‘ഞാനറിഞ്ഞ ജോൺ​’

deedi

2008-ൽ പുറത്തിറങ്ങിയ 'ഗുൽമോഹർ' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ തിരക്കഥാ രംഗത്ത് സജീവമാണ് ദീദി ദാമോദരൻ. പ്രശസ്ത തിരക്കഥകൃത്തായ ടി. ദാമോദരന്‍റെ മകളായ ദീദി മലയാള സിനിമയിലെ സ്തീകൾക്കായുള്ള കൂട്ടായ്മ ( വുമൺ ഇൻ സിനിമാ കലക്ടീവ് ) യുടെ സ്ഥാപകാംഗവും സജീവ പ്രവർത്തകയുമാണ്. മലയാളത്തിലെ ജനകീയ സിനിമക്ക് രാഷ്ര്ടീയാടിത്തറ പണിത സംവിധായകൻ ജോൺ എബ്രഹാമിന്‍റെ ജീവിതത്തെ ആസ്പദമാക്കി പ്രേംചന്ദ് സംവിധാനം ചെയ്ത `ജോണി’ന്‍റെ തിരക്കഥ ഒരുക്കിയതും ദീദിയാണ്. ചിത്രത്തിൻറെ വിശേഷങ്ങൾ ദീദി മാധ്യമം ഒാൺലൈനുമായി പങ്കുവെക്കുന്നു. 


ജനകീയ സിനിമയുടെ പ്രവാചകനായ ജോൺ എബ്രഹാമിനെക്കുറിച്ചൊരു സിനിമ ?

പെട്ടെന്ന് ഒരുദിവസം എഴുതിയ തിരക്കഥയല്ല ഇത്. ജോൺ എബ്രഹാമിനെ സിനിമ വേണ്ട രീതിയിൽ അംഗീകരിച്ചിട്ടുണ്ടോ എന്നതിൽ പ്രേം ചന്ദ് അഞ്ചുവർഷമായി അന്വേഷണം നടത്തുന്നുണ്ട്. അതിനാൽ ആ പ്രൊജക്ടിനൊപ്പവും അദ്ദേഹത്തിനൊപ്പവും നിൽക്കാൻ വേണ്ടിയാണ് ചിത്രത്തിന് വേണ്ടി തിരക്കഥ എഴുതിയത്. 


ജോണിന്‍റെ ജീവിതം ദൃശ്യഭാഷയിലേക്ക് മാറ്റുന്നതിനായി നടത്തിയ പഠനം?

ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട സിനിമാക്കാരനാണ് ജോൺ എബ്രഹാം. പ്രത്യേകിച്ചും ചലച്ചിത്രോത്സവ/സമാന്തര സിനിമ മേഖലകളിലുമാണ് അദ്ദേഹം ചർച്ച ചെയ്യപ്പെട്ടത്. ആ മേഖലകളിലെല്ലാം സഞ്ചരിക്കുന്ന രണ്ടാളുകൾ എന്ന നിലയിൽ ഞാനും പ്രേംചന്ദും കുറേ അന്വേഷണങ്ങൾ നടത്തിയിട്ടുണ്ട്. പ്രേംചന്ദിന് വ്യക്തിപരമായി അദ്ദേഹത്തോട് അടുപ്പമുണ്ടായിരുന്നു. ജോൺ എല്ലാവർക്കും ഒാരോ തരം അനുഭവമാണ്. ആ അനുഭവത്തിന്‍റെ തീക്ഷണത ഒരോരോരുത്തരിലും വ്യത്യസ്തമാണെന്ന് മാത്രം. ജോണിനാൽ സ്വാധീനികപ്പെട്ട ഒരുപാട്‌ പേരെ പ്രേംചന്ദിന്‍റെ സംഘത്തിൽ കണ്ടിട്ടുണ്ട്. അവരെല്ലാം ജോണിനെ ഉള്ളിൽ കൊണ്ടുനടക്കുകയും അദ്ദേഹമായി ജീവിക്കുകയുമാണ്. 

ഒരുപാട് ജോൺ കഥകളിലൂടെയാണ് ഇത്രയും വർഷം ഞാൻ യാത്ര ചെയ്തത്. അതെല്ലാം അന്വേഷണം തന്നെയായിരുന്നു.  എന്നാൽ ഈ വിവരങ്ങൾ വെച്ചുള്ള ഒരു ഡോക്യുമ​​െൻററിയോ ബയോപിക്കോ അല്ല സിനിമ. എന്താണ് ജോൺ എന്ന അന്വേഷണം മാത്രമാണിത്. ജോണുമായി അടുപ്പമുള്ള ആളുകളുടെ ഇടയിലൂടെയുള്ള/ ഉള്ളിലൂടെയുള്ള ഒരു യാത്ര. ജോണിനെ അന്വേഷിച്ചുകൊണ്ടുള്ള ഒരു യാത്ര എന്ന് പറയാം.  

ജോണിനെ ആർക്കും നിർവചിക്കാനാവുമെന്ന് കരുതുന്നില്ല. ഒരോരുത്തർക്കും അദ്ദേഹം ഓരോന്നാണ്. ആറു പേരിലൂടെ നടത്തുന്ന യാത്രയാണ് ചിത്രം. മൂലധനം എന്ന സങ്കൽപ്പത്തെ പൊളിച്ച് ജനങ്ങളിൽ നിന്ന് പണം വാങ്ങി സിനിമയെടുത്ത ആളാണ് അദ്ദേഹം. അതിനാൽ അദ്ദേഹത്തെ കുറിച്ച് സിനിമയെടുത്തപ്പോൾ ഫണ്ടിങ്ങിന് പകരം 'ക്രൗഡ് സോഴ്സിങ്' ആണ് നടത്തിയത്. കൂടാതെ ജോണിന്‍റെ കൂടെയുള്ളവരെയെല്ലാം സിനിമയുടെ ഭാഗമാക്കാനും കഴിഞ്ഞു. ജോണിനൊപ്പം നിന്നവരെ കൂടെ  ചേർത്ത് പിടിച്ചു കൊണ്ടുള്ള ഒരു ശ്രമമാണ് ഈ സിനിമ.

ജനകീയ സിനിമയെക്കുറിച്ച് പറഞ്ഞല്ലോ, എന്നിട്ടും ഒഡേസ എന്ന ജനകീയ കലാപ്രസ്ഥാനത്തിന്‍റെ  ആദ്യത്തെതും ജോണിന്‍റെ അവസാനത്തേതുമായ 'അമ്മ അറിയാൻ' എന്ന ചിത്രത്തിലെ  പുരുഷൻ എന്ന കഥാപാത്രം ചെയ്ത ജോയ് മാത്യുവിനെ ഉൾപ്പെടുത്താത്തതിന് പിന്നിൽ?

ജോയ് മാത്യുവിനെ മാത്രമല്ല, അമ്മ അറിയാൻ എന്ന സിനിമയുടെ എഡിറ്റിങ് നടത്തിയ ബീന പോൾ, ക്യാമറ ചെയ്തത വേണു, അഗ്രഹാരത്തിലെ കഴുതയിൽ ജോണിന്‍റെ കൂടെ ഏറ്റവും കൂടുതലുണ്ടായിരുന്ന സഹോദരി, എന്നിങ്ങനെ ജോണുമായി ബന്ധമുള്ള  ഒരുപാട് പേർ ഈ സിനിമയിൽ ഇല്ല. ഇവരെല്ലാം എന്‍റെ സുഹൃത്തുക്കൾ കൂടിയാണ്. എന്നാൽ ഈ ചിത്രത്തിൽ ജോണിന്‍റെ രണ്ടാമത്തെ സഹോദരി ശാന്ത ചിത്രത്തിലുണ്ട്. ഈ സിനിമയോടൊപ്പം സമാന്തരമായി ഒരു ഡോക്യുമെന്‍ററിയും ചെയ്യുന്നുണ്ട്. ജോണിനെ സിനിമയാക്കേണ്ടതുണ്ടോ എന്നുള്ള അന്വേഷണത്തിൽ മകൾ മുക്തയും ഒരു പ്രൊജക്ട് ചെയ്യുന്നുണ്ട്. ആ പ്രൊജക്ടിന് വേണ്ടി ജോയ്, ബീന, വേണു എന്നിവരുമായി സംസാരിച്ചിട്ടുണ്ട്. 

ദീദി പ്രേംചന്ദിനൊപ്പം
 


ഭർത്താവ് പ്രേംചന്ദ് സംവിധാനം, മകൾ മുക്ത നിർമാണം‍ ?

ഇത് കൂട്ടായ്മയിൽ നിന്നുണ്ടായ സിനിമയാണിത്. അതിൽ മുക്തയുടെ സുഹൃത്തുക്കൾ ഉണ്ടായിരുന്നു. അവരുടെ എല്ലാം പേര് വെച്ചുകൊണ്ട് തന്നെയാണ് പോസ്റ്റർ ഡിസൈൻ ചെയ്തതും. സാങ്കേതികമായിട്ട് കുടുംബം എന്നു പറയുന്നത് ഞങ്ങൾ മൂന്നുപേർ ആണെങ്കിലും കൂടെ എല്ലാവരും ഒരു കുടുംബം പോലെ തന്നെ നിന്നാണ് ചിത്രം പൂർത്തീകരിക്കുന്നത്.

 

സിനിമാമേഖലയിലെ താങ്കളുടെ പരിചയസമ്പത്ത്  ഈ പ്രൊജക്ടിന് എത്രമാത്രം ഗുണകരമായി?

സിനിമ കാണുന്നതും സിനിമനിരൂപണം ചെയ്യുന്നതും എല്ലാം ആക്ടിവിസത്തിന്‍റെ ഭാഗമാണ്. അടിസ്ഥാനപരമായി ഞാനും പ്രേംചന്ദും സോഷ്യൽ ആക്ടിവിസ്റ്റുകളാണ്. അതുകൊണ്ടുതന്നെ സാമൂഹിക പ്രവർത്തകർ എന്ന നിലയിൽ  സമൂഹത്തിലേക്ക് ഏതെല്ലാം തരത്തിൽ സംഭാവനകൾ ചെയ്യാനാവും എന്ന ചിന്തയിൽ തന്നെയാണ് ഈ സിനിമയും ചെയ്യുന്നത്. സിനിമയിലെ മൂലധനത്തെ പൊളിച്ച  ജോണിനെ  യർത്തിപ്പിടിക്കേണ്ടതുണ്ട് എന്ന കാരണം കൊണ്ട് കൂടിയാണ് ഈ സിനിമ. അച്ഛൻ എഴുതിയ/ഭാഗമായിട്ടുള്ള സിനിമ പോലെയുള്ള ഒന്നല്ല. പുതിയ തലമുറയിൽ പലർക്കും ജോണിനെ അറിയില്ല എന്നാണ്  ചിത്രീകരണ സമയത്ത് മനസിലായത്. ജോണിനെ അറിയുന്നവർക്ക് അദ്ദേഹത്തിന്‍റെ സിനിമയെ കുറിച്ച് അറിവില്ല. അതിനാൽ തന്നെ ജോണിനെക്കുറിച്ച് പറയേണ്ടത് വളരെ പ്രസക്തമായ സമയം കൂടിയാണിത്. 

തിരക്കഥാ രംഗത്ത് വളരെ സെലക്ടീവ് ആയ എഴുത്തുകാരിയായി മാറിയത് ?

ഗുൽമോഹർ കഴിഞ്ഞ് രേവതിക്ക് വേണ്ടി മകൾ എന്ന  സിനിമ എഴുതി. പിന്നീട് നായിക എന്ന സിനിമ ചെയ്തു. പക്ഷേ എഴുതിയ സിനിമയേ അല്ല നായികയെന്ന സിനിമയായി പുറത്തുവന്നത്. അതോടെ ഞാൻ എഴുതിയത് അതുപോലെ ചെയ്യുന്നവരോടൊപ്പം മാത്രമേ സിനിമ ചെയ്യൂ എന്ന് ഉറപ്പിച്ചു.

വിമൻ കളക്റ്റീവ് എന്ന സംഘടനയിലെ സജീവ പ്രവർത്തക കൂടിയാണല്ലോ. സംഘടന സ്ഥാപിതമായിട്ട് ഒരുവർഷം തികഞ്ഞു?

സ്ത്രീകൾക്കും സംസാരിക്കേണ്ടതുണ്ട്. അതിനാൽ അവർക്ക് പറയാനുള്ള ഇടങ്ങൾ നേടിയെടുക്കാൻ വേണ്ടിയാണ് സംഘടനയിൽ അംഗമാകുന്നത്. കൃത്യമായ ബോധ്യത്തോടെ കൂടിത്തന്നെയാണ് സംഘടനയിൽ ഇപ്പോഴും നിലനിൽക്കുന്നത്. സംഘടന വന്നിട്ട് ഒരു വർഷം കഴിഞ്ഞു. വളരെ ആക്ടീവും പൊസിറ്റീവും ആയിട്ടാണ് മുമ്പോട്ട് പോകുന്നത്. ആളുകളെ എങ്ങനെ വിലയിരുത്തുന്നു എന്നറിയാനായി പുനർവായനയും നടത്തി. പുരുഷന്മാർ മുകളിലാണെന്ന് ധരിക്കുന്ന ഐഡിയോളിക്ക് ആണല്ലോ പാട്രിയർക്കി എന്നു പറയുന്നത്. പാട്രിയർക്കൽ വാല്യു  ഗംഭീരമാണെന്ന് മനസ്സിൽ വിചാരിക്കുന്നവർക്ക് സംഘടനയോട് പ്രശ്നമുണ്ടാകും. അങ്ങനെ അല്ലാത്തവർക്ക്‌ സംഘടനയോട് വിയോജിപ്പ് ഉണ്ടാവാൻ സാധ്യതയുമില്ല. 


 

Loading...
COMMENTS