മധുരമൂറും ‘ലഡു’വിനെ കുറിച്ച് അരുൺ ജോർജ്

Arun-george

അരുൺ ജോർജ് സംവിധാനം ചെയ്ത ‘ലഡു’ തിയേറ്ററുകളിൽ പ്രേക്ഷകർക്ക് അതിമധുരം നൽകി മുന്നോട്ട് കുതിക്കുകയാണ്. 
ഉപരിവിപ്ലവം, ഒരു സിനിമാകഥ, ദൃക്സാക്ഷി തുടങ്ങി ശ്രദ്ധേയമായ ഹ്രസ്വ ചിത്രങ്ങൾ അരുൺ സംവിധാനം ചെയ്തിട്ടുണ്ട്. തൃശൂർ റൗണ്ടിലും അക്കാദമി പരിസരങ്ങളിലും സിനിമ സ്വപ്നം കണ്ട് നടന്ന ഒരുപാട് പേരുടെ പ്രയത്നമാണ് ചിത്രം. അരുൺ ജോർജ് ‘ലഡു’വിന്‍റെ വിശേഷങ്ങൾ 'മാധ്യമം' ഒാൺലൈനുമായി പങ്കുവക്കുന്നു...

‘ലഡു’ കാണാൻ തിയേറ്ററിൽ കയറിയവർ ഒരു നിമിഷം മലയാള സിനിമ കാണാൻ തന്നെയല്ലേ കയറിയത് എന്ന് സംശയിക്കും. അടി, ഇടി, കിഡ്നാപ്പിങ്, അല്ലു അർജ്ജുൻ തുടങ്ങിയ ചേരുവകൾ കാണുമ്പോൾ പ്രേക്ഷകർക്ക് അങ്ങിനെ തോന്നിപ്പോകാം. ലഡുവിന്‍റെ മധുരം പങ്കുവക്കാമോ? 


മലയാള സിനിമക്ക് ഒരു ആഖ്യാന രീതിയുണ്ടായിരുന്നു. പുതിയ സംവിധായകർ ആ രീതി മാറ്റി എഴുതിക്കൊണ്ടിരിക്കുന്നു. എല്ലാ ഭാഷകളിലുമുള്ള സിനിമകൾ കണ്ടുവളർന്ന സംവിധായകരാണ് മലയാളത്തിലുള്ളത്. കിഡ്നാപ്പിങ്, അടി, ഇടി എന്നിവയുള്ള സിനിമകൾ പ്രേക്ഷകർക്ക് ഇഷടമാണ്. ലഡുവിനകത്ത് 'സ്പൂഫിങ്' നടത്താൻ ശ്രമങ്ങൾ ഉണ്ടായിരുന്നു. ആളുകൾ അത് തിരിച്ചറിയുകയും അത് വർക്ക്ഔട്ട് ആയി എന്നു പറയുകയും ചെയ്യുന്നുണ്ട്. അതിൽ സന്തോഷമുണ്ട്. മലയാള സിനിമയിലും ഇത്തരം സിനിമകൾക്കൊക്കെ സ്പേസ് ഉണ്ട്. 

മുഴുവൻ സമയം ചിരിക്കാൻ പാകത്തിൽ ഒരു വാണിജ്യ സിനിമ എന്ന രീതിയിൽ തന്നെയായിരുന്നു ലഡു ചെയ്തത്. അതു കൊണ്ടാണ് അങ്ങിനെയൊരു ഒരു പേരും നിറവും സംഗീതവും തെരഞ്ഞെടുത്തത്. രാജേഷ് മുരുഗനാണ് സംഗീതം. പലരും പ്രേമം പോലെയായില്ലാന്നൊക്കെ പറയുന്നു. രണ്ടും രണ്ട് വത്യസ്ത ജോണറുകളിലുള്ള സിനിമകളാണ്. മുഴുസമയം സംഗീതമുള്ള തമാശയിലൊരുക്കിയ സിനിമയിൽ സംഗീത  സംവിധായകനുമായുള്ള ബന്ധം വളരെ പ്രധാനപ്പെട്ട ഒന്നാണ്. ചിത്രത്തെ വളരെ ഫ്രഷ് ആക്കി തന്നെ രാജേഷ് നിലനിർത്തിയിട്ടുണ്ട്. 

arun ladoo

കുറച്ചു വർഷങ്ങൾക്ക് മുമ്പ് തമിഴ് ചലച്ചിത്ര മേഖലയിലാണ് ഹ്രസ്വചിത്ര സംവിധായകർ മികച്ച സിനിമകളുമായി മുഖ്യധാരയിലെത്തുന്നത്. ഒരു സിനിമാ കഥ, ഉപരിവിപ്ലവം, ദൃക്സാക്ഷി പോലെ ശ്രദ്ധേയ ഹ്രസ്വ ചിത്രങ്ങൾ ചെയ്തയാളാണ് താങ്കൾ. ഹ്രസ്വ ചിത്രം സംവിധാനം സിനിമ മേഖലയിലേക്കുള്ള ചവിട്ടുപടിയാണോ? 


എന്നെ സംബന്ധിച്ച് സിനിമയിലെത്തുന്നത് മറ്റൊരു തരത്തിലാണ്. സിനിമ അക്കാദമിക്കലായി പഠിച്ചിരുന്നു. അതുകൊണ്ട് അക്കാദമിക്ക് അറിവുണ്ടാവും എന്നേ ഉള്ളൂ. അക്കാലത്ത് കാണുന്നവരുടെ അടുത്തൊക്കെ സിനിമയോടുള്ള ആഗ്രഹം പറയും, സിനിമ പഠിച്ചിട്ടുണ്ടെന്നും പറയും. പലരും ഇതൊന്നും നടക്കാൻ പോവുന്നില്ലാന്നു പറഞ്ഞു എഴുതി തള്ളും. പ്രതീക്ഷിക്കാത്ത ഒരു സുഹൃത്ത് വഴിയാണ് ആദ്യ സിനിമയിലേക്ക് വഴിതുറക്കുന്നത്. അജയരാജു എന്ന സുഹൃത്ത് അവന്‍റെ അടുത്ത ബന്ധമുള്ള, ആശാൻ എന്നൊക്കെ പറയാവുന്ന തൃപ്പൂണിത്തറയുള്ള ജയൻചേട്ടനെ (ജയചന്ദ്രൻ ടി.കെ) എന്നെ പരിചയപ്പെടുത്തി. അദ്ദേഹം വഴിയാണ് ആദ്യമായി സിനിമയിലെത്തുന്നത്. ജയൻ ചേട്ടനാണ് രാജീവേട്ടനെ (രാജീവ് രവി) പരിചയപ്പെടുത്തിയത്. ഇതേതുടർന്ന് ആദ്യമായി കമ്മട്ടിപ്പാടത്തിന്‍റെ രചയിതാവും നടനുമായ ബാലചന്ദ്രൻ സംവിധാനം ചെയ്യുന്ന 'ഇവൻ മേഘരൂപനി'ൽ പ്രവർത്തിക്കാൻ അവസരം ലഭിച്ചു. രാജീവ് രവിയാണ് ചിത്രത്തിലേക്ക് എന്നെ വിളിച്ചത്. 

ഹ്രസ്വ ചിത്രത്തിൽ മറ്റു സാധ്യതകളാണ് ഞാൻ കാണുന്നത്. നമ്മുടെ പരീക്ഷണങ്ങളും സാധ്യതകളും ഹ്രസ്വ ചിത്രങ്ങളിലൂടെ ഉപയോഗപ്പെടുത്താം. കാശു കൊടുത്ത് സിനിമക്കാണാൻ വരുന്നവരെ നമ്മൾ പരീക്ഷിക്കരുതല്ലോ. നമ്മുടെ ബഡ്ജറ്റിൽ നമുക്ക് പരീക്ഷിക്കാവുന്ന മേഖലയാണത് ഹ്രസ്വ ചിത്രങ്ങൾ. പോരായ്മകൾ ഉണ്ടാവുമെങ്കിലും ചില കാര്യങ്ങൾ എങ്ങനെയാണ് വർക്ക്ഔട്ട് ആവുന്നത്, ആളുകൾ എങ്ങനെയാണ് സ്വീകരിക്കുന്നത് എന്നൊക്കെ അറിയാനാവും. സിനിമാ കഥയൊക്കെ അത്തരത്തിൽ ചെയ്ത ഹ്രസ്വ ചിത്രമാണ്. 

എന്‍റേതായൊരു ശൈലി സിനിമാ കഥ പോലുള്ള സിനിമകളാണ്. ആ ഒരു രീതിയിൽ സിനിമ ചെയ്യാനാണ് ഇഷ്ട്ടം. 'ദൃക്സാക്ഷി' എന്‍റെ തന്നെ അനുഭവത്തിന്‍റെ വെളിച്ചത്തിൽ ചെയ്ത പരീക്ഷണമായിരുന്നു. 'ഉപരിവിപ്ലവം' ഒരു അക്കാദമിക്ക് പ്രൊജക്റ്റിന്‍റെ ഭാഗമായി കുറച്ചു പേർ ഒരുമിച്ചു ചെയ്ത ചെറിയ വർക്കായിരുന്നു. ഫീച്ചർ സിനിമയിൽ ആദ്യമായി പ്രവർത്തിക്കുന്നത് 2011ലാണ്. സ്വന്തം സിനിമ ചെയ്യുന്നത് 2018ലും. ഹ്രസ്വ ചിത്രങ്ങളിൽ പ്രവർത്തിച്ചവർക്ക് ഫീച്ചർ സിനിമയിൽ സാധ്യതകളേറെയുണ്ട് എന്നത് വസ്തുതയാണ്. ലഡുവിലേക്ക് അസിസ്റ്റന്‍റുമാരെ തെരഞ്ഞെടുക്കുമ്പോൾ ഞാൻ അവരുടെ പോർട്ട്ഫോളിയോ നോക്കാറുണ്ട്. ഹ്രസ്വചിത്രങ്ങളിൽ പ്രവർത്തിക്കുന്നത് കരിയറിൽ സഹായകമാകും. 

ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് ബോബി സിംഹയായിരുന്നല്ലോ, കൗതുകം കൊണ്ട് ചോദിക്കുകയാണ് ആ കഥാപാത്ര തെരഞ്ഞെടുപ്പിന് പിന്നിൽ എന്തെങ്കിലും ഗൂഢാലോചനയുണ്ടോ?

ഒരു ഗൂഢാലോചനയും ഇല്ല (ചിരിക്കുന്നു). മലയാളത്തിലെ പ്രമുഖ നടനെ മനസിൽ കണ്ടാണ് തിരക്കഥ എഴുതിയത്. പക്ഷേ സിനിമ തുടങ്ങാനായപ്പോൾ അദ്ദേഹത്തിന് ഒഴിവില്ലാതെയായി. ആ സമയത്ത് സുകുവേട്ടനാണ് (സുകുമാർ തെക്കേപ്പാട്ട്)  ബോബി സിംഹയെ നിർദേശിക്കുന്നത്. നേരം എന്ന ചിത്രത്തിൽ പ്രൊഡക്ഷൻ കൺേട്രാളർ ആയിരുന്നു സുകുവേട്ടൻ. ബോബി സിംഹ കഥ കേട്ടതിന് ശേഷം ആ കഥാപാത്രം ചെയ്യാമെന്ന് ഏറ്റു. അദ്ദേഹം സ്വാമി സ്ക്വയറിന് വേണ്ടി താടി ഒക്കെ വച്ചിരിക്കുകായിരുന്നു. അതിനാൽ തന്നെ നമ്മുടെ ചിത്രത്തിലേക്ക് താടിയുള്ള ഒരു പൊലീസുകാരാനാക്കി അദ്ദേഹത്തെ മാറ്റി. 

ബോബി സിംഹ വന്നത് എല്ലാ തരത്തിലും സിനിമക്ക് മൈലേജ് തന്നെയായിരുന്നു. സ്റ്റാർ വാല്യു ഉള്ള ദേശീയ അവാർഡൊക്കെ കിട്ടിയ നടൻ കൂടിയാണല്ലോ അദ്ദേഹം. ഇത് കൂടാതെ ചിത്രത്തിലെ സീനുകൾ എല്ലാം മാസ് ആയി. എല്ലാം വിചാരിച്ചതിനെക്കാൾ ഭംഗിയുമായി. വണ്ടർബാർ മലയാളത്തിൽ അസോസിയേറ്റ് ചെയ്യുന്ന കമ്പനി (മിനി സ്റ്റുഡിയോ) ആണ് ലഡുവിന്‍റെ പ്രൊഡക്ഷൻ കമ്പനി. മലയാളത്തിൽ ഒട്ടേറ നല്ല തമിഴ് ചിത്രങ്ങൾ വിതരണത്തിന് എത്തിച്ചത് മിനി സ്റ്റുഡിയോ ആണ്. അവർക്ക് തമിഴിൽ ഇതിന്‍റെ കൊമേഴ്സൽ വാല്യൂവിൽ വിശ്വാസമുണ്ട്. റീമേക്കിനുള്ള സാധ്യതയുണ്ട്, സംഭവിക്കുമായിരിക്കും.

സിനിമ അനൗൺസ് ചെയ്ത് ഒന്നര വർഷത്തിനടുത്ത് എടുത്തിട്ടുണ്ടാകും റിലീസ് ചെയ്യാൻ, പ്രതിസന്ധികൾ ഉണ്ടായിരുന്നോ? 
 

ശരിയാണ്, സിനിമ പുറത്തിറങ്ങാൻ ഒന്നര വർഷത്തോളം എടുത്തിട്ടുണ്ട്. അതെല്ലാം ചിത്രത്തിന് പോസിറ്റീവ് ആയി. സിനിമയിലുള്ള ആറ് നടൻമാരുടെ ഡേറ്റ് ഒത്തുവരാൻ താമസം വന്നു. 2016 നവംബറിൽ പ്രൊജക്റ്റ് ആയ സിനിമ ഷൂട്ട് ചെയ്യുന്നത് 2017 മേയിൽ ആണ്. ബോബി സിംഹ അഭിനയിച്ച ഭാഗങ്ങൾ അവസാനമാണ് ഷൂട്ട് ചെയ്യുന്നത്. അപ്പോഴേക്ക് നമ്മൾ ബാക്കിയെടുത്തത് കട്ട് ചെയ്തിരുന്നു. വലിയ പ്രതിസന്ധികൾ ഒന്നും അഭിമുഖീകരിച്ചിട്ടില്ല. 

സിനിമയുടെ മാർക്കറ്റിങ്ങിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് പേര്. ഈ പേരിലെത്തുന്നത്?

പെട്ടെന്ന് സ്ട്രൈക്കിങ് ആവുന്ന, കണക്റ്റ് ചെയ്യുന്ന ഒരു പേരിടണമായിരുന്നു. ഇതിന് ലഡു എന്ന പേര് ഏറെ സഹായിച്ചിട്ടുണ്ട്. പ്ലാൻ ബി എന്നായിരുന്നു ആദ്യം സിനിമക്കാലോചിച്ച പേര്. ചിത്രം തട്ടികൊണ്ടുപോകലും കല്യാണവും രജിസ്ട്രർ ഓഫീസും ഒക്കെയായി കളർഫുൾ ആണ്. ഒരു രജിസ്റ്റർ ഓഫീസിൽ പോയാൽ അവിടെ ഏറ്റവും കൂടുതൽ കാണുന്നത് ലഡുവാണ്.  മധുരമാണ്. അങ്ങനെയൊക്കെ ആണ് ലഡു എന്ന പേരിൽ എത്തിയത്.

ladoo-Movie

നിങ്ങളുടെ ഹ്രസ്വചിത്രങ്ങളെല്ലാം പൊളിറ്റിക്കൽ സറ്റയറുകളായിരുന്നു, ലഡുവിലും ചില സീനുകളിലും ഫ്രൈയിമുകളിലും അത് കാണാം. അടുത്ത സിനിമ? 

ഹ്രസ്വചിത്രങ്ങളെല്ലാം പൊളിറ്റിക്കൽ സറ്റയറുകൾ തന്നെ ആയിരുന്നു. ആദ്യം പ്ലാൻ ചെയ്ത മറ്റൊരു സിനിമയും അങ്ങനെയായിരുന്നു. ലഡുവിലെ ഓമ്നിയെല്ലാം അതിലെ കഥാപാത്രമായിരുന്നു. ലഡുവിലും ബോധപൂർവമല്ലാതെ സറ്റയറുകൾ വന്നിട്ടുണ്ട്. അടുത്ത സിനിമ മറ്റൊരു ജോണറിൽ ആവണം എന്നാണഗ്രഹം. ഒരുപാട് സബ്ജകറ്റുകൾ ഉണ്ട്. നിർമാതാവിനെ കൂടി ലഭിച്ചാൽ അടുത്ത സിനിമ ഉടൻ വരും. 

Loading...
COMMENTS