‘സ്ത്രീകള്‍ക്ക് സ്വന്തം നിലക്ക് ശബ്ദമുയര്‍ത്തേണ്ടണ്ടി വരും’

Nadiya-Moidu

34 വര്‍ഷമായിരിക്കുന്നു ആ പെണ്‍കുട്ടി മലയാളികളുടെ മനസ്സില്‍ ചേക്കേറിയിട്ട്. വലിയ ഇയര്‍റിങ്ങുകളും  ചുരുട്ടി ഒതുക്കിയ പ്രത്യേക ഹെയർസ്​റ്റൈലും വലിയ സണ്‍ഗ്ലാസുമൊക്കെയായിട്ടായിരുന്നു ആ വരവ്. ഗേളി എന്ന ആ പെണ്‍കുട്ടിയെ മലയാളികള്‍ക്ക് എങ്ങനെ മറക്കാന്‍ സാധിക്കും? പറഞ്ഞുവരുന്നത് ‘നോ​െക്കത്താ ദൂരത്ത് കണ്ണും നട്ട’് എന്ന ചിത്രത്തില്‍ മോഹന്‍ലാലി​​​െൻറ നായികയായി അരങ്ങേറ്റംകുറിച്ച നദിയ മൊയ്തു എന്ന നടിയെ കുറിച്ചാണ്. ആ ചിത്രത്തിന് ശേഷം  വളരെ സൂക്ഷ്മതയോടെ തിരഞ്ഞെടുത്ത ഏതാനും ചില കഥാപാത്രങ്ങള്‍ കൂടി. പിന്നീട് കുടുംബജീവിതത്തിലേക്ക്. വര്‍ഷങ്ങള്‍ക്ക് ശേഷം നദിയ തിരിച്ചെത്തിയത് തമിഴിലെ സൂപ്പര്‍ഹിറ്റ് ചിത്രം ‘എം കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി’ യിലൂടെയായിരുന്നു. ആ തിരിച്ചുവരവിന് ശേഷം തമിഴിലും മലയാളത്തിലുമൊക്കെയായി  വിരലില്‍ എണ്ണാവുന്ന ചില ചിത്രങ്ങള്‍. ഇപ്പോഴിതാ 34 വര്‍ഷത്തിന് ശേഷം ത​​​െൻറ ആദ്യ നായകന്‍ മോഹൻലാലിനൊപ്പം നദിയ വീണ്ടും ഒന്നിക്കുന്നു.  ബോളിവുഡ് സംവിധായകന്‍ അജോയ് വര്‍മ സംവിധാനം ചെയ്യുന്ന ‘നീരാളി’ എന്ന ചിത്രത്തിലൂടെ. മലയാളത്തിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ച് നദിയ മനസ്സ് തുറക്കുന്നു.

മലയാളത്തിലേക്കുള്ള തിരിച്ചുവരവ്​

‘നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്’ എന്ന ചിത്രത്തില്‍ ലാലേട്ടനോടൊപ്പമാണ് ഞാന്‍ ആദ്യമായി അഭിനയിക്കുന്നത്.  ഇപ്പോള്‍ ലാലേട്ടനോടൊപ്പം നീരാളി എന്ന ചിത്രത്തില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നതി​​​െൻറ ത്രില്ലിലാണ് ഞാന്‍. ലാലേട്ടനുമായി ഒരു ചിത്രമുണ്ട്. അഭിനയിക്കുമോയെന്ന് ചോദിച്ചുകൊണ്ട് അണിയറപ്രവര്‍ത്തകര്‍ എന്നെ വിളിച്ചു. അവര്‍ എന്നെ നേരിട്ട് കണ്ടു. എനിക്ക് വളരെ ഇഷ്​ടമായി. അതില്‍ ലാലേട്ട​​​െൻറ ഭാര്യയായിട്ടാണ് അഭിനയിക്കുന്നത്.  കുറച്ചുകാലം ഞാന്‍ മലയാളത്തില്‍ ഇല്ലായിരുന്നു. ഇപ്പോള്‍ ഇൗ സിനിമ തിരഞ്ഞെടുക്കാനുള്ള വലിയൊരു കാരണവും ഇത് തന്നെയാണ്. മാത്രമല്ല, മുംബൈയിലായിരുന്നു ചിത്രീകരണം. ഇത്രയുംവര്‍ഷം ഞാന്‍ സിനിമ ചെയ്തിട്ടുണ്ടെങ്കിലും ഞാന്‍ അഭിനയിച്ച ഒരു സിനിമപോലും മുംബൈയില്‍ ചിത്രീകരിച്ചിട്ടില്ല. സംവിധായകന്‍ അജോയ് വര്‍മയും മുംബൈയിലാണ്. എല്ലാത്തരത്തിലും എനിക്ക് ചെയ്യാന്‍ കഴിയുന്ന സിനിമയാണ് നീരാളി എന്ന് തോന്നി. ഏത് സിനിമ ചെയ്യുമ്പോഴും നാം എപ്പോഴും ആഗ്രഹിക്കുന്നത്  അത് പ്രേക്ഷകര്‍ക്ക് ഇഷ്​ടപ്പെടണം എന്നാണ്. ഈ സിനിമയില്‍ അഭിനയിക്കാന്‍ ലാലേട്ടന്‍ എത്തിയപ്പോൾ പുതിയ ലാലേട്ടനെ കണ്ടപോലെയാണ് എനിക്ക് തോന്നിയത്. ഭാരമൊക്കെ കുറച്ച് ഒരു ചെറുപ്പക്കാരനായാണ് അദ്ദേഹം അഭിനയിക്കുന്നത്​.  പ്രേക്ഷകര്‍ക്കും ഇത് സന്തോഷം നല്‍കുമെന്നാണ് എനിക്ക് തോന്നുന്നത്. 

Nadiya-Moidu

ഇൗ വരവ്​ ആ​ഗ്രഹിച്ചതാണ്​

എനിക്ക് എപ്പോഴും മലയാളം സിനിമകള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. മലയാളത്തില്‍ ‘ഗേള്‍സ്​’ എന്ന ചിത്രം ഇതിന് മുമ്പ്​ ചെയ്തിരുന്നു. പക്ഷേ, അത്ര നിറഞ്ഞുനിന്നില്ല. അത് സ്ത്രീ കേന്ദ്രീകൃത സിനിമയായിരുന്നു. ഞാന്‍ ഇപ്പോള്‍ തെലുങ്കില്‍ ഒരു സിനിമ ചെയ്യുന്നുണ്ട്. വര്‍ഷത്തില്‍ ഒരു സിനിമ മാത്രം ചെയ്യാനാണ് തീരുമാനം. സിനിമകളുടെ എണ്ണം കുറച്ചാണ് ഞാന്‍ ചെയ്യുന്നത്. അങ്ങനെ നോക്കുകയാണെങ്കില്‍ എപ്പോഴും ഞാന്‍ ഒരു തിരിച്ചുവരവി​​​െൻറ ഭാഗമാകുന്നുണ്ട്. മനസ്സുകൊണ്ട് എനിക്ക് ചെയ്യാന്‍ ഇഷ്​ടപ്പെടുന്ന ചിത്രങ്ങള്‍ മാത്രമാണ് ചെയ്യുന്നത്. അത് പ്രേക്ഷകരുമായി ബന്ധപ്പെടുന്ന ഒരു ചിത്രമായിരിക്കണം. ഇടക്കിടെ മലയാളം സിനിമകള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. അതില്‍ ചിലത് സഫലമാകും ചിലത് നടക്കില്ല. മാത്രമല്ല, എ​​​െൻറ പ്രായത്തിലുള്ളവര്‍ക്കുള്ള സിനിമ ഉണ്ടാവുന്നത് വളരെ കുറവാണ്. ചിത്രം ചെയ്യുമ്പോള്‍ അതിലെ കഥാപാത്രങ്ങളും ഞാന്‍ ശ്രദ്ധിക്കാറുണ്ട്.  അതില്‍ എനിക്ക് എന്തെങ്കിലും ചെയ്യാനുണ്ടോയെന്നാണ് ആദ്യം ശ്രദ്ധിക്കുന്നത്്.  എനിക്ക് തോന്നിയിട്ടുള്ള മറ്റൊരു കാര്യം ഞാന്‍ കേരളത്തില്‍ ഇല്ലാത്തതുകൊണ്ട് അതി​​േൻറതായ ബുദ്ധിമുട്ടുണ്ട്. അതുകൊണ്ടൊക്കെ ആയിരിക്കാം മലയാളത്തില്‍ അത്ര പെട്ടെന്ന് അവസരം വരാത്തത്. ഇപ്പോഴും ഒരു ഭാഗ്യമായി  കാണുന്നത്  ആളുകള്‍ എന്നും എന്നെ കാണാന്‍ ആഗ്രഹിക്കുന്നുണ്ട്. എന്നെ ഓര്‍ക്കുന്നുണ്ട്. ഇപ്പോഴും പരസ്യത്തിനൊക്കെ എന്നെ വിളിക്കാറുണ്ട്. അതിലൊക്കെ സന്തോഷം തോന്നുന്നു.

34 വര്‍ഷങ്ങള്‍ക്ക്ശേഷം

അതെ, എ​​​െൻറ ആദ്യ സിനിമ ലാലേട്ടനോടൊപ്പമായിരുന്നു. ഇപ്പോള്‍ വീണ്ടും ഒന്നിക്കുന്നു. അതില്‍ എനിക്ക് വളരെയേറെ സന്തോഷമുണ്ട്. ആ ചിത്രത്തിന് ശേഷം അദ്ദേഹത്തെ ഇടക്ക്​ എപ്പോഴെങ്കിലും ഫങ്ഷനൊക്കെ കാണാറുണ്ടായിരുന്നു. തമ്മില്‍ കോൺടാക്ട് ഒന്നുമുണ്ടായിരുന്നില്ല. അദ്ദേഹത്തി​​​െൻറ കുറെ സിനിമകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. ഞാന്‍ ഒത്തിരി ബഹുമാനിക്കുന്ന നടനാണ്. ഒരുപാട് കഥാപാത്രങ്ങള്‍ ചെയ്തിട്ടുള്ള ആളാണ് അദ്ദേഹം. അദ്ദേഹത്തിനും മറ്റ് നടന്മാര്‍ക്കും ലഭിക്കുന്നതുപോലെ അവസരം എപ്പോഴും സ്ത്രീകള്‍ക്ക് ലഭിക്കണമെന്നില്ല. എനിക്ക് അന്നും ഇന്നും അദ്ദേഹത്തോടൊപ്പം അഭിനയിക്കുന്നതില്‍ ബുദ്ധിമുട്ടൊന്നും തോന്നിയിരുന്നില്ല. പകരം എളുപ്പമായിരുന്നു. ഞങ്ങള്‍ ആദ്യമായി ഒന്നിച്ച നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന സിനിമയിലുള്ള ചില കാര്യങ്ങളൊക്ക നീരാളിയിലുമുണ്ട്. ആ സിനിമ കണ്ടിട്ടുള്ളവര്‍ക്ക് തീര്‍ച്ചയായും അത്  ഓര്‍മ വരും. 
പുതിയ ചിത്രത്തിൽ ആശുപത്രിയിലെ ഒരു സീന്‍ ചെയ്യുന്നതിനിടക്കാണ് ലാലേട്ടന്‍ ലൊക്കേഷനിൽ എത്തിയത്. ലാലേട്ടന്‍ വന്ന് എ​​​െൻറ തോളിൽ തട്ടി സുഖമാണോ എന്നൊക്കെ ചോദിച്ചു. പക്ഷേ, ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു നിങ്ങളുടെ പകുതി എവിടെയെന്ന്?  ലാലേട്ടന്‍ സുന്ദരനായ ഒരു ചെറുപ്പക്കാരനായി മാറിയിരുന്നു. ശരീരഭാരമൊക്കെ കുറച്ച് ആള് ആകെ മാറിയിരുന്നു. നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്ന ചിത്രത്തില്‍ ലാലേട്ടനെ കണ്ണടവെച്ച്​ നോക്കുന്ന സീന്‍ ആണ് എനിക്ക് എപ്പോഴും ഓര്‍മവരുന്നത്. ലാലേട്ടന്‍ അത്രയും മനോഹരമായാണ് ആ രംഗം അഭിനയിച്ചത്. അതുകൊണ്ടു തന്നെയാണ് ഇന്നും പ്രേക്ഷകര്‍ ഓര്‍ക്കുന്നതും. അദ്ദേഹത്തിന്​ മാത്രമേ അങ്ങനെ അഭിനയിക്കാന്‍ കഴിയുകയുള്ളൂ. അദ്ദേഹത്തി​​​െൻറ ഇത്രയും വര്‍ഷത്തെ അഭിനയ അനുഭവംകൊണ്ടും അഭിനയിക്കാനുള്ള അസാമാന്യമായ കഴിവുകൊണ്ടും ഓരോ സീനും ഭംഗിയായിട്ടുണ്ട്. മലയാളം എനിക്ക് എന്നും പ്രിയപ്പെട്ടതാണ്. നല്ല റോളുകള്‍ ലഭിക്കുകയാണെങ്കില്‍ ഞാന്‍ തീര്‍ച്ചയായും മലയാളത്തില്‍തന്നെ കാണും. ഞാന്‍ ചെയ്ത ആദ്യ സിനിമതന്നെ മലയാളമായിരുന്നു. അത്തരം കഥാപാത്രം ലഭിച്ചതും എ​​​െൻറ പേര് ഇപ്പോഴും ഓര്‍ക്കപ്പെടുന്നതുമൊക്കെ സത്യത്തില്‍ ഒരു വെല്ലുവിളി നിറഞ്ഞ കാര്യമാണ്. അതില്‍ എനിക്ക് സന്തോഷമുണ്ട്.

Nadiya-moidu-with-mohanlal
'നോക്കത്താദൂരത്ത് കണ്ണുംനട്ട്' എന്ന ചിത്രത്തിൽ മോഹൻലാലും നദിയയും
 

ആഗ്രഹിക്കുന്ന കഥാപാത്രങ്ങൾ

ഇക്കാലത്ത് പുതിയ, പുതിയ ഒരുപാട് തിരക്കഥാകൃത്തുകളുണ്ട്. വ്യത്യസ്തരീതിയിൽ എഴുതുന്ന എഴുത്തുകാർ വരുന്നുണ്ട്. പുതിയ സംവിധായകരും വരുന്നുണ്ട്. എന്നിരുന്നാലും പ്രേക്ഷകര്‍ക്ക് ഇഷ്​ടപ്പെടുന്ന തരത്തിലുള്ള ചിത്രം ചെയ്യാനാണ് എനിക്ക് എന്നും ആഗ്രഹം. അത് എ​​​െൻറ ഈ പ്രായത്തിന് ചെയ്യാന്‍ കഴിയുന്ന തരത്തിലുള്ള സിനിമയായിരിക്കണം. മുമ്പ്​ സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാധാന്യമുള്ള സിനിമകള്‍ ഉണ്ടായിരുന്നു. ഇന്ന് സ്ത്രീകളെ കുറച്ചുകൂടി ആഴത്തില്‍ പഠിച്ച് കഥാപാത്രത്തി​​​െൻറ വ്യാപ്തി ഓര്‍ത്ത് എഴുതുകയാണെങ്കില്‍ ഒന്നുകൂടി നന്നായിരിക്കുമെന്ന് എനിക്ക് തോന്നുന്നു. അതുപോലെ സ്ത്രീകളുടെ അവസരങ്ങളെക്കുറിച്ച് എല്ലാവരും പറയുമെന്നല്ലാതെ ആരെങ്കിലും അതിന് വേണ്ട മാറ്റങ്ങള്‍ കൊണ്ടുവരേണ്ടേ? സ്ത്രീകള്‍ ഓരോ മേഖലയിലും ഓരോ കാര്യങ്ങളിലും ഇപ്പോള്‍ കഴിവ് തെളിയിക്കുന്നുണ്ട്. പക്ഷേ, സിനിമയില്‍ അങ്ങനെയില്ല. നമ്മള്‍ ചില കഥാപാത്രങ്ങള്‍ ചെയ്യും. പ്രേക്ഷകര്‍ക്ക് അത് കാണുമ്പോള്‍ ഒരു പ്രചോദനമായിരിക്കണം. ചില ആഗ്രഹങ്ങള്‍ ​െവച്ചായിരിക്കും സ്ത്രീകള്‍ ചിത്രങ്ങള്‍ ചെയ്യുന്നത്. പക്ഷേ, നല്ല അവസരങ്ങള്‍ സ്ത്രീകള്‍ക്ക് ലഭിക്കുന്നത് കുറവാണ്. 

വനിത സിനിമ പ്രവർത്തകരുടെ സംഘടന

മലയാളത്തില്‍ മാത്രമല്ല, സ്ത്രീകൾക്കുവേണ്ടി സ്​ത്രീകൾ തന്നെ ഓരോ കാര്യങ്ങള്‍ ചെയ്യുന്നത് കാണുമ്പോള്‍ ഇന്ത്യയിലുടനീളമുള്ള പ്രശ്‌നമാണതെന്ന് തോന്നുന്നു. എനിക്ക് തോന്നുന്നത് ഫെമിനിസം എന്നത്  ഇപ്പോള്‍ മറ്റൊരു തരത്തിലേക്ക് മാറിയെന്നാണ്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരിക്കലും തുല്യരാവാന്‍ കഴിയില്ല. പക്ഷേ, സ്ത്രീകള്‍ക്ക് പുരുഷന്മാര്‍ക്ക് ലഭിക്കുന്ന അവസരങ്ങളും പുരുഷന്മാര്‍ക്ക് ലഭിക്കുന്ന ബഹുമാനവും ആവശ്യമാണ്. ഇതി​​​െൻറ പേരില്‍ ഫെമിനിസത്തെ വേറെ ഒരു രീതിയില്‍ കൊണ്ടുപോയാല്‍ അതിനൊരു അർഥം ഇല്ലാതായിപ്പോകും. അവിടെ സ്ത്രീയും പുരുഷനുമില്ല. ഒരു മനുഷ്യന് ലഭിക്കേണ്ട പരിഗണനയാണത്. പക്ഷേ, അതിനിടയില്‍ സ്ത്രീകളെ ആരും കേള്‍ക്കാതിരിക്കുമ്പോള്‍, കാണാതിരിക്കുമ്പോള്‍ നമുക്ക്​  സ്വന്തം നിലക്ക്​ ശബ്​ദമുയർത്തേണ്ടി വരും. 

nadiya-moidu-old

അഭിനയത്തിനപ്പുറം​ 

എനിക്ക് അഭിനയിക്കാന്‍ മാത്രമേ അറിയുകയുള്ളൂ. എപ്പോഴും വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങള്‍ ചെയ്യണമെന്നാണ് ആഗ്രഹം. ഇതുവരെ കാണാത്ത നദിയ മൊയ്തുവിനെ പ്രേക്ഷകര്‍ കാണണം എന്നുണ്ട്.  ചില ആളുകള്‍ അഭിനയിക്കുന്നത് കാണുമ്പോള്‍  അഭിനയം എത്ര ബുദ്ധിമു​േട്ടറിയതാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. 
​തെലുങ്ക് ചിത്രം ചെയ്തിട്ടുണ്ട്. അത് അടുത്തമാസം പ്രദര്‍ശനത്തിനെത്തും. പിന്നെ നീരാളിയുമാണ് പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. അത് ജൂണിലായിരിക്കും. പിന്നെ മലയാളത്തിലും ഓഫറുകള്‍ വരുന്നുണ്ട്. മലയാളത്തില്‍ വീണ്ടും ചുവടുറപ്പിക്കണമെന്ന ആഗ്രഹത്തോടെ നദിയ ചെറുതായൊന്നു മൂളി ‘ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാന്‍...’

Loading...
COMMENTS