വഴിതെറ്റിയാണ് സിനിമയിലെത്തിയത് -കിരൺ പ്രഭാകരൻ

അനു ചന്ദ്ര
15:51 PM
07/12/2019

യാഥാർത്ഥ്യവും സ്വപ്നവും ഇടകലരുന്ന ത്രില്ലർ ചിത്രമാണ് ‘താക്കോൽ’. നവാഗതനായ കിരൺ പ്രഭാകരൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ഇന്ദ്രജിത്തും മുരളി ഗോപിയുമാണ് പ്രധാനവേഷം കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന്‍റെ വിശേഷങ്ങൾ സംവിധായകൻ മാധ്യമവുമായി പങ്കുവെക്കുന്നു.

നിഗൂഢതകളുടെ താക്കോൽ

ചിത്രത്തിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. വ്യത്യസ്ത രീതിയിലുള്ള കഥപറച്ചിലായതിനാൽ പരിചയപ്പെടാൻ അൽപം സമയം എടുക്കും. പേര് പോലെ മനുഷ്യരുടെ ഉള്ളറകളിലേക്കുള്ള താക്കോലാണ് ചിത്രം. മനശാസ്ത്രപരവും വൈകാരികവും ആധ്യാത്മികവുമായി വിവിധ തലങ്ങളിലേക്ക് ഉള്ള എത്തിനോട്ടം കൂടിയാണെന്നും പറയാം. 

വ്യത്യസ്ത പ്രമേയവുമായി ആദ്യ സംവിധാന സംരംഭം

ഈ കഥ മനസിലേക്ക് വന്നപ്പോൾ പലരോടും ഇക്കാര്യം സംസാരിച്ചു. അവർക്കെല്ലാം ഇതെങ്ങനെ തിരക്കഥയാക്കി മാറ്റുമെന്നായിരുന്നു സംശയം. കഥ അവർക്ക് ഇഷ്ടമായെങ്കിലും തിരക്കഥയാക്കുന്നതിലെ പ്രയാസം അവർ സൂചിപ്പിച്ചു. എന്നാൽ തിക്കഥാരൂപത്തിൽ തന്നെയാണ് ആ കഥ മനസിൽ കണ്ടത്. എഴുതിതീർത്തപ്പോൾ സംവിധാനവും ചെയ്യാമെന്ന് ഉറപ്പിച്ചു. തിരക്കഥ പൂർത്തിയാക്കിയ ശേഷം റസൂൽ പൂക്കുട്ടി, സിബി മലയിൽ എന്നിവരോടാണ് തിരക്കഥയെ കുറിച്ച് സംസാരിച്ചത്. ചർച്ച ചെയ്യുകയും അവരുടെ മാർഗദർശനം ഒരുപാട് സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

ആംബ്രോസായി ഇന്ദ്രജിത്ത്

തിരക്കഥ പൂർത്തീകരിച്ച ശേഷം കഥാപാത്രങ്ങളായി ഇന്ദ്രജിത്തിനെയും മുരളി ഗോപിയെയുമാണ് കണ്ടത്. കഥ പറഞ്ഞപ്പോൾ തന്നെ അവർ സമ്മതിക്കുകയും ചെയ്തു. ചിത്രീകരണത്തിന് വേണ്ടിയുള്ള ഒരുക്കങ്ങൾ നീണ്ടുപോയപ്പോഴും അവർ രണ്ടു പേരും എനിക്കായും ഞാൻ അവർക്കായും കാത്തിരുന്നു. സിനിമ കഴിഞ്ഞപ്പോൾ ഈ കഥാപാത്രങ്ങളായി ഏറ്റവും മികച്ചത് ഇന്ദ്രജിത്തും മുരളിഗോപിയുമാണെന്ന് മനസിലായി. 

കഥാപാത്രങ്ങളല്ല, കഥാപാത്രങ്ങൾ പ്രതിനിധീകരിക്കുന്ന മനുഷ്യവസ്ഥകൾ ആണ് ഇവരിൽ നിന്ന് ആവശ്യം. ഇന്ദ്രജിത്തിന്‍റെ കഥാപാത്രത്തിന് ആദ്യമൊക്കെ ഡയലോഗ് വളരെ കുറവാണ്. റിയാക്ഷൻസ് ആണ് വേണ്ടത്. അത്ഭുതാവഹമായ രീതിയിലാണ് ഇന്ദ്രൻ അത് കൈകാര്യം ചെയ്തത്.

മോന്‍സിഞ്ഞോര്‍ മാങ്കുന്നത്ത് പൈലിയായി മുരളി ഗോപി

ഇന്ദ്രജിത്തിനെ പോലെ തന്നെയാണ് മുരളി ഗോപിയും. മുരളി ചെയുന്ന കഥാപാത്രത്തിനു മൂന്ന് കാലഘട്ടങ്ങളുണ്ട്. ചെറുപ്പകാലം, 65 വയസ്സ്, അതിനുശേഷമുള്ള വൃദ്ധമായ അവസ്‌ഥ. ആ മൂന്ന് ഘട്ടങ്ങളിലൂടെയുമുള്ള പരിണാമം വളരെ നന്നായി തന്നെ അദ്ദേഹം കൈകാര്യം ചെയ്തു. 


സാധാരണ അഭിനയമല്ല വേണ്ടിയിരുന്നത്. അത് തന്നെയാണ് മുരളി നൽകിയത്. അത്പോലെ രഞ്ജി പണിക്കർ ചെയ്ത ക്ലമന്‍റ് എന്ന കഥാപാത്രവും മികച്ചതായി എന്നാണ് എനിക്ക് തോന്നുന്നത്. എഴുത്തുകാരൻ അഭിനേതാവായി വരുമ്പോഴുണ്ടാകുന്ന ഗുണം അദ്ദേഹത്തിന്‍റെ കഥാപാത്രത്തിൽ കാണാം.  


നിർമാതാവായി ഷാജി കൈലാസ്

ഒരു തിരക്കഥ എഴുതുന്നതിനായി ഷാജി കൈലാസിന്‍റെ അടുത്ത് പോയിരുന്നു. എഴുത്തിനിടയിൽആ പ്രോജക്ട് നീണ്ടുപോയി. അതിനിടയിലുള്ള സൗഹൃദ സംഭാഷണത്തിനിടയിലാണ് താക്കോലിന്‍റെ കഥ അദ്ദേഹത്തോട് പറയുന്നത്. കഥ കേട്ട് അതിലുള്ള വിശ്വാസത്തിലാണ് അദ്ദേഹം സിനിമ നിർമിക്കാൻ തയാറായത്. 

ലിറ്റിൽ ആംബ്രോസ് എന്ന കഥാപാത്രമായി ഷാജി കൈലാസ്-ആനി ദമ്പതികളുടെ മകൻ റൂഷിൻ
 

സത്യത്തിൽ അവനെ കഥാപാത്രത്തിനായി ഞാനാണ് തിരഞ്ഞെടുക്കുന്നത്. അവൻ അഭിനയിക്കുമോ എന്ന കാര്യത്തിൽ അദ്ദേഹത്തിന് ആശങ്കയുണ്ടായിരുന്നു. എന്നാൽ എന്‍റെ മനസിൽ റൂഷിനെ തന്നെ അഭിനയിപ്പിക്കണമെന്നുണ്ടായിരുന്നു.

ഷാജി കൈലാസ് സിനിമ നിർമ്മിച്ചില്ലെങ്കിൽ കൂടി ഞാൻ റൂഷിനെ തന്നെയാണ് അഭിനയിപ്പിക്കാനിരുന്നത്. അവൻ ആ കഥാപാത്രം നന്നായി ഉൾക്കൊണ്ടു തന്നെ അഭിനയിച്ചു. അവന്‍റെ അഭിനയം കാണുമ്പോൾ ആനിയുടെ അഭിനയമൊക്കെ മനസിലേക്ക് വന്നു. 

താങ്കളെ കുറിച്ച്?

അധ്യാപകനായിരുന്നു. സിനിമയുമായി ബന്ധമുണ്ടായിരുന്നില്ല. ചെന്നൈയിൽ യൂണിവേഴ്സിറ്റിയിൽ അധ്യാപകനായിരുന്നു. പിന്നീട് കാലടി ശ്രീശങ്കരാചാര്യ യൂണിവേഴ്സിറ്റിയിലും പഠിപ്പിച്ചു. ശേഷം അമൃത ടിവിയിൽ പ്രോഗ്രാം തലവനായി. വഴിതെറ്റിയാണ് മീഡിയ രംഗത്ത് വന്നത്. ചെറുകഥ എഴുതുന്ന ശീലം ഉണ്ടായിരുന്നു. പാറപ്പുറത്ത് അരനാഴികനേരം എന്ന സീരിയൽ ചെയ്തപ്പോൾ എനിക്ക് സംസ്ഥാന അവാർഡ് ലഭിച്ചു. ശേഷം ശ്യാമപ്രസാദിനൊപ്പം ഇലക്ട്രക്കായി എഴുതി.


 

Loading...
COMMENTS