ഇഷ്ക് പ്രണയകഥ മാത്രമല്ല -അനുരാജ് മനോഹർ

അനു ചന്ദ്ര
15:07 PM
17/05/2019

ഇ ഫോർ എന്‍റർടെയിൻമെന്‍റും എ.വി.എ പ്രൊഡക്ഷൻസും ചേർന്ന് നിർമ്മിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഇഷ്ക്ക്. നവാഗതനായ അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഷെയ്ൻ നിഗം, ആൻ ശീതൾ, ഷൈൻ ടോം ചാക്കോ, ലിയോണ ലിഷോയ് തുടങ്ങിയവരാണ് അഭിനയിക്കുന്നത്. ചിത്രത്തിന്‍റെ വിശേഷങ്ങൾ സംവിധായകൻ അനുരാജ് മനോഹർ മാധ്യമം ഒാൺലൈനുമായി പങ്ക് വെക്കുന്നു.

ഇഷ്‌ക് എന്ന പേരിൽ തന്നെ പ്രണയം ഉണ്ടല്ലോ?

ഒരു പ്രണയത്തിന്റെ പശ്ചാത്തലത്തിൽ ആണ് സിനിമ ചർച്ച ചെയ്യുന്നത്. അത് കൊണ്ടാണ് ആ പേര് നൽകിയത്. പ്രണയം മാത്രമല്ല, അതിനോടൊപ്പം പറയാൻ മടിക്കുന്ന മറ്റു ചില വിഷയങ്ങൾ കൂടി ചർച്ച ചെയ്യുന്നുണ്ട്. ജീവിതത്തിൽ നമുക്ക് ഈഗോ വരാറുണ്ട്, ദേഷ്യം വരാറുണ്ട്. പ്രണയതോടൊപ്പം ഒരു വശത്ത്കൂടെ കടന്നു പോകുന്ന ഡെപ്തുള്ള ചില വിഷയങ്ങൾ ഉണ്ട്. അത്തരം ചില വിഷയങ്ങൾ കൂടിയാണ് ഈ സിനിമയിലൂടെ പറയുന്നത്. ഒരു മരംചുറ്റി പ്രേമം പറയുന്ന സിനിമ മാത്രമല്ല ഇഷ്‌ക്ക്.

പ്രണയം പറയുമ്പോഴും 'നോട്ട് ഏ ലവ് സ്റ്റോറി' എന്നാണല്ലോ ടാഗ്‌ലൈൻ?

കഥയുടെ പശ്ചാത്തലത്തിൽ മാത്രമാണ് പ്രേമമുള്ളത്. എന്നാൽ പ്രണയം മൂലം ഉണ്ടാകുന്ന കോൺഫ്ലിക്റ്റുകളെ കുറിച്ച് ആണ് ചർച്ച ചെയുന്നത്. അതുകൊണ്ടാണ് 'നോട്ട് എ ലൗ സ്റ്റോറി' എന്ന ടാഗ് ലൈൻ വെച്ചത്. പ്രണയം മൂലമുള്ള സങ്കീർണതകളാണ് പ്രധാന വിഷയം.

സച്ചിയെന്ന നായകനായി ഷെയ്ൻ?

വളരെ സങ്കീർണ്ണമായ കഥാപാത്രമാണ് ഷെയ്നിന്‍റെ സച്ചി എന്ന കഥാപാത്രം. ഷെയ്നിന്‍റെ പ്രായത്തിൽ ഉള്ള ചെറുപ്പക്കാരുടെ കഥയാണ് സിനിമയിൽ പറയുന്നത്. സിനിമയെ കുറിച്ച് ചിന്തിച്ച സമയത് ഫസ്റ്റ് ഓപ്‌ഷനായി വന്നതും ഷെയ്നാണ്. കൊച്ചിയിലെ ഐ.ടി കമ്പനിയിൽ വർക്ക് ചെയ്യുന്ന സച്ചിദാനന്ദൻ എന്ന സച്ചിയായാണ് ഷൈൻ എത്തുന്നത്. കോട്ടയം സി.എം.എസ് കോളേജിൽ ഫസ്റ്റ് ഇയർ ഡിഗ്രി പഠിക്കുന്ന വസുദ എന്ന പെൺകുട്ടിയുടെ കഥാപാത്രമാണ് നായിക ആൻ ശീതൾ വരുന്നത്. ഇവർ തമ്മിൽ സോഷ്യൽ മീഡിയയിൽ ഉണ്ടാകുന്ന ഒരു ബന്ധം വളരെ ആഴത്തിൽ ഉള്ള സ്നേഹബന്ധത്തിലേക്ക് മാറുന്നതാണ് സിനിമയുടെ ഇതിവൃത്തം.

ആൻ ശീതളിനെ പോലൊരു പുതുമുഖ നായികയിലേക്ക് വരാൻ കാരണം?

ആൻ ശീതൾ ഒരു പുതുമുഖ നായിക അല്ല. മുൻപ് ഒരു സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. പക്ഷേ നമുക്ക് വേണ്ടിയിരുന്നത്‌ അടുത്ത സെക്കന്റിൽ എന്ത് സംഭവിക്കുമെന്ന് ജഡ്ജ്മെന്റ് നടത്താൻ പറ്റാത്ത ഒരു മുഖമാണ്. എന്നാൽ സാധാരണ കണ്ടുവരുന്നത് പോലെയുള്ള മുഖവുമാകണം. 
അങ്ങനെയാണ് നമ്മൾ ആനിലെത്തുന്നത്.

നിർത്താതെ രാത്രി ഷൂട്ട് ചെയ്ത ആ 29 ദിവസങ്ങൾ?

സിനിമയിലെ കഥപറച്ചിലിന് രാത്രികൾ വളരേ പ്രാധാന്യമുണ്ടായിരുന്നു. അത്കൊണ്ട് തന്നെ 29 ദിവസം നിർത്താതെ രാത്രികളിൽ ഷൂട്ട് ചെയ്തു. അതിൽ തന്നെ ആദ്യത്തെ 4 ദിവസം മാത്രമേ ഒരു ബുദ്ധിമുട്ടുണ്ടായിരുന്നോള്ളൂ. ഇത് ഒരു ടീം വർക്ക് ആയത് കൊണ്ടും നമ്മൾ എല്ലാം വളരെ നല്ല സൗഹൃദത്തിൽ മുൻപോട്ട് പോകുന്നത് കൊണ്ടും പിന്നീട് കുറച്ച് കൂടി എളുപ്പമായി. 

ഷെയിനിന്‍റെ സഹകരണം?

ഒരു അഭിനേതാവ് എന്ന നിലയിലാണ് ഷെയ്ൻ ആദ്യം നമ്മളിലേക്ക്/നമ്മുടെ സിനിമയിലേക്ക് ഒന്നര വർഷം മുൻപ് വരുന്നത്. പക്ഷേ സിനിമ കഴിഞ്ഞു തിരിച്ചു പോകുന്നത് നല്ല ഒരു സഹോദരൻ ആയാണ്. കുമ്പളങ്ങി ചെയ്യുന്ന സമയത്തെല്ലാം കഥാ ചർച്ചകളിൽ ഷൈനും പങ്കെടുത്തിരുന്നു. അത്ര കംഫർട്ടാണ് ഷെയ്ൻ.

നിഷ്കളങ്കത/ശോകാവസ്ഥയുമില്ലാത്ത സച്ചി എന്ന ഷെയിനിന്‍റെ കഥാപാത്രം?

നമ്മുടെ ജീവിതത്തിൽ എല്ലാ സമയത്തും നമ്മൾ പാവമല്ല. അങ്ങനെ ആവാൻ നമുക്ക് കഴിയില്ല. ജീവിതവും ആയി ബന്ധപ്പെട്ടു നിൽക്കുന്ന കഥയാണ് ഇഷ്‌ക്ക്. വളരെ സങ്കീർണമായ അവസ്ഥകളിലൂടെ ഓരോ മനുഷ്യരും കടന്നു പോകാറുണ്ട്. ആ സമയങ്ങളിൽ ആണുങ്ങൾ/പെണ്ണുങ്ങൾ സിഗരറ്റ് വലിക്കാറുണ്ട്. അത്തരത്തിൽ സച്ചി എന്ന കഥാപാത്രത്തിന്‍റെ വളരെ ഇമോഷണൽ ലുക്കാണ് പോസ്റ്ററിൽ ഉപയോഗിച്ചിരിക്കുന്നത്. 

നവാഗത സംവിധായകൻ ?

എട്ട് വർഷത്തോളം അസിസ്റ്റന്റ് ആയി വർക്ക് ചെയ്തിട്ടുണ്ട്. ബി ഉണ്ണിക്കൃഷ്ണൻ സാറിനൊപ്പമാണ് അസിസ്റ്റന്റ് ആയി തുടങ്ങിയത്.പിന്നീട് ലിജോ ജോസ് പല്ലിശേരി, തുടങ്ങി കുറച്ചു പേർക്കൊപ്പം ഒക്കെ വർക്ക് ചെയ്തു. ആ എക്സ്‌പീരിയൻസിൽ നിന്നാണ് ആദ്യത്തെ സിനിമ തുടങ്ങുന്നത്.

മകൻ സംവിധാനം ചെയ്യുന്ന സിനിമക്ക് ഒരച്ചന്‍റെ ഹൃദയം തൊടുന്ന അഭിനന്ദന കുറിപ്പ് കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ വൈറൽ ആയല്ലോ?

അച്ഛൻ 32 വർഷമായി മധ്യമപ്രവർത്തന രംഗത്തുണ്ട്. അച്ഛൻ വാങ്ങിച്ചു വീട്ടിലെ ഷെൽഫിൽ വെച്ച പുസ്തകങ്ങൾ വായിച്ചാണ് വയനയിലേക്ക് വരുന്നത്. മകൻ സിനിമ ചെയുമ്പോൾ എല്ലാ അച്ഛനമ്മമാർക്കും ഉണ്ടാകുന്ന സന്തോഷം പോലെ തന്നെയേ പുള്ളിയും ഇതിൽ എഴുതിയിട്ടൊള്ളു. സിനിമ യാത്രയിൽ ഒരു ഘട്ടത്തിൽ പോലും തടസ്സമായി അച്ഛൻ വന്നിട്ടില്ല. ഭാര്യ ശ്യാമിലി മാധ്യമപ്രവർത്തക ആണ്. ഏതാണ്ട് 5 വർഷത്തെ പ്രണയത്തിന് ശേഷമാണ് ഞങ്ങൾ വിവാഹം കഴിക്കുന്നത്. ചിത്രത്തിലെ കഥാപാത്രം അനുഭവിക്കുന്ന വിധത്തിൽ ഉള്ള ഇമോഷണൽ ട്രാവൽ ഉണ്ടായിട്ടുണ്ട്. ആ സമയത്തൊക്കെ എനിക്ക് ഒപ്പം വളരെ സപ്പോർട്ടീവ് ആയി നിന്ന ആളാണ് ശ്യാമിലി.
 

Loading...
COMMENTS