ഉണ്ണിയെ പെൺവേഷത്തിൽ കണ്ടപ്പോൾ അമ്മയുടെ കണ്ണു നിറഞ്ഞു -കണ്ണൻ താമരക്കുളം 

അനു ചന്ദ്ര
19:34 PM
22/05/2018
Kannan Thamarakkulam

ആട് പുലിയാട്ടം, അച്ചായൻസ് എന്നീ വിജയ ചിത്രങ്ങൾക്ക് ശേഷം  മിറക്കിൾ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ മുഹമ്മദ് ഫൈസൽ നിർമ്മിച്ച് കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത ഉണ്ണി മുകുന്ദൻ നായകനാകുന്ന ചിത്രമാണ് ചാണക്യ തന്ത്രം. ക്രൈം ത്രില്ലർ ചിത്രമായ ചാണക്യതന്ത്രത്തെ കുറിച്ച് സംവിധായകൻ കണ്ണൻ താമരക്കുളം സംസാരിക്കുന്നു.

ചാണക്യതന്ത്രം സിനിമ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. പ്രേക്ഷക പ്രതികരണത്തെ കുറിച്ച് എന്ത് പറയുന്നു?

വളരെ നല്ല പ്രതികരമാണ് ലഭിക്കുന്നത്. ഒരു കോമേഴ്‌സ്യൽ സിനിമ ആണെങ്കിലും അതിലൂടെ നല്ല  സന്ദേശം നൽകാനായി എന്നതിൽ  സന്തോഷമുണ്ട്. സാമൂഹിക പ്രസക്തമായ ഒരു വിഷയമാണ് സിനിമയിൽ ചർച്ച ചെയ്തത്.  ഉണ്ണി മുകുന്ദന്‍റെ സ്ത്രീ വേഷം തീയേറ്ററിൽ പൊട്ടിച്ചിരി ഉണ്ടാക്കുന്നുണ്ട്. ചിത്രം കണ്ട നിരവധി പേർ വിളിക്കുന്നുണ്ട്. കൂടുതലായും സ്ത്രീ പ്രേക്ഷകരാണ് വിളിക്കുന്നത്.  

പതിവിനു വിപരീതമായി താങ്കളുടെ സ്ഥിരം/ഭാഗ്യ നായകനായ ജയറാമിനെ ഈ സിനിമയിൽ കാണുന്നില്ല?

കഥ ആവശ്യപ്പെടുന്ന തരത്തിലുള്ള നായകനെയാണ് സിനിമക്ക് വേണ്ടത്. ചാണക്യതന്ത്രം എന്ന സിനിമക്ക് യുവ നായകനെയാണ് വേണ്ടത്. അതിനാൽ ഉണ്ണിയെ തെരഞ്ഞെടുക്കുകയായിരുന്നു. 

kannnnnnnnnnna

ഒരു സ്ത്രീവേഷത്തിലേക്ക് മാറാൻ ഉണ്ണിക്കാവുമെന്ന് കരുതിയിരുന്നോ?

വേഷത്തെ കുറിച്ച് ഉണ്ണിയോട് പറഞ്ഞപ്പോൾ തന്നെ അദ്ദേഹം ചെയ്യാമെന്ന് ഏറ്റു. അതിനു വേണ്ടി കഷ്ടപെടാൻ അദ്ദേഹം തയാറുമായിരുന്നു. ഉണ്ണിയെ വളരെ സുന്ദരിയായ പെണ്ണാക്കി മാറ്റാനാവുമെന്ന മേക്കപ്പ് ആർടിസ്റ്റിന്‍റെ ഉറപ്പ് ലഭിച്ചപ്പോഴാണ് ആ രംഗം സിനിമയിൽ ഉറപ്പിച്ചത്. ശരിയായില്ലെങ്കിൽ ആ രംഗം മാറ്റി എഴുതാൻ വരെ തീരുമാനിച്ചിരുന്നു. സിനിമയുടെ തിയേറ്റർ പ്രതികരണത്തിൽ നിന്നും ആ രംഗം മികച്ചതായി എന്നാണ് മനസിലാകുന്നത്. 

താങ്കളുടെ സിനിമയിൽ ആദ്യമായാണ് സാമൂഹിക പ്രസക്തിയുള്ള വിഷയം കൈകാര്യം ചെയുന്നത് ?

എന്‍റെ ചിത്രങ്ങൾ ഒാരോന്നും ഓരോ തരത്തിൽ പെട്ടതാണ്. ഹൊറർ, ഹ്യൂമർ, ഫാമിലി എന്‍റർടെയ്നർ എന്നിവയായിരുന്നു അവ. 
ഓരോ ദിവസവും പത്രത്തിൽ കാണുന്ന വാർത്തകളാണ് ഈ വിഷയം കൈകാര്യം ചെയ്യാൻ പ്രേരിപ്പിച്ചത്. ഭൂരിപക്ഷം വരുന്ന മനുഷ്യരുടെ വികാരമാണ് ഈ സിനിമയിലൂടെ തുറന്നുകാണിക്കുന്നത്. അതുകൊണ്ടുതന്നെയാണ് പ്രേക്ഷകർ ചിത്രം ഏറ്റെടുത്തത്.

ഉണ്ണിമുകുന്ദൻ കൈകാര്യം ചെയ്ത പെൺവേഷം ലൊക്കേഷനിൽ ചിരിയുണർത്തിയോ?

ലൊക്കേഷനിലുള്ള പലർക്കും പെട്ടെന്ന് ഉണ്ണിയാണ് അതെന്ന് മനസിലാക്കാനായില്ല.ബോളിവുഡിൽ നിന്നും കൊണ്ടുവന്ന് ഐറ്റം ഡാൻസറാണ് എന്നാണ് ഉണ്ണിയെ പറ്റി  അവരോട് പറഞ്ഞത്. അവരത് അപ്പാടെ വിശ്വസിച്ചു. ഫ്ലാറ്റിനു മുകളിൽ നിന്നും പലരും കണ്ടിട്ട് ഏതാണ് ആ സ്ത്രീ എന്ന് ചോദിച്ച് പലരും താഴേക്കു വന്നിട്ടുണ്ട്. പെൺവേഷത്തിൽ കണ്ടപ്പോൾ  ഉണ്ണിയുടെ അമ്മയുടെ കണ്ണു നിറഞ്ഞു. 

പുതിയ പ്രോജക്ടുകൾ?

അക്കാര്യത്തിൽ തീരുമാനമായിട്ടില്ല.


 

Loading...
COMMENTS