കെട്ടടങ്ങിയപ്പാൾ വീണ്ടും ആ പുൽചാടി പൂവഞ്ചി കോളനിയിലേക്കും അതി​​​​െൻറ കാട്ടുപച്ചയിലേക്കും ഉൾവലിഞ്ഞു. ഇതിനിടയിൽ മണി വിവാഹിതനായി, കുടുംബമായി, അച്ഛനായി. കൂലിപണിക്കാരനും കുടുംബനാഥനായതുമെല്ലാം ഇടയ്​ക്ക്​ വാർത്തയായതൊഴിച്ചാൽ ഒന്നും സഭവിച്ചില്ല. അപ്പോഴെല്ലാം മല‍യാള സിനിമ മണിയെ കണ്ടില്ലെന്ന് നടിച്ചു. അങ്ങനെയൊക്കെ കഷ്​ടപ്പെട്ട്​ കുടുംബം നോക്കുമ്പോഴും തനിക്കുള്ള വിളിയുമായി ആരോ വരുമെന്ന്​ മണി മോഹിച്ചിരുന്നു. പക്ഷേ, വർഷങ്ങൾ അങ്ങനെ നീണ്ടുപോയതേയുള്ളു. 

ഫോട്ടോഗ്രാഫർ എന്ന ചിത്രത്തിൽ മണി
 

ഒടുവിൽ മണിയുടെ നീണ്ട കാത്തിരിപ്പിന് അവസാനമാകുകയാണ്. 2006 ഒക്ടോബറിൽ ആദ്യസിനിമ പുറത്തിറങ്ങി 11വർഷങ്ങൾക്കിപ്പുറം ചെതലയം പൂവഞ്ചി കോളനിയിലെ മണി വെള്ളിത്തിരയിൽ മടങ്ങിയെത്തുന്നു. ബാലതാരമായി സിനിമയിലെത്തിയ മണി രണ്ടാം വരവിൽ നായകനാണ്. കോഴിക്കോട് മെഡിക്കൽ കോളജിൽ പഠിച്ച ഡോക്ടർമാരുടെ കൂട്ടായ്മയായ ‘ഡോക്ടേഴ്സ് ഡിലമ’ നിർമിക്കുന്ന, പ്രമുഖ ഡോക്യുമ​​​​െൻററി സംവിധായകൻ ഉണ്ണികൃഷ്ണൻ ആവള രചനയും സംവിധാനവും നിർവഹിക്കുന്ന ‘ഉടലാഴം’ എന്ന മുഴുനീള സിനിമയിലൂടെയാണ് മണി വീണ്ടും മലയാളികൾക്ക് മുന്നിലെത്തുന്നത്. മണിയുടെ പുറകെ മൂന്നു വർഷത്തോളം ഉണ്ണികൃഷ്ണൻ ഈ െപ്രാജക്ടുമായി ഉണ്ടായിരുന്നു. ആറു മാസത്തോളം സിനിമക്കുവേണ്ടി റിഹേഴ്സലും നടത്തിയിരുന്നു. തുടർന്നാണ് ഷൂട്ടിങ് ആരംഭിച്ചത്. ഗോത്രവർഗത്തിൽനിന്നുള്ള ഭിന്നലിംഗക്കാര​​​​​െൻറ കഥപറയുന്ന ‘ഉടലാഴം’ പ്രമേയം കൊണ്ട് മാത്രമല്ല വ്യത്യസ്തമാകുന്നത്. ഒരു പ്രത്യേക വിഭാഗത്തി​​​​െൻറ കുത്തകയായി മാറിയ മലയാള സിനിമയിൽ, ത​േൻറതല്ലാത്ത കാരണത്താൽ കൈവിട്ടുപോയ സാന്നിധ്യം വീണ്ടെടുക്കണമെന്ന ഒരു ആദിവാസി യുവാവി​​​​െൻറ സ്വപ്നസാക്ഷാത്കാരം കൂടിയാണ് ഈ ചിത്രം.

Pulchadi

നിലനിൽപ്പുതന്നെ ചോദ്യചിന്ഹമായ അറനാടൻ കോളനിയിലെ ഭിന്നലിംഗക്കാരനായ 24 വയസുള്ള യുവാവാവായ  ഗുളിക​​​​​െൻറ കഥയാണ് ‘ഉടലാഴം’ പറയുന്നത്. അനുമോളാണ് ചിത്രത്തിലെ നായിക. ജോയ് മാത്യു, ഇന്ദ്രൻസ്, സജിത മഠത്തിൽ തുടങ്ങിയവരും സിനിമയിൽ അഭിനയിക്കുന്നുണ്ട്. ഉപജീവനത്തിനായി അട്ടയെ പിടിച്ചു ജീവിക്കുന്ന യുവാവ് പുതിയ ജോലിക്കായി ശ്രമിക്കുമ്പോൾ ഉണ്ടാകുന്ന സമൂഹത്തി​​​​െൻറ പെരുമാറ്റമാണ് സിനിമയുടെ പ്രമേയം. പ്രകൃതി, വന്യജീവികൾ, ആദിവാസി ജീവിതം തുടങ്ങിയവയെല്ലാം ഉടലാഴത്തിന് പശ്ചാത്തലമാകുന്നു. ചിത്രീകരണം പൂർത്തിയായ ഉടലാഴം അണിയറയിൽ ഒരുങ്ങുകയാണ്. തിരിച്ചുവരവി​​​​െൻറ സന്തോഷത്തിലാണ് മണിയിപ്പോൾ. ഒപ്പം താൻ നായകനായി അഭിനയിച്ച  സിനിമ നാട്ടുകാർക്കൊപ്പം വലിയ സ്ക്രീനിൽ കാണാനുമുള്ള കാത്തിരിപ്പിലുമാണ്. തിരിച്ചുവരവിനെക്കുറിച്ചും പുതിയ സിനിമയെക്കുറിച്ചും മണി മനസ്സു തുറക്കുകയാണ്.

Mani-Indrans


മണിയുടെ രണ്ടാം വരവ്
സുൽത്താൻ ബത്തേരി ചെതലയത്തെ പൂവഞ്ചി കോളനിയിലെ ചുറ്റുവട്ടങ്ങളിൽ കൂലിപണിയെടുത്ത് കാലം കഴിക്കേണ്ടിവരുമെന്ന കണക്കുക്കൂട്ടലുകളെല്ലാം തെറ്റിച്ച് ഇക്കഴിഞ്ഞ ഒാണക്കാലത്താണ് ആ സന്തോഷ വാർത്തയെത്തിയത്. ‘ഉടലാഴം’ എന്ന ചിത്രത്തിലെ നായകനാകാനുള്ള ക്ഷണമാണ് അന്ന് ലഭിച്ചത്. ഇത്രയും കാലം താൻ അനുഭവിച്ച ഒറ്റപെടലുകളിൽനിന്നും അവഗണനയിൽ നിന്നുമൊക്കെയുള്ള മോചനം കൂടിയാണ് ഈ ചിത്രമെന്ന് മണി പറയുന്നു.
‘സിനിമയിൽ തിരിച്ചെത്തണമെന്ന എ​​​​െൻറ മോഹങ്ങളാണ് ഉടലാഴം എന്ന സിനിമയിലൂടെ വീണ്ടും യഥാർഥ്യമാകുന്നത് എന്നതിൽ ഏറെ സന്തോഷമുണ്ട്. ഏറെ അഭിനയ സാധ്യതയുള്ള വേഷമാണിത്. കഥ കേട്ടപ്പോൾ തന്നെ ഈ സിനിമയിൽ അഭിനയിക്കാൻ എനിക്കേറെ ആവേശമായി. ഒരുപാടുനാൾ കൊതിച്ച് കാത്തിരുന്ന ശേഷം കിട്ടുന്ന വേഷമാണിത്. എല്ലാവരുടെയും പ്രാർഥനയും പിന്തുണയും എനിക്കൊപ്പമുണ്ടാകുമെന്നാണ് പ്രതീക്ഷ’ - മണി പറയുന്നു. മുമ്പത്തെക്കാൾ അഭിനയിക്കാൻ ആത്മവിശ്വാസം ഇപ്പോഴുണ്ട്. തുടർന്നും സിനിമയിൽ തന്നെ സജീവമായി നിൽക്കണമെന്നാണ് ആഗ്രഹം. ഉടലാഴത്തിലെ വെല്ലുവിളി നിറഞ്ഞ കഥാപാത്രം തനിക്ക് മികച്ച വേഷങ്ങളിലേക്ക് വഴിതുറക്കാൻ കാരണാമാകുമെന്ന പ്രതീക്ഷയും മണി പങ്കുവെച്ചു. 

Udalazham

ആദ്യ സിനിമയെക്കുറിച്ച്
2006ൽ ചേനാട് ഹൈസ്​കൂളിൽ ആറാം ക്ലാസിൽ പഠിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് സിനിമക്കാർ ചെതലയത്തെ പൂവഞ്ചി കോളനിയിലെത്തുന്നത്. താത്തൂർ കോളനിയിലാണ് സ്വന്തം വീടെങ്കിലും പൂവഞ്ചി കോളനിയിൽ മാമ​​​​​െൻറ വീട്ടിലായിരുന്നു ഞാനപ്പോൾ. സിനിമയിൽ അഭിനയിക്കാൻ പറ്റുന്ന കുട്ടിയെ തേടിയാണ് അവരെത്തിയത്. കോളനിയിലെത്തി അവരെ​​​​െൻറ കുറേ ഫോട്ടോ എടുത്തു. സംവിധായകൻ രഞ്ജൻ പ്രമോദ്, നിർമാതാവ്, കാമറാമാൻ എന്നിവരാണ് ഉണ്ടായിരുന്നത്. പിന്നീട് ഷൂട്ടിങ് സമയത്ത് അവരെന്നെ വിളിച്ചു. കാട്ടിലൂടെ ഓടുന്ന സീനാണ് ആദ്യം എടുത്തത്. രണ്ടു മൂന്നു ദിവസം കഴിഞ്ഞാണ് സെറ്റിൽ വെച്ച് ലാലേട്ടനെ ആദ്യമായി കാണുന്നത്. ജീവിതത്തിൽ നേരിട്ട് കാണാൻ കഴിയുമെന്ന് വിചാരിക്കാത്ത വലിയ നടനെ അടുത്ത കണ്ട സന്തോഷമായിരുന്നു അന്ന്. ഏറെ സ്നേഹത്തോടെയായിരുന്നു ലാലേട്ടൻ അന്ന് എന്നോട് പെരുമാറിയിരുന്നത്. രണ്ടര മാസത്തോളം ഞാൻ സെറ്റിലുണ്ടായിരുന്നു. ചെറുപ്പത്തിലെ ആ ഷൂട്ടിങ് ഒാർമകൾ ഇപ്പോഴും മനസ്സിലുണ്ട്​. ആ സിനിമക്കുശേഷം ഒരുപാട് പ്രതീക്ഷകളുണ്ടായിരുന്നു. സിനിമ ഇറങ്ങിയശേഷം ആളുകൾ എ​െന്ന തിരിച്ചറിയാൻതുടങ്ങി. ‘പുൽചാടി’ എന്ന് സ്നേഹത്തോടെ വിളിച്ചു. പിന്നീട് മികച്ച ബാലനടനുള്ള സംസ്​ഥാന അവാർഡും ലഭിച്ചതോടെ എ​​​​െൻറ സന്തോഷവും പ്രതീക്ഷകളും ഇരട്ടിച്ചു. നല്ല ജീവിതം സ്വപ്നം കണ്ടെങ്കിലും പിന്നീട് വിചാരിച്ചപോലെ ഒന്നും നടന്നില്ല. എന്നാൽ, ഉദ്ഘാടനങ്ങളുടെ തിരക്കും അവാർഡി​​​​െൻറ ഓളവും അവസാനിച്ചപ്പോൾ പഴയ അവസ്ഥ തന്നെയായി. സിനിമയിലേക്ക് ആരും വിളിച്ചില്ല. പിന്നീട് കാടുമായി ബന്ധപ്പെട്ട് രണ്ടുമൂന്ന് ഡോക്യുമ​​​​െൻററികളിൽ അഭിനയിച്ചു. ചേനാട് സ്​കൂളിൽ ഒമ്പതാം ക്ലാസ്​ വിദ്യാർഥിയായിരിക്കേ, എ​​​​െൻറ പഠനം നിന്നു.

mani

പുൽചാടിക്കുശേഷം, ഉടലാഴത്തിന് മുമ്പ്
സിനിമയിലേക്ക് ആരെങ്കിലും വിളിക്കുമെന്ന കാത്തിരിപ്പിന് ഇനി അർഥമില്ലെന്നു മനസ്സിലായതോടെയാണ് കൂലിപണിക്കിറങ്ങിയത്​. ആദ്യം വയലിൽ വരമ്പു കെട്ടലും കൊയ്ത്തുമൊക്കെയായി കഴിഞ്ഞു. കൊയ്ത്ത് സീസൺ കഴിഞ്ഞപ്പോഴാണ് കൂട്ടുകാരൊടൊപ്പം കോഴിക്കോട് പൂവാട്ടുപറമ്പിൽ റോഡുപണിക്ക് പോയത്. നേരത്തേ, അവിടെ ജോലിയെടുത്തിരുന്ന ചില സുഹൃത്തുക്കൾ ടാറിങ് ജോലിക്ക് ക്ഷണിച്ചു. ഒരു മാസത്തോളം അവിടെ ജോലി ചെയ്തു. ഇതിനിടയിൽ ആളുകൾ തിരിച്ചറിഞ്ഞതോടെ പത്രങ്ങളിലും ടി.വി.യിലുമൊക്കെ വാർത്തയായി. പിന്നീട് അവിടെയുള്ള ഒരു കമ്പനിയിൽ ജോലി തരാമെന്ന് പറഞ്ഞു. എന്നാൽ, എനിക്ക് പറ്റിയ പണിയായിരുന്നില്ല അത്. ഓരോരോ സാധനങ്ങൾ എടുത്ത് വിറ്റാൽ കമ്മീഷൻ കിട്ടുന്ന രീതിയിലുള്ള പണിയായിരുന്നു. വിറ്റില്ലെങ്കിൽ പണവുമുണ്ടാകില്ല. അതെനിക്ക് ശരിയാകില്ലെന്നറിഞ്ഞതോടെ പൂവഞ്ചി കോളനിയിലേക്ക് തിരിച്ചുപോന്നു. 

കോളനിയിലേക്ക് തിരിച്ചെത്തി വീണ്ടും കൂലിപ്പണിക്കുപോയിത്തുടങ്ങി. പണിക്കു പോകുമ്പോൾ ‘പുൽച്ചാടി’ എന്നും ‘സിനിമേ..’ എന്നുമൊക്കെയുള്ള വിളികൾ പലയിടത്തുനിന്നും കേൾക്കും. ആ വിളികൾ ഞാൻ ആസ്വദിച്ചിരുന്നു. ഫോട്ടോഗ്രാഫറിലെ മണിയല്ലേ എന്ന് ചിലരൊക്കെ ചോദിക്കുമ്പോൾ പിന്നെയും സിനിമ ഞാൻ ആശിച്ചു. പക്ഷേ, എന്നെ സിനിമയിലെടുക്ക​ുമോ എന്ന്​ ആരോടു പോയി ചോദിക്കണമെന്നൊന്നും എനിക്കറിയില്ലായിരുന്നു. ചിലർ സിനിമ കാര്യം പറഞ്ഞ്​ മനപൂർവം കളിയാക്കും. ഒഴിവുസമയങ്ങളിൽ ബത്തേരിയിലെ തീയറ്ററിൽ പോയി സിനിമ കാണാറുണ്ട്. സ്ക്രീനിൽ പലരുടെയും മുഖം മാറി മാറി വരുമ്പോൾ അഭിനയിക്കാൻ കഴിയാത്തതിൽ വിഷമം തോന്നിയിട്ടുണ്ട്​. ഇതിനിടയിൽ ഞാൻ വിവാഹിതനായി. പൂവഞ്ചി കോളനിയിൽ തന്നെയുള്ള സിന്ധുവിനെ പ്രണയിച്ച് വിവാഹം കഴിച്ചതാ.  ഞങ്ങൾ സ്​കൂളിൽ ഒരേ ക്ലാസിലായിരുന്നു. മൂത്ത മകൾ മനീഷക്ക് അഞ്ചുവയസായി. ഇളയവൾ കനകക്ക് രണ്ടര വയസും. ഞാൻ വീണ്ടും സിനിമയിൽ തിരിച്ചെത്തുന്നതി​​​​െൻറ സന്തോഷത്തിലാണ് സിന്ധു. 

mani-udalazham


ഉടലാഴത്തിലെ വിശേഷങ്ങൾ...
ഇനി ഒരിക്കലും സിനിമയിലേക്ക് വരാനാകില്ലെന്ന് കരുതിയതാ. അപ്പോഴാണ്​ നായകനായി തന്നെ തിരിച്ചുവരാൻ അവസരം വന്നത്​. ‘ഉടലാഴം’ ശരിക്കും ഒത്തിരി സന്തോഷം തരുന്ന സിനിമയാണ്. ഏറെ വെല്ലുവിളികൾ നിറഞ്ഞ കഥാപാത്രത്തെ നന്നായി അവതരിപ്പിക്കാനായി എന്നാണ് പ്രതീക്ഷിക്കുന്നത്. ചെന്നൈ, പാലക്കാട്, നിലമ്പൂർ, വയനാട് എന്നിവിടങ്ങളിലായിരുന്നു ഉടലാഴത്തി​​​​െൻറ ഷൂട്ടിങ്. മൂന്നുമാസത്തോളം ഷൂട്ടിങ് ഉണ്ടായിരുന്നു. അടുത്തമാസം സിനിമയുടെ റിലീസ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വീട്ടുകാരോടൊപ്പം സിനിമ തീയറ്ററിൽ പോയി കാണണം. പുതിയ സിനിമയെക്കുറിച്ചൊന്നും ഇപ്പോ ആലോചിട്ടില്ല. ഉടലാഴത്തി​​​​െൻറ ഡബ്ബിങിനായി ഞായറാഴ്ച എറണാകുളത്തേക്ക് പോകുകയാണ്. എ​​​​െൻറ കഥാപാത്രത്തിന് ശബ്​ദം നൽകുന്നതും ഞാൻ തന്നെയാണ്. ആദ്യ സിനിമയിലെ പുൽചാടിയെ സ്വീകരിച്ചപോലെ ഉടലാഴത്തിലെ നായകനെയും എല്ലാവരും സ്വീകരിക്കുമെന്ന് പ്രതീക്ഷയെന്നും മണി പറഞ്ഞു. വെറെ അവസരങ്ങളൊന്നും ഇതുവരെ വന്നിട്ടില്ലെന്നും ഈ സിനിമക്കുശേഷമെ വേറെ എന്തിനെക്കുറിച്ചും ആലോചിക്കുന്നുള്ളുവെന്നും മണി പറഞ്ഞു. 

mani-udalazham1

ഇപ്പോഴും മണി പഴയ മണി തന്നെയാണ്. അധികം സംസാരിക്കാതെ ത​േൻറതായ ലോകത്ത് സന്തോഷത്തോടെ കഴിയുന്നു. ചീയമ്പം കോളനിയിൽ കുടുംബ സമേതം കഴിയുന്ന മണി, സിനിമയെ ജീവനാണെങ്കിലും ഒരിക്കൽ കൂടി സിനിമയിൽ കൂടുതൽ പ്രതീക്ഷവെച്ചുപുലർത്തി നഷ്​​ടം  ഏറ്റുവാങ്ങാൻ ആഗ്രഹിക്കുന്നില്ല. അതിനാൽ തന്നെ ഉടലാഴത്തിനുശേഷം മാത്രം കരുതലോടെ പുതിയ സിനിമയെക്കുറിച്ച് ആലോചിക്കുന്നുള്ളുവെന്നും മണി ഉറപ്പിച്ചുപറയുന്നത്. 

തുടക്കം ഗംഭീരമായങ്കിലും പിന്നീട് 11വർഷം മേൽവിലാസം നഷ്​​ടപ്പെട്ട മണി ഇന്ന് ഏറെ പ്രതീക്ഷയിലാണ്. അന്ന് സ്ക്രീനിൽ കണ്ട നാണംകുണുങ്ങിയായ പുൽചാടി അല്ല ഇന്ന് മണി. നീണ്ടവർഷക്കാലത്തെ കഷ്​​ടപാടുകളിൽനിന്നും റോഡിലെ ചുട്ടുപൊള്ളുന്ന ടാർവഴികളിൽനിന്നും പാടത്തുനിന്നുമെല്ലാം നേടിയ ഊർജം സംസാരത്തിലുണ്ട്. സിനിമയിലേക്ക് കൈപിടിച്ചുയർത്താൻ ആരുമില്ലാതായപ്പോഴും പ്രതീക്ഷ കൈവിടാതിരുന്ന മണിക്ക് ഒടുവിൽ ലഭിച്ച അംഗീകാരമാണ് ഉടലാഴം. ഉടലാഴത്തിനായി കാത്തിരിക്കാം... ഒപ്പം മണിയുടെ തിരിച്ചുവരവിനും..

Loading...
COMMENTS