പ്രണയവും തമാശയുമൊക്കെയാണ്​ തണ്ണീർമത്തനിലെ മധുരം

  • തണ്ണീർമത്തൻ ദിനങ്ങളുടെ സംവിധായകൻ ഗിരീഷ്​ എ.ഡി സംസാരിക്കുന്നു

അനുചന്ദ്ര
15:10 PM
24/07/2019

വിനീത് ശ്രീനിവാസൻ, മാത്യു തോമസ്, അനശ്വര എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ഗിരീഷ്‌ എ.ഡി സംവിധാനം ചെയ്ത ചിത്രമാണ് ‘തണ്ണീർമത്തൻ ദിനങ്ങൾ’ റിലീസിന് തയാറെടുക്കുന്ന ചിത്രത്തിൻെറ വിശേഷങ്ങൾ ‘മാധ്യമം.കോമുമായി പങ്കുവെക്കുകയാണ്​ സംവിധായകൻ.

 

? കൗതുകമുണർത്തുന്നതാണ്​ ‘തണ്ണീർമത്തൻ ദിനങ്ങൾ’ എന്ന പേര്​?

= ‘തണ്ണീർമത്തൻ ദിനങ്ങൾ’ എന്ന പേരിൽ തന്നെ കൗതുകം ഒളിപ്പിക്കുന്നതായി തോന്നാം. എന്നാൽ, അത്ര വലിയ കാരണങ്ങൾ ഒന്നും ആ പേരിന് പിന്നിലില്ല എന്നതാണ് സത്യം. സ്‌കൂൾ വിദ്യാർഥികളുടെ കഥ പറയുന്ന ചിത്രമാണിത്​. പ്രധാന കഥാപാത്രങ്ങളായി വരുന്ന കുട്ടികൾ പതിവായി ഒത്തുകൂടുന്ന ഒരു കടയുണ്ട് സ്‌കൂളിന് പുറത്ത്. അവിടെ അവർ കൂടിച്ചേരുന്ന വേളയിലെല്ലാം പതിവായി കുടിക്കുന്നത്​ തണ്ണീർമത്തൻ ജ്യൂസാണ്​. അതുമായി ബന്ധപ്പെട്ട് ആ കാലഘട്ടത്തെ പ്രതിനിധീകരിക്കാനായി നൽകിയ പേരാണ് ‘തണ്ണീർ മത്തൻ ദിനങ്ങൾ’. ഹസ്യത്തിനും പ്രണയത്തിനും പ്രാധാന്യമുള്ള സിനിമയാണിത്​.

 
 

ടീനേജ് പ്രായത്തിൽ നിൽക്കുന്ന കുട്ടി എന്ത് ചിന്തിക്കുന്നു, എന്ത് പ്രവർത്തിക്കുന്നു എന്നൊക്കെ തന്നെയാണ് നമ്മൾ പറയാൻ ശ്രമിക്കുന്നതും. അതിനപ്പുറം വലിയ സംഭവവികാസങ്ങൾ ഒന്നും പറയുന്നില്ല. അവൻെറ ജീവിതത്തിൽ ഉണ്ടാകുന്ന കൊച്ചു കൊച്ചു പ്രശ്ങ്ങൾ, അവൻ അതിനെ നേരിടുന്ന രീതി ഒക്കെ തമാശ ചേർത്ത് അവതരിപ്പിക്കുന്ന, മ്യൂസിക്കൽ ആയി മുന്നോട്ട്​ പോകുന്ന സിനിമയാണ് ഇത്.

? മലയാളിയുടെ  സ്കൂൾ കാല ഓർമകളിലേക്ക്​ ആനയിക്കുന്നതാണ്​ ചിത്രത്തിൻെറ ട്രെയിലർ...

= ഞാനും തിരക്കഥ എഴുതിയ ഡിനോയ്‌യുമൊക്കെ പഠിച്ചത് ഈ കാണുന്ന പോലെ സർക്കാർ സ്‌കൂളുകളിൽ തന്നെയാണ്. കൂടുതൽ മലയാളികളും അത്തരം സ്‌കൂളുകളിലായിരിക്കണം പഠിച്ചിരിക്കുക. അങ്ങനെ പഠിച്ച പലരിലും ഉണ്ടായ അനുഭവങ്ങൾ അല്ലെങ്കിൽ അതിന്റെ ചെറിയ ചില സാധ്യതകൾ ഒക്കെയാണ് നമ്മൾ സിനിമയിലെ കഥാപാത്രങ്ങൾക്ക് കൊടുത്തിരിക്കുന്നത്. അത് എത്രമാത്രം വിജയിച്ചു എന്ന് ഇനി സിനിമ കണ്ട്​ പ്രേക്ഷകർ തന്നെ വിലയിരുത​ട്ടെ.

?  ‘അള്ള് രാമേന്ദ്രന്‍’ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ താങ്കളുടെ ആദ്യ സംവിധാനസംരംഭമാണ്​ ഈ തണ്ണീർമത്തൻ ദിനങ്ങൾ

= ‘അള്ള്​ രാമേന്ദ്രൻ’ എന്ന സിനിമയുടെ തിരക്കഥ എഴുതി എന്നത് വളരെ യാദൃച്ഛികമായി സംഭവിച്ചു പോയ ഒന്നാണ്. ഞാൻ ഷോർട്​ ഫിലിം ഒക്കെ സംവിധാനം ചെയ്ത് ഈ രംഗത്തേക്ക് വന്ന ആളാണ്. ‘അള്ള്​ രാമേന്ദ്ര’നു മുമ്പേ തന്നെ തണ്ണീർമത്തൻ ദിനങ്ങളുടെ സ്‌ക്രിപ്റ്റ് ഞങ്ങൾ പൂർത്തിയാക്കിയിരുന്നു. അത് കഴിഞ്ഞ സമയത്താണ് ‘അള്ള്​ രമേന്ദ്രനി’ൽ തിരക്കഥ എഴുതാനായി ഞാൻ ജോയിൻ ചെയുന്നത്. അതിന്റെ സംവിധായകൻ ബിലാഹരി എന്റെ പഴയ സുഹൃത്താണ്​. അവൻ പറഞ്ഞിട്ടാണ് എഴുത്തുകാരിൽ ഒരാളായി ഞാൻ എത്തുന്നത് അതിൽ. അല്ലാതെ മറ്റൊരാർക്കുവേണ്ടി സ്‌ക്രിപ്റ്റ് ചെയ്യാൻ പ്ലാനോ അതിനുള്ള തികഞ്ഞ താൽപ്പര്യമോ ആത്മവിശ്വാസമോ ഉള്ള ആളല്ല ഞാൻ. എന്നിട്ടും അത് അങ്ങനെ അങ്ങ്​ സംഭവിച്ചു പോയതാണ്. പിന്നെ സാഹചര്യങ്ങൾ കൊണ്ട് ആദ്യം തിരക്കഥ എഴുതിയ തണ്ണീർമത്തൻ ദിനങ്ങൾ സഭവിക്കുന്നത് രണ്ടാമതായി എന്നു മാത്രം.

? ജോമോൻ ടി ജോൺ, ഷെബിൻ ബെക്കർ, ഷമീർ മുഹമ്മദ്..  മൂന്നുപേരാണല്ലേ ഈ ചിത്രത്തിൻെറ നിർമാതാക്കൾ...?

=   ‘മൂക്കുത്തി’ എന്ന ഷോർട്​ ഫിലിം റിലീസായ ശേഷമാണ് എന്റെ സുഹൃത്ത് വഴി ഞാൻ ഇവരിൽ എത്തുന്നത്. അവന് ഷെമീർ മുഹമ്മദിനെ അറിയാമായിരുന്നു. അവനാണ് വിളിച്ചു പറയുന്നത് ഷെമീർ മുഹമ്മദ് എല്ലാം ചേർന്ന് ഒരു പ്രൊഡക്ഷൻ കമ്പനി തുടങ്ങി, നിന്റെ കൈയിൽ നല്ല സ്‌ക്രിപ്റ്റ് ഉണ്ടെങ്കിൽ അവർ കേൾക്കാൻ തയ്യാറാകും എന്ന്. ഞാൻ ഷെമീർ മുഹമ്മദിനോട്​ ആദ്യം പോയി സംസാരിച്ചു. ഷെമീർ മുഹമ്മദും, ജോമോനും ചേർന്നു നിർമിക്കും എന്ന് അവർ പറഞ്ഞു. പിന്നീട് ഷെബിൻ ചേട്ടനും ഇതിൽ ചേർന്നു. പ്രൊഡ്യൂസർ ആയ ജോമോൻ ടി ജോൺ ആണ് ഛായാഗ്രഹകരിൽ ഒരാൾ. കഥ പറഞ്ഞ ശേഷം അദ്ദേഹം ഇങ്ങോട്ട് വിളിച്ചു പറയുകയായിരുന്നു ക്യാമറ അദ്ദേഹം തന്നെ ചെയ്യാമെന്ന്. അത് വളരെ നല്ല അനുഭവമായിരുന്നു. അത്രയും അടിപൊളിയായി അദ്ദേഹം വർക്ക്‌ ചെയ്തു. മറ്റൊരു ക്യാമറമാൻ വിനോദ്‌ ഇല്ലംപിള്ളിയാണ്​. 11 ദിവസം ക്യാമറ വർക്ക് ചെയ്തു.  അതും നല്ല അനുഭവമായിരുന്നു.

? വിനീത്​ ശ്രീനിവാസൻെറ കഥാപാത്ര​ത്തെപ്പറ്റി പറയാമോ...?

= രവി പത്​മനാഭൻ എന്ന അധ്യാപകനായാണ്​ വിനീത ശ്രീനിവാസൻ അഭിനയിക്കുന്നത്​. പലർക്കും സ്‌കൂൾ ജീവിതത്തിൽ രവി പത്മനാഭനെ പോലുള്ള ഒരു അധ്യാപകനെ  നേരിടേണ്ടി വന്നിട്ടുണ്ടാകും. അൽപം ഓവർ ആക്റ്റീവായ ഒരാളാണ്​ രവി പത്മനാഭൻ.

വിനീത്‌ വളരെ പ്രൊഫഷണൽ ആണ്. ‘മനോഹരം’ എന്ന സിനിമയുടെ സെറ്റിൽ നിന്നാണ് വിനീത്​ ഈ ചിത്രത്തിൻെറ ലൊക്കേഷനിലേക്ക് വരുന്നത്. മനോഹരത്തിലെ കഥാപാ​ത്രത്തി​ൻെറ നേർവിപരീതമായ കഥാപാത്രമാണ്​ തണ്ണീർമത്തനിൽ. അതുകൊണ്ട്​ തന്നെ ആ കഥാപാത്രത്തിൻറെ ഹാങ് ഓവർ ഒക്കെ വിട്ടു മാറാൻ അല്പം സമയം എടുത്തു.

? കുമ്പളങ്ങി ഫെയിം മാത്യു തോമസ്, ഉദാഹരണം സുജാത ഫെയിം അനശ്വര എന്നിവരുടെ കഥാപാത്രങ്ങൾ എങ്ങനെയാണ്​..?

= അവർ രണ്ടുപേരുമാണ്​ ഇതിലെ പ്രധാന കഥാപാത്രങ്ങൾ. ഇതിനോടകം തന്നെ അവർ അഭിനയിച്ച ഈ സിനിമയിലെ പാട്ട്​ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. അവർ അവരുടെ മാക്സിമം നന്നായി ചെയ്തു. വിനീതിൻെറ കാര്യം പറഞ്ഞ പോലെ കുമ്പളങ്ങിയിലെ ഫ്രാങ്കി വളരെ പക്വതയുള്ള ആളാണെങ്കിൽ അതിൻെറ നേർവിപരീതമാ്​ ഇതിലെ മാത്യുവിന്റെ കഥാപാത്രം. അവൻ ആദ്യം വന്ന സമയത്ത്​ എനിക്ക് ചെറിയ സംശയമുണ്ടായിരുന്നു, ഇവനിതെങ്ങനെ ചെയ്യുമെന്ന്​. പക്ഷേ, രണ്ട് ദിവസം കഴിഞ്ഞപ്പോഴേക്കും അവൻ ഗംഭീരമായി ചെയ്​തു.

ഷൂട്ടിങ്ങിനിടയിൽ വിനീത്​ ശ്രീനിവാസന്​ നിർദേശം നൽകുന്ന സംവിധായകൻ ഗിരീഷ്​
 


താങ്കളെ കുറിച്ച്?

ഷോർട്​ ഫിലിം സംവിധാനം ചെയ്തു വന്ന ആളാണ് ഞാൻ. ആരെയും അസിസ്റ്റ് ചെയ്ത അനുഭവപരിചയം ഒന്നുമില്ല. സംവിധാനം ചെയ്യുന്ന ആദ്യ സിനിമയാണ് ഇത്. ബാക്കി എല്ലാം വരും ദിവസങ്ങളിൽ അറിയാം.

സംവിധായകൻ ഗിരീഷ്​ എം.ഡി
 

 

Loading...
COMMENTS