ഉണ്ട രാഷ്​ട്രീയമാണ്​, സൂപ്പർ ഹീറോയിസമല്ല -അഭിമുഖം ഖാലിദ്​ റഹ്​മാൻ

അനുചന്ദ്ര
13:09 PM
15/06/2019
khalid-rahman


മാവോയിസ്റ്റ് മേഖലയായ ബസ്തറിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കായി പോകുന്ന കേരള പൊലീസിലെ ഒരു സംഘത്തിന്റെ കഥ പറയുന്ന ചിത്രമാണ് ഉണ്ട. മമ്മുട്ടി നായകനായ ഈ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്ക് വെക്കുന്നു സംവിധായകൻ ഖാലിദ് റഹ്മാൻ.


1)ട്രോളുകൾക്ക് മറുപടിയുമായി ഉണ്ടയുടെ വിജയം. എന്ത് പറയുന്നു?

ഉത്തരം :സിനിമയുടെ ഫസ്റ്റ് അനൗൺസ്​മ​​െൻറിൽ തന്നെ ട്രോളുകൾക്ക് കാരണമായ ഒന്നായിരുന്നു ഈ സിനിമയുടെ പേര്.'ഉണ്ട' എന്നത്​ ട്രോൾ ചെയ്യാൻ പറ്റിയ ഒരു പേര് തന്നെ ആയിരുന്നിരിക്കാം. അത്​ കൊണ്ട്​ തന്നെയാകാം ട്രോൾ സംഭവിച്ചത്.എന്നാൽ ഇപ്പോ സിനിമ ഇറങ്ങിയ ശേഷം ട്രോളിങ് മെന്റാലിറ്റിയുമായി ആരെയും കാണുന്നില്ല എന്നത് ശ്രദ്ധിച്ചു.അത് വളരെ നല്ല തരത്തിലുള്ള ഒന്നായും,നല്ല ഒരു റെസ്പോണ്സ് ആയുമാണ് കാണുന്നത്.

2)പച്ചമനുഷ്യനായ സബ് ഇൻസ്‌പെക്ടർ മണികണ്നായി മമ്മുക്ക?

ഉത്തരം :ഉണ്ട യാതൊരു വിധത്തിലുമുള്ള ഒരു സൂപ്പർസ്റ്റാർ സിനിമയല്ല.ഒരു സൂപ്പർ ഹീറോയിസവും അല്ല നമ്മൾ ഇവിടെ പറയാനോ, കാണിക്കാനോ ശ്രമിച്ചിരിക്കുന്നതും. 2014ൽ  മനോരമയിൽ വന്ന ഒരു ന്യൂസ്പേപ്പർ വാർത്തയെ/യഥാർഥ സംഭവത്തെ അടിസ്ഥാനമാക്കി ചെയ്ത  പടമാണ് ഇത്. അന്ന് അത് വായിച്ചപ്പോൾ ഒരു ഇൻററസ്​റ്റിങ്​ ആയ പ്ലോട്ട് അതിൽ ഉണ്ടെന്ന് തോന്നി.അങ്ങനെ ആണ് അതിലേക്ക് ചിന്തിക്കുന്നത്.അതായത് ഇവിടെ ചിത്രം പറയുന്നത് 2014ൽ ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ബാധിതപ്രദേശമായ ബസ്റ്ററിലെ ആദിവാസിമേഖലയിൽ ഇലക്ഷൻ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഇടുക്കി കെ.എ.പി ബറ്റാലിയൻ ക്യാമ്പിലെ ഒരു സംഘം മലയാളി പോലീസുകാരുടെ ഭീതിയുടെയും ഇലക്ഷൻ നടത്തിപ്പിന്റെയും അതിജീവനത്തിന്റെയും ഒക്കെ കഥയാണ്. ഇതിൽ മമ്മൂക്ക ചെയുന്ന കഥാപാത്രം ആണ് മണികണ്ഠൻ. ഒമ്പതംഗങ്ങളുള്ള ഒരു ടീമിലെ  ലീഡർ എന്നു പറയാം.യാതൊരു വിധത്തിലുള്ള ഹീറോയിസവും ഇല്ലാത്ത ഒരു പച്ചയായ മനുഷ്യൻ മാത്രമാണ് ഇവിടെ മണികണ്ഠൻ.പിന്നെ സന്തോഷം എന്നു പറയുന്നത് ഒരു സൂപ്പർ സ്റ്റാർഡം ആറ്റിറ്റ്യുഡിൽ ഒന്നും മമ്മൂക്ക ഒരിക്കലും ഇതിനെ സമീപിച്ചിട്ടില്ല എന്നതാണ്. കഥ കേട്ട് നമ്മുടെ പ്ലാൻ ഇങ്ങനെയൊക്കെ ആണ്,കഥാപാത്രം ഇങ്ങനെ ഒക്കെയാണെന്ന് പറഞ്ഞപ്പോഴേ മമ്മൂക്ക ചെയ്യാം എന്ന് ഏറ്റു. അതിനപ്പുറത്തേക്ക് മറ്റു ഡിമാന്റുകൾ ഒന്നും ഉണ്ടായിട്ടില്ല അദ്ദേഹത്തിൽ നിന്നും.നല്ല സഹകരണം ആയിരുന്നു.

khalid-rahman-54

3)ആദ്യ സിനിമയായ അനുരാഗ കരിക്കിൻ വെള്ളത്തിന് ശേഷം 3 വർഷമെടുത്തല്ലോ അടുത്ത സിനിമയായ 'ഉണ്ട' ചെയ്യാൻ?

ഉത്തരം :ഈ ഒരു ഗ്യാപ്പ് അനിവാര്യമായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്.കാരണം നമ്മൾ എടുക്കുന്ന വിഷയം എന്നത് ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനപ്പെടുത്തി ഉള്ള ഒന്നാണ്.നമുക്ക് അറിയാത്ത പ്ലോട്ട്, അറിയാത്ത ഇടം, അറിയാത്ത ജീവിത സാഹചര്യങ്ങളിൽ ഉള്ള കഥാപാത്രങ്ങൾ തുടങ്ങി എല്ലാം നമുക്ക് അപരിചിതമാണ്. അപ്പോൾ പിന്നെ അത്തരത്തിൽ ഒരു പ്രമേയത്തിൻെറ ബാക്ക്ഗ്രൗണ്ട് ,കഥ തുടങ്ങി എല്ലാത്തിനെ പറ്റിയും തീർച്ചയായും ആദ്യം എനിക്ക് ഒരു ബോധ്യം വേണം.അതിന് വേണ്ടി,ആ ബോധ്യത്തിന് വേണ്ടി തയ്യാറെടുക്കാനായി മൊത്തത്തിൽ എടുത്ത ഒരു സമയമാണ് ഈ 3 വർഷം എന്നു പറയുന്ന കാലയളവ്

4)ബസ്തർ വനമേഖലയിലെ ഭീതിതമായ വന്യതകളെ പകർത്തിയ ആ ദിനങ്ങൾ?

ഉത്തരം : ആ സമയങ്ങളിൽ നമുക്കു ഒപ്പം ഉണ്ടായിരുന്ന എല്ലാവരും ഒരുപോലെ വർക്കിൽ സഹകരിക്കാൻ തയാറായി.പിന്നെ നമുക്ക് മുൻപേ തന്നെ ധാരണ ഉണ്ടായിരുന്നു നമ്മൾ  ഷൂട്ടിന്  പോകുന്ന   സ്ഥലത്തെ പറ്റി. കുറച്ചു ബുദ്ധിമുട്ട് ഉള്ള സ്ഥലമാണ് അതെന്ന് എല്ലാവർക്കും അറിയാമായിരുന്നു.എല്ലാവരും അതിനനുസരിച്ച് ജാഗ്രതയോടെ തന്നെയാണ് തയാറെടുപ്പുകൾ നടത്തിയതും, വർക്ക് ചെയ്തതും.പക്ഷെ എങ്കിൽ പോലും യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടുകൾ ഒന്നും ഷൂട്ട് സംബന്ധമായോ,അല്ലെങ്കിൽ ആരുടെ ഭാഗത്തു നിന്നോ ഉണ്ടായിട്ടില്ല. പിന്നെ ഒരിക്കലും തന്നെ നമുക്ക് ഇവിടെ കേരളത്തിൽ ഇരുന്നു സങ്കല്പിക്കാനോ ചിന്തിക്കാനോ പറ്റുന്ന തരത്തിലുള്ള ഒരു ജീവിതരീതിയോ അല്ലെങ്കിൽ അങ്ങനെ ഉള്ള ഒരു ആമ്പിയൻസോ അല്ല അവിടെ ഉള്ളത് .അവർ വേറൊരു കൾച്ചറിൽ ജീവിക്കുന്ന ആളുകളാണ്. ആ ഒരു വ്യത്യാസം,പിന്നെ കേരളത്തിൽ നിന്നും തികച്ചും വിഭിന്നമായ ഭൂപ്രകൃതി,പൊളിറ്റിക്കൽ ഇഷ്യൂസ് തുടങ്ങി പലതരത്തിലുള്ള അനുഭവങ്ങൾ ഉള്ള സ്ഥലമാണ് അവിടെ.എല്ലാത്തിലും ഉപരി ഛത്തീസ്ഗഡിലെ ആളുകൾ വളരെ സ്‌നേഹമുള്ള മനുഷ്യരാണ്.അവർ നന്നായി സഹകരിച്ചു.

unda-23

5)ഛത്തീസ്ഗഡിൽ നിന്നുള്ള ഓംകാർ ദാസ് മണിക്പുരിയുടെ ഉഗ്രൻ  പ്രകടനത്തെ കുറിച്ച്​?

ഉത്തരം :peepli live എന്ന സിനിമയിൽ ആണ് ഞാൻ അദ്ദേഹത്തെ ആദ്യമായി കാണുന്നത്.അതിനുശേഷം ഒരുപാട് കഴിഞ്ഞാണ് ഈ സിനിമയിൽ അദ്ദേഹത്തെ ഈ കഥാപാത്രം ചെയ്യിക്കാം എന്നു തീരുമാനിക്കുന്നത്. വളരെ അധികം എക്സ്‌പീരിയൻസ് ഉള്ള ഒരു തീയേറ്റർ ആർട്ടിസ്റ്റ് ആണ് അദ്ദേഹം. വളരെ സഹകരണം ഉള്ള  പ്രൊഫഷണൽ ആയ ഒരു നടൻ അതാണ്​ ഓംകാർ ദാസ്​ മണിക്​പൂരി.

6)സഹപ്രവർത്തകർക്ക് ഇടയിലുള്ള വർണവിവേചനനം,മാവോയിസ്റ്റുകൾ സൃഷ്ടിക്കപ്പെടുന്ന സാമൂഹികസാഹചര്യങ്ങൾ തുടങ്ങി കൃത്യമായ പൊളിറ്റിക്സ് പറയാനുണ്ട് 'ഉണ്ട'ക്ക്?

ഉത്തരം :രാഷ്ട്രീയം/പൊളിറ്റിക്സ് പറയുന്ന സിനിമ എന്നു പറയുമ്പോൾ ഈ സിനിമ നടക്കുന്നത് തന്നെ വളരെ രാഷ്ട്രീയ പശ്ചാത്തലത്തിൽ ആണ്.ഛത്തീസ്ഗഡിലെ ഇലക്ഷൻ എന്നു പറയുന്ന ഒരു രാഷ്ട്രീയ പശ്ചാത്തലത്തിൽ. ഇലക്ഷൻ നടത്തില്ല എന്നു പറയുന്ന ആളുകൾ ഉള്ള ഒരു സ്ഥലം എന്നോക്കെ പറഞ്ഞാൽ ഒരു പൊളിറ്റിക്കൽ ബാക്ക്ഗ്രൗണ്ട് ആണ് അത് .ഉറപ്പായിട്ടും അത്കൊണ്ട് തന്നെ ഈ സിനിമയില് പൊളിറ്റിക്കൽ കണ്ടന്റുകൾ ടച്ച് ചെയ്തു പോയില്ലെങ്കിൽ കൃത്യമായ നീതി പുലർത്താത്ത ഒന്നായി പോകും ഈ സിനിമ.അത്കൊണ്ട് തന്നെ സിനിമയിൽ അനിവാര്യമെന്ന് തോന്നുന്ന,വന്നു പോയ പൊളിറ്റിക്കൽ കണ്ടന്റുകളെ ഒന്നും നമ്മൾ തടഞ്ഞിട്ടില്ല.

Loading...
COMMENTS