സിനിമ കണ്ടു കണ്ട് സിനിമക്കാരിയായി...

  • ‘916’ എന്ന സിനിമയിലൂടെയാണ് കൊടുങ്ങല്ലൂർ സ്വദേശിനിയായ മാളവിക മേനോൻ സിനിമയിലേക്ക് കടന്നു വന്നതെങ്കിലും കരിയറിന് 916 സ്വർണത്തിളക്കം കൈവന്നത് ഇപ്പോഴാണ്....

ഒരുപാട് സന്തോഷം കൊണ്ട് പാകം ചെയ്ത വിഭവ സമൃദ്ധ സദ്യയാണ് യുവനടി മാളവിക മേനോന് ഇത്തവണ ഓണം. ജോസഫ് എന്ന സിനിമയുടെ അതിശയിപ്പിക്കുന്ന വിജയത്തിന് ശേഷം മാളവിക അഭിനയിച്ച പൊറിഞ്ചു മറിയം ജോസ് ഇപ്പോൾ തിയേറ്ററിൽ നിറഞ്ഞ കൈയടി നേടുകയാണ്.

2012ൽ എം. മോഹനൻ സംവിധാനം ചെയ്ത ആസിഫ് അലി നായകനായ ‘916’ എന്ന സിനിമയിലൂടെയാണ് തൃശൂർ കൊടുങ്ങല്ലൂർ സ്വദേശിനിയായ മാളവിക മേനോൻ സിനിമയിലേക്ക് കടന്നു വന്നതെങ്കിലും കരിയറിന് 916 സ്വർണത്തിളക്കം കൈവന്നത് ഇപ്പോഴാണ്. അതോടെ ഈ ഓണത്തിന് മുമ്പില്ലാത്ത സന്തോഷവും തിളക്കവുമുണ്ട്.

അച്ചമ്മയുടെ സദ്യ

കൊടുങ്ങല്ലൂരിലെ തറവാട്ടു വീട്ടിലെ ബന്ധുക്കളോടൊപ്പമുള്ള സന്തോഷകരമായ നിമിഷങ്ങളാണ് മാളവികയുടെ ഓണം ഓർമകളിൽ നിറയെ. ഇപ്പോൾ പത്താം ക്ലാസിൽ പഠിക്കുന്ന സഹോദരൻ അരവിന്ദിനോടൊപ്പം പൂപറിക്കാൻ പോയതും ഓരോ വർഷവും പൂക്കളത്തിന് വലിപ്പവും ഭംഗിയും കൂട്ടാനുള്ള മത്സരവും മറക്കാനാകില്ലെന്ന് മാളവിക പറയുന്നു.

അച്ചമ്മ തയ്യാറാക്കുന്ന സ്വാദേറിയ സദ്യ കഴിച്ച് തിയേറ്ററിൽ സിനിമ കാണാൻ കുടുംബത്തോടൊപ്പം പോകുന്നത് ഓണ നാളിൽ പതിവാണ്. ടെലിവിഷനിലെ സിനിമയെല്ലാം കാണുന്നതും ഓണക്കാലത്തി​​​​​െൻറ സുന്ദരമായ ഓർമകളാണ്. ഇതിൽ പല ശീലങ്ങളും തുടരുന്നുണ്ടെന്ന് മാളവിക.

ജോസഫിലേക്ക് വിളിച്ചത് ജോജു

‘പൊറിഞ്ചു മറിയം ജോസ്’ സിനിമയുടെ ഷൂട്ടിങ് സെറ്റിൽ വെച്ചായിരുന്നു എ​​​​െൻറ പിറന്നാളാഘോഷം. എല്ലാവരും കൂടി അത് കെങ്കേമമാക്കി. സംവിധായകൻ ജോഷിയും ജോജു ജോർജും, ചെമ്പൻ വിനോദുമെല്ലാം ആഘോഷത്തിൽ പങ്കെടുത്തു. സെറ്റിലെ ഇത്തരം ആഘോഷങ്ങളിലൂടെയാണ് സീനിയർ താരങ്ങളുമായൊക്കെ ഏറെ അടുക്കാൻ അവസരമൊരുങ്ങുന്നത്. പിന്നൊരു കാര്യം, പൊറിഞ്ചു മറിയം ജോസ് ഷൂട്ട് ചെയ്തത് എ​​​​െൻറ നാടായ കൊടുങ്ങല്ലൂരിലും പരിസരങ്ങളിലുമൊക്കെയായിരുന്നു. അത് വലിയ എക്സ്പീരിയൻസായിരുന്നു... നാട്ടുകാരുടെ മുന്നിലുള്ള അഭിനയം പറയുമ്പോൾ മാളവികക്ക് നൂറ് നാവ്.

അതിനിടെ സൂപ്പർഹിറ്റ് സിനിമയായ ജോസഫ് സിനിമയിലേക്ക് സംസാരം കടന്നതും മാളവിക അത് ഏറ്റു പിടിച്ചു. ‘‘എന്നെ ജോസഫ് സിനിമയിലേക്ക് ജോജു ചേട്ട​​​​​െൻറ മകളായി അഭിനയിക്കാൻ ക്ഷണിച്ചത് അദ്ദേഹം തന്നെയാണ്. ജോജു ചേട്ടൻ എ​​​​െൻറ അയൽനാടായ മാള സ്വദേശിയാണെങ്കിലും നേരിട്ട് കണ്ടിട്ടില്ല അന്നുവരെ. ‘അമ്മ’യുടെ ഒരു യോഗത്തിലാണ് ആദ്യമായി കണ്ടത്. ജോസഫ് സിനിമയിൽ ചെറിയ റോളാണെങ്കിലും വലിയ അഭിനന്ദനമാണ് കിട്ടിയത്. സിനിമ വൻ വിജയം നേടിയപ്പോൾ സിനിമയിൽ ഞാൻ അത്ര പെട്ടെന്ന് മരിക്കേണ്ടിയിരുന്നില്ല എന്ന് തോന്നി’’-നിരാശ കലർന്ന ശബ്ദത്തിൽ മാളവിക പറഞ്ഞു നിർത്തി.

മാളവിക അഭിനയിച്ച സിനിമയായ ഞാൻ മേരിക്കുട്ടി, ജോസഫ് എന്നീ സിനിമക്ക് സംസ്ഥാന-ദേശീയ പുരസ്കാരം വരെ നേടിയിട്ടുണ്ടല്ലോ എന്ന ചോദിച്ചപ്പോൾ (ജോസഫ് എന്ന ചിത്രത്തിലെ അഭിനയത്തിന് ജോജുവിന് മികച്ച സ്വഭാവനടനുള്ള സംസ്ഥാന പുരസ്‌കാരവും ദേശീയതലത്തിൽ പ്രത്യേക പരാമർശവും മേരിക്കുട്ടിയിലെ അഭിനയത്തിന് ജയസൂര്യക്ക് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും ലഭിച്ചു) മാളവികയുടെ മനസ്സിൽ സന്തോഷത്തിൻ രസം വിരിഞ്ഞു. മനസ്സിൽ പൊട്ടിയ ലഡ്ഡു ചിരിയായി വിടർന്നു.

Loading...
COMMENTS